ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി യുഎസിൽ 15 പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമാകാമെന്ന് എഫ്ബിഐ
- Published by:Nandu Krishnan
- news18-malayalam
Last Updated:
യുഎസിലെ ന്യൂ ഓര്‍ലിയന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നിടത്തേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു
പുതുവത്സരദിനാഘോഷത്തിനിടെ യുഎസിലെ ന്യൂ ഓര്‍ലിയന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി 15 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ശരീരത്തില്‍ കവചം ധരിച്ചിരുന്നതായും തോക്ക് ഉപയോഗിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു. ഡ്രൈവര്‍ കൊല്ലപ്പെട്ടതായി സിബിഎസ് റിപ്പോര്‍ട്ടു ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഷംസൂദ് ദിന്‍ ജബ്ബാര്‍ എന്നയാളാണ് വാഹനം ഓടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലാടോയ കാന്‍ട്രെല്‍ സംഭവത്തെ ഭീകരാക്രമണമെന്നാണ് ആദ്യം വിശേഷിപ്പിച്ചത്. എന്നാല്‍, എഫ്ബിഐ അവരുടെ അവകാശവാദം ആദ്യം തള്ളിയെങ്കിലും പിന്നീട് ഭീകരാക്രമണം സംശയിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
advertisement
''ബുധനാഴ്ച രാവിലെ ന്യൂ ഓര്‍ലിന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ ആള്‍ക്കൂട്ടത്തിലേക്ക് ഒരാള്‍ കാര്‍ ഓടിച്ചു കയറ്റി. സംഭവത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിഷയത്തില്‍ പ്രാദേശിക പോലീസ് സംവിധാനവുമായി ഇടപെട്ടിരുന്നു. എഫ്ബിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഭീകരാക്രമണമാണോയെന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്,'' എഫ്ബിഐ പ്രസ്താവനയില്‍ അറിയിച്ചു.
പിക്ക്അപ് ട്രക്ക് ആണ് അപകടമുണ്ടാക്കിയതെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, അപകടമുണ്ടാക്കിയ വാഹനം എസ് യുവിയാണ് പ്രാദേശിക മാധ്യമങ്ങളും ദൃക്‌സാക്ഷികളും പറഞ്ഞു. നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കുന്നിടത്തേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതായും ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതായും ദൃക്‌സാക്ഷികള്‍ അവകാശപ്പെട്ടു. പോലീസും തിരിച്ച് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
advertisement
പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കുന്നതിന് നിരവധിപേര്‍ ഇവിടെയെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ യുഎസ് സൈന്യത്തിലെ വെറ്ററന്‍ ജിം മൗററും ഭാര്യയും ബര്‍ബണ്‍ സ്ട്രീറ്റിലുണ്ടായിരുന്നു. ഒരു എസ് യുവി വേഗതയില്‍ ഓടിച്ച് ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറിയതായി അദ്ദേഹം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ഏകദേശം 300ല്‍ പരം പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍, അപകടമുണ്ടാക്കിയ വാഹനമോടിച്ച ഡ്രൈവര്‍ മനപ്പൂര്‍വം ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, അപകടത്തെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കുന്നത് വരെ പൊതുജനങ്ങള്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു.
advertisement
പ്രതികരിച്ച് ബൈഡനും ട്രംപും
സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ''തീവ്രവാദ ബന്ധമാണ് അന്വേഷിക്കുന്നത്. അപകടത്തില്‍ കൂടുതല്‍ മരണവും പരിക്കും തടയുന്നതില്‍ പ്രാദേശിക നിയമപാലകര്‍ വേഗത്തിലുള്ള ഇടപെടലാണ് നടത്തിയത്. ഫെഡറല്‍, സ്റ്റേറ്റ്, ലോക്കല്‍ നിയമ നിര്‍വഹ വിഭാഗങ്ങള്‍ക്ക് അന്വേഷണത്തിന് എല്ലാ സംവിധാനവും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ മൂലകാരണം എത്രയും വേഗത്തില്‍ കണ്ടെത്താനും ഒരുതരത്തിലുമുള്ള ഭീഷണിയും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശം കൊടുത്തിട്ടുണ്ട്,'' വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ പറഞ്ഞു.
advertisement
രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുകയാണെന്ന തന്റെ അവകാശവാദങ്ങള്‍ ശരിയാണെന്നും എന്നാല്‍ ഡെമോക്രാറ്റുകളും മാധ്യമങ്ങളും ഇത് നിരന്തരം നിഷേധിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ''നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇതുവരെ ആരും കാണാത്ത തലത്തിലാണ്. ന്യൂ ഓര്‍ലിയൻസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ധീരരായ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരപരാധികളായ ഇരകള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഞങ്ങള്‍ ഹൃദയപൂര്‍വം ചേര്‍ന്ന് നില്‍ക്കുന്നു. അന്വേഷണത്തില്‍ സിറ്റി ഓഫ് ന്യൂ ഓര്‍ലിയന്‍സിന് ട്രംപ് ഭരണകൂടം പൂര്‍ണപിന്തുണ നല്‍കും,'' തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സൈറ്റായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 02, 2025 9:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി യുഎസിൽ 15 പേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമാകാമെന്ന് എഫ്ബിഐ