ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി ചരിത്ര സ്വർണം നേടിയെടുത്ത് പോഡിയത്തിൽ മെഡൽ നേടി സുവർണശോഭയിൽ നിന്ന നീരജ് ചോപ്ര സ്മരിച്ചത് അടുത്തിടെ കോവിഡ് ബാധിച്ച് ലോകത്തോട് വിട പറഞ്ഞ സ്പ്രിന്റ് ഇതിഹാസമായ മിൽഖാ സിങ്ങിനെ. ജാവലിൻ ത്രോയിൽ സ്വർണം നേടി അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര തന്റെ മെഡൽ നേട്ടം സമർപ്പച്ചത് ഇന്ത്യയുടെ ഈ സ്പ്രിന്റ് ഇതിഹാസത്തിന് മുന്നിലാണ്.
ജാവലിനിൽ ഫൈനലിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്. ഈ ഇനത്തിൽ സ്വർണം നേടിയതോടെ വ്യക്തിഗത ഇനത്തിൽ അഭിനവ് ബിന്ദ്രക്ക് ശേഷം സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടം കൂടി സ്വന്തമാക്കി. നേരത്തെ മില്‍ഖാ സിങ്, പിടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവരുടെ കയ്യിൽ നിന്നും ചെറിയ വ്യത്യാസത്തിന് ഒളിമ്പിക് മെഡലുകൾ നഷ്ടമായ കഥയാണ് ഇന്ത്യക്ക് പറയാനുണ്ടായിരുന്നത്. അത്ലറ്റിക്സിൽ ഒരു മെഡൽ നേടുന്നതിനായുള്ള ഇന്ത്യയുടെ ഒരുപാട് നാളത്തെ കാത്തിരിപ്പാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടത്തിലൂടെ പൂർത്തീകരിക്കാൻ കഴിഞ്ഞത്.
"എന്റെ ഈ മെഡൽ ഞാൻ മിൽഖാ സിങ്ങിനായി സമർപ്പിക്കുന്നു. അദ്ദേഹം ഇപ്പോൾ എവിടെയാണെങ്കിലും അവിടെ നിന്ന് അദ്ദേഹം എന്റെ നേട്ടം കാണുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു." സ്വർണ മെഡൽ നേടിയതിന് പിന്നാലെ നീരജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
"ശെരിക്കും അവിശ്വസനീയ നേട്ടമാണ് സ്വന്തമായിരിക്കുന്നത്. അത്ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണ നേട്ടമാണ് ഇതെന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. മറ്റു കായിക ഇനങ്ങളിൽ നമുക്ക് ആകെ ഒരു സ്വർണമാണുള്ളത്. ഒരുപാട് കാലത്തിന് ശേഷമാണ് അത്ലറ്റിക്സിൽ നമുക്ക് മെഡൽ ലഭിക്കുന്നത് അതിനു പുറമെ അത്ലറ്റിക്സിലെ ആദ്യത്തെ സ്വർണവും, ഇന്നത്തെ സ്വർണ നേട്ടം എനിക്കും എന്റെ രാജ്യത്തിനും വളരെയധികം അഭിമാനം പകരുന്ന ഒന്നാണ്." - നീരജ് ചോപ്ര വ്യക്തമാക്കി.
"യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം നടത്തിയിരുന്നതിനാൽ ഫൈനലിൽ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അത് സ്വർണ നേട്ടം ആയിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ട്." - സ്വർണ നേട്ടം പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞു.
"രാജ്യത്തിന്റെ ഒരുപാട് നാളത്തെ ആഗ്രഹമാണ് നീരജ് സാഫല്യമാക്കിയത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് അവന് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിന്റെ. അവൻ ഇന്ത്യയുടെ അഭിമാനമാണ്." - നീരജ് ചോപ്രയുടെ പ്രകടനത്തെ പ്രശംസിച്ചും ഒപ്പം തന്നെ ഈ വിജയത്തിൽ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടും അദ്ദേഹത്തിൻറെ അച്ഛൻ പ്രതികരിച്ചു.
"കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ തന്നെ നീരജ് സ്വർണം സ്വന്തമാക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ തവണ റിയോയിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അതിന് ശേഷം അവൻ നടത്തിയ കഠിനപ്രയത്നങ്ങൾക്കുള്ള ഫലമാണ് ഇത്തവണ ലഭിച്ചത്, നീരജിന്റെ മടങ്ങിവരവിനായി ഞങ്ങൾ കാത്തിരിക്കുകയാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.