അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ
- Published by:Vishnupriya S
- news18-malayalam
Last Updated:
സൗദിയുടെ നീക്കം അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതാണ്
ചൈനയുടെ നേതൃത്വത്തിലുള്ള സുരക്ഷാ ബ്ലോക്കില്‍ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി സൗദി അറേബ്യ. സൗദിയുടെ നീക്കം അമേരിക്കയെ കൂടുതല്‍ അസ്വസ്ഥമാക്കുന്നതാണ്. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം എടുത്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈന, റഷ്യ, ഇന്ത്യ, പാകിസ്താന്‍ എന്നിവര്‍ക്ക് പുറമെ നാല് മധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് സുരക്ഷ ബ്ലോക്കായ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍.
എസ്സിഒയ്ക്ക് ഇറാന്‍ ഉള്‍പ്പെടെ നാല് നിരീക്ഷണ അംഗങ്ങളുണ്ട്. ചൈനീസ് തലസ്ഥാനമായ ബീജിങ് ആണ് എസ്സിഒയുടെ ആസ്ഥാനം. ചൈനയുടെ ഷാങ് മിങ് ആണ് സംഘടനയുടെ സെക്രട്ടറി ജനറല്‍. നിലവില്‍ സൗദിക്ക് സംഘടനയില്‍ അംഗത്വം ലഭിച്ചിട്ടില്ല. എന്നാല്‍ കിഴക്കന്‍ രാജ്യങ്ങളുമായി സൗദി കൂടുതല്‍ അടുക്കുന്നു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സൗദിയും ഇറാനും തമ്മിലുള്ള നയനന്ത്രബന്ധം പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത് ചൈനയാണ്. ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും എംബസികള്‍ വീണ്ടും തുറക്കാനും ധാരണയായത്.
advertisement
അതേസമയം, സൗദി അറേബ്യയുടെ നീക്കത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2021 ല്‍ 87.3 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടത്തിയതായി റോയിട്ടേഴ്സ് പറയുന്നു. സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ചൈന, ഇരു രാജ്യങ്ങളും പരസ്പരം പെട്രോകെമിക്കല്‍ മേഖലകളില്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
advertisement
വടക്കന്‍ ചൈനയിലെ പഞ്ചിനില്‍ സൗദിയുടെ എണ്ണ കമ്പനിയായ അരാംകോ സ്ഥാപിക്കാന്‍ പോകുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായതിന്റെ തെളിവാണ്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈന ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി ചൈന 12 ഇന പദ്ധതി ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ സമര്‍പ്പിച്ചു.
അതേസമയം,ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ മാറിയിരുന്നു. സൗദി അറേബ്യയെ പിന്തള്ളിയാണ് നേട്ടം. ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങള്‍ കൊണ്ടാണ് റഷ്യ ഈ നേട്ടം സ്വന്തമാക്കിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 15.68 ദശലക്ഷം ടണ്‍ അല്ലെങ്കില്‍ പ്രതിദിനം 1.94 ദശലക്ഷം ബാരല്‍ (ബിപിഡി) എത്തിയതായും ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 86.2 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയുമായി ചൈനയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്നു റഷ്യ.
advertisement
എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി മൊത്തം 13.92 ദശലക്ഷം ടണ്ണായി. 2022-ൽ സൗദിയായിരുന്നു ചൈനയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. ആ വർഷം 87.49 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് സൗദി ചൈനക്ക് നൽകിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളിൽ പലതും റഷ്യക്കു മേൽ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് റഷ്യ വിലക്കുറവിൽ എണ്ണ വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 01, 2023 12:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അമേരിക്കയിൽ നിന്ന് അകലുന്നുവോ? ചൈനയ്‌ക്കൊപ്പമുള്ള ഗ്രൂപ്പിലേക്ക് സൗദി അറേബ്യ