പാകിസ്ഥാനിൽ 40കാരനെ ആൾക്കൂട്ടം മര്‍ദിച്ച് കൊന്നു; മതനിന്ദാ പ്രസംഗം നടത്തിയെന്ന് ആരോപണം

Last Updated:

രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് പിന്തുണയര്‍ച്ചിച്ച് നടത്തിയ റാലിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്

(Shutterstock/Representative image)
(Shutterstock/Representative image)
ഇസ്ലാമാബാദ്: മതനിന്ദ പ്രസംഗം നടത്തിയെന്നാരോപിച്ച് പാകിസ്ഥാനി പൗരനെ ആൾക്കൂട്ടം മര്‍ദിച്ച് കൊന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. കൈബര്‍ പഖ്തൂണിലെ പെഷവാറിനടുത്തുള്ള സവാല്‍ദേര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. മൗലാന നിഗര്‍ അലാം (40) എന്നയാളാണ് കൊല്ലപ്പെട്ടത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായികളാണ് റാലിക്കിടെ മതനിന്ദ ആരോപിച്ച് അലാമിനെ കൊലപ്പെടുത്തിയത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് പിന്തുണയര്‍ച്ചിച്ച് നടത്തിയ റാലിക്കിടെയാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. റാലിയുടെ സമാപന വേളയിലെ പ്രാര്‍ത്ഥനയില്‍ മതനിന്ദ നടത്തിയെന്നാരോപിച്ചാണ് ജനം അലാമിനെ മര്‍ദിച്ച് കൊന്നത്.
അലാമിന്റെ പ്രാര്‍ത്ഥനയിലെ ചില വാക്കുകള്‍ മതനിന്ദാപരമാണെന്ന് റാലിയ്ക്കായി ഒത്തുകൂടിയവര്‍ ആരോപിച്ചു. തുടര്‍ന്ന് രോഷാകുലരായ ജനം അലാമിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
advertisement
അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ അലാമിനെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. പ്രതിഷേധക്കാരെ തള്ളിമാറ്റി ഇദ്ദേഹം അലാമിനെ ഒരു കടയ്ക്കുള്ളിൽ കയറ്റി പൂട്ടിയിട്ടിരുന്നു. എന്നാല്‍ ജനക്കൂട്ടം ഈ കടയുടെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറി അലാമിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സംഭവം കണ്ട് നിന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അലാമിനെ ജനങ്ങള്‍ തറയിലൂടെ വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
advertisement
മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങള്‍ പാകിസ്ഥാനില്‍ സാധാരണമാണ്. കഴിഞ്ഞ മാസവും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്ഥാനില്‍ അണക്കെട്ട് സംബന്ധിച്ച ജോലിയ്ക്കായി എത്തിയ ചൈനീസ് പൗരനെതിരെയാണ് മതനിന്ദ കുറ്റം ആരോപിച്ച് ജനങ്ങള്‍ രംഗത്തെത്തിയത്. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തെ വിട്ടയയ്ക്കുകയും ചെയ്തു.
ഫെബ്രുവരിയില്‍ ലാഹോറില്‍ മതനിന്ദ കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ ജനം ക്രൂരമായി കൊന്നതും വാര്‍ത്തയായിരുന്നു. ലാഹോറിലെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. കൂട്ടത്തോടെ സ്റ്റേഷനിലേക്ക് എത്തിയ സംഘം സെല്ല് പൊളിച്ച് പ്രതിയെ പുറത്തേക്ക് വലിച്ചിഴച്ചു. ശേഷം ക്രൂരമായി മര്‍ദിച്ച് കൊന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
advertisement
2021ല്‍ ശ്രീലങ്കന്‍ സ്വദേശിയായ പ്രിയന്ത ദിയാവാഡംഗയും സമാനമായ രീതിയിലാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ ഒരു ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയന്ത. മതനിന്ദ ആരോപിച്ച് ഒരു കൂട്ടം ജനങ്ങള്‍ പ്രിയന്തയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2017ല്‍ പാകിസ്ഥാനി വിദ്യാര്‍ത്ഥിയേയും സമാന കുറ്റം ചുമത്തി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. മാഷല്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് അദ്ദേഹത്തിന്റെ സര്‍വ്വകലാശാലയ്ക്ക് മുന്നിലിട്ട് ജനം ക്രൂരമായി മര്‍ദിച്ച് കൊന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മതനിന്ദ ഉള്‍ക്കൊള്ളുന്ന കണ്ടന്റുകള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് ഈ യുവാവിനെ ജനം മര്‍ദ്ദിച്ച് കൊന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ 40കാരനെ ആൾക്കൂട്ടം മര്‍ദിച്ച് കൊന്നു; മതനിന്ദാ പ്രസംഗം നടത്തിയെന്ന് ആരോപണം
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement