• HOME
  • »
  • NEWS
  • »
  • world
  • »
  • ചാറ്റ് ജിപിടി നിരോധനത്തിനു പിന്നാലെ ഇംഗ്ലീഷിനും വിലക്കേർപ്പെടുത്താൻ ഇറ്റലി; 89 ലക്ഷം രൂപയോളം പിഴ വരാം

ചാറ്റ് ജിപിടി നിരോധനത്തിനു പിന്നാലെ ഇംഗ്ലീഷിനും വിലക്കേർപ്പെടുത്താൻ ഇറ്റലി; 89 ലക്ഷം രൂപയോളം പിഴ വരാം

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ അടക്കമുള്ള വിദേശ ഭാഷ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം

  • Share this:

    ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇംഗ്ലീഷിനും വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഇറ്റലി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ അടക്കമുള്ള വിദേശ ഭാഷ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയായ ‘ബ്രതേഴ്സ് ഓഫ് ഇറ്റലി’ അംഗമാണ് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്.

    ഇറ്റാലിയന്‍ ഭാഷയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, നിയമം ലംഘിക്കുന്നവര്‍ക്ക് 100,000 യൂറോ (ഏകദേശം89.3 ലക്ഷം രൂപ) വരെ പിഴ ചുമത്താനാണ് തീരുമാനം. ലോവര്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലെ അംഗമായ ഫാബിയോ റാംപെല്ലിയാണ് ബില്ല് അവതരിപ്പിച്ചത്, പ്രധാനമന്ത്രി ബില്ലിനെ പിന്തുണച്ചു. വിദേശ ഭാഷകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം രാജ്യത്തിന്റെ സാംസ്‌കാരത്തെയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ നിര്‍ദ്ദേശം.

    സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പേരില്‍ ചാറ്റ് ജിപിടിയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയതായി ഇറ്റലി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് നഷ്ടപ്പെടുത്തുകയുമാണെന്ന് കരടുബില്ലിൽ പറയുന്നു.

    Also read- അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ

    ‘ഇത് ഫാഷന്റെ കാര്യമല്ല. ഫാഷന്‍ വരും, പോകും. എന്നാല്‍ , ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണ്.’-കരടുബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. ഇറ്റാലിയന്‍ ഭാഷയെ വളര്‍ത്തുകയും സംരക്ഷിക്കുകയും വേണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടിട്ടും മറ്റു രാജ്യങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് വിരോധാഭാസവും തെറ്റായ നടപടിയുമാണെന്നും വിമര്‍ശനമുണ്ട്.

    നിയമനിര്‍മ്മാണത്തിന് കീഴില്‍, സാംസ്‌കാരിക മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിക്കും. സ്‌കൂളുകള്‍, മാധ്യമങ്ങള്‍, പരസ്യം എന്നിവയില്‍ ഇറ്റാലിയന്‍ ഭാഷ ശരിയായി ആണോ ഉപയോഗിക്കുന്നത്, ഉച്ചാരണം ശരിയാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ് കമ്മറ്റിയുടെ ഉത്തരവാദിത്വമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ നിരോധനം രാജ്യത്ത് നിയമമാകും. അടുത്തിടെ, രാജ്യത്തിന്റെ കാര്‍ഷിക-ഭക്ഷ്യ പൈതൃകം സംരക്ഷിക്കുന്നതിനായി ലബോറട്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഉപയോഗം ഇറ്റലി നിരോധിച്ചിരുന്നു.

    Published by:Vishnupriya S
    First published: