അനിത ആനന്ദ് കാനഡയുടെ പ്രധാനമന്ത്രിയാകുമോ ?
- Published by:Sarika N
- news18-malayalam
Last Updated:
ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി അനിത ആനന്ദ് എത്തുകയാണെങ്കില്‍ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയായി ഇവർ മാറും
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രിയാരെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. നിലവിലെ ഗതാഗതമന്ത്രിയായ അനിത ആനന്ദിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ആരാണ് അനിത ആനന്ദ് ?
1. തിങ്കളാഴ്ചയാണ് കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്. അതിനുപിന്നാലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരായിരുന്നു അനിത ആനന്ദിന്റേത്. നിലവില്‍ ഗതാഗത-ആഭ്യന്തരവ്യാപാര വകുപ്പ് മന്ത്രിയാണ് അനിത. ഡൊമനിക് ലെബ്ലാങ്ക്, ക്രിസ്റ്റിയ ഫ്രീലാന്‍ഡ്, മെലാനി ജോളി, ഫ്രാങ്കോയ്‌സ് ഫിലിപ്പ് ഷാംപെയ്ന്‍, മാര്‍ക്ക് കാര്‍ണി എന്നിവരുടെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുഴങ്ങിക്കേള്‍ക്കുന്നുണ്ട്.
2. ലിബറല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അനിത. 2019 മുതല്‍ പാര്‍ലമെന്റ് അംഗമായി അനിത പ്രവര്‍ത്തിച്ചുവരികയാണ്. പബ്ലിക് സര്‍വീസ്, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകളും അനിത ആനന്ദ് കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ ട്രഷറി ബോര്‍ഡ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2024 മുതല്‍ കാനഡയുടെ ഗതാഗത-ആഭ്യന്തരവ്യാപാര വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചുവരികയാണ് അനിത ആനന്ദ്.
advertisement
3. 1967 മെയ് 20ന് കെന്റ്‌വില്ലെയിലാണ് അനിത ജനിച്ചത്. സരോജ് ഡി റാം-എസ് വി ആനന്ദ് ദമ്പതികളുടെ മകളാണ് അനിത. ഡോക്ടര്‍മാരും ഇന്ത്യന്‍ വംശജരുമായ ഇവര്‍ 1960കളിലാണ് കാനഡയിലേക്ക് കുടിയേറിയത്. അനിതയ്ക്ക് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്. 1985ല്‍ അനിത ഒന്റാറിയോയിലേക്ക് മാറി. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ആളാണ് അനിത ആനന്ദ്. ബിഎ ഹോണേഴ്‌സ് ബിരുദവും അനിത കരസ്ഥമാക്കി. പിന്നീട് നിയമപഠനത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി.
4. യേല്‍ ലോ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക ജോലി ചെയ്താണ് അനിത തന്റെ കരിയര്‍ ആരംഭിച്ചത്. ടൊറന്റോ സര്‍വകലാശാലയില്‍ പ്രൊഫസറായും അനിത ജോലി ചെയ്തു. പിന്നീട് അവര്‍ ടൊറന്റോ യൂണിവേഴ്‌സിറ്റിയുടെ അസോസിയേറ്റ് ഡീനും റോട്ട്മാന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോളിസി ആന്‍ഡ് റിസര്‍ച്ച് വിഭാഗം ഡയറക്ടറുമായി.
advertisement
5. 1995ലായിരുന്നു അനിത ആനന്ദിന്റെ വിവാഹം. ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് കണ്ടുമുട്ടിയ ജോണ്‍ കനൗല്‍ടോണിനെയാണ് അനിത വിവാഹം കഴിച്ചത്. അഭിഭാഷകനും ബിസിനസ് എക്‌സിക്യൂട്ടീവുമാണ് ജോണ്‍ കനൗല്‍ടോണ്‍. ഇവര്‍ക്ക് നാല് മക്കളുണ്ട്. ഓക്‌വില്ലെയിലാണ് ഇവര്‍ താമസിക്കുന്നത്. 2019ല്‍ ഓക്‌വില്ലെയില്‍ നിന്നാണ് അനിത എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
6. 2019ലാണ് അനിതയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2019ല്‍ ഓക്വില്ലെയില്‍ നിന്ന് എംപിയായി അനിത തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ് കാലത്ത് സുപ്രധാന സേവനങ്ങള്‍ രാജ്യത്തിന് നല്‍കിയ വ്യക്തി കൂടിയാണ് അനിത ആനന്ദ്. അന്ന് പബ്ലിക് സര്‍വീസ് വകുപ്പാണ് അനിത കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് മരുന്ന് വിതരണം സുഗമമാക്കാനും ഓക്‌സിജന്‍ എത്തിക്കാനും പിപിഇ കിറ്റുകള്‍ എത്തിക്കാനും അനിത കഠിനമായി പരിശ്രമിച്ചു. കോവിഡ് കാലത്തെ പ്രവര്‍ത്തനമാണ് അനിതയെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത്.
advertisement
7. 2021ല്‍ പ്രതിരോധ വകുപ്പിന്റെ ചുമതലയും അനിതയ്ക്ക് ലഭിച്ചു. അക്കാലത്ത് കാനഡയുടെ സൈനിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അനിത ശ്രമിച്ചു. ഉക്രൈയിനിലേക്കുള്ള കാനഡയുടെ സൈനിക സഹായങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും അനിതയായിരുന്നു. പിന്നീട് ട്രൂഡോ മന്ത്രിസഭയിലെ പുനസംഘടനയുടെ ഭാഗമായി അനിതയ്ക്ക് ട്രഷറി വകുപ്പും ലഭിച്ചു. അക്കാലത്ത് സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ സുതാര്യത വരുത്താനും അനിതയ്ക്ക് കഴിഞ്ഞു.
8. ഗതാഗത മന്ത്രിയായി ഒരുവര്‍ഷം പിന്നിടവെ രാജ്യത്തിന്റെ ഗതാഗതമേഖലയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ അനിത പദ്ധതികള്‍ നടപ്പിലാക്കി. ഗതാഗത മേഖലയുടെ സുരക്ഷയ്ക്കാണ് അനിത പ്രാധാന്യം നല്‍കിയത്.
advertisement
9. ലിംഗസമത്വത്തിന്റെ പ്രധാന വക്താവാണ് അനിത ആനന്ദ്. എല്‍ജിബിടിക്യൂ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി അവര്‍ എന്നും ശബ്ദമുയര്‍ത്തി. കുറഞ്ഞകാലം കൊണ്ട് തന്നെ കാനഡയുടെ വൈവിധ്യമാര്‍ന്ന രാഷ്ട്രീയ ഭൂപ്രകൃതിയുടെ മുഖമായി മാറാനും അനിതയ്ക്ക് സാധിച്ചു.
10. 1993ല്‍ പ്രൊഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായിരുന്ന കിം കാംപെല്‍ ആണ് കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യവനിത. ലിബറല്‍ പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ഒരു വനിത പോലും പ്രധാനമന്ത്രി പദത്തിലെത്തിയിട്ടില്ല. ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി അനിത ആനന്ദ് എത്തുകയാണെങ്കില്‍ അത് ലിബറല്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുചരിത്രമാകും. കൂടാതെ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ എന്ന ഖ്യാതിയും അനിതയ്ക്ക് സ്വന്തമാകും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 08, 2025 12:33 PM IST