Donald Trump 2.0| ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- Published by:Rajesh V
- news18-malayalam
Last Updated:
വാഷിങ്ടണിൽ അതിശൈത്യമായതിനാലാണ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലേക്ക് സത്യപ്രതിജ്ഞാവേദി മാറ്റിയത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
വാഷിങ്ടൺ: യു എസിന്റെ 47-ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിൽ ഇന്ത്യൻ സമയം രാത്രി 10.30ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്‌സ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിരവധി ലോകനേതാക്കളും ശതകോടീശ്വരന്മാരും പ്രമുഖ കമ്പനികളുടെ സിഇഒമാരും ചടങ്ങില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ത്യയുടെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുത്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വാഷിങ്ടണിൽ അതിശൈത്യമായതിനാലാണ് കാപിറ്റോൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലേക്ക് സത്യപ്രതിജ്ഞാവേദി മാറ്റിയത്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. 1985ൽ റൊണാൾഡ് റീഗന്റെ സത്യപ്രതിജ്ഞയാണ് ഇതിനുമുൻപ് അടഞ്ഞവേദിയിൽ നടന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം ട്രംപ് രാജ്യത്തെ അഭിസംബോധനചെയ്യും. 2017-2021 കാലത്ത് പ്രസിഡന്റായിരുന്ന ട്രംപ് നാലുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടുമെത്തുന്നത്.
The 60th Presidential Inauguration Ceremony https://t.co/kTB4w2VCdI
— Donald J. Trump (@realDonaldTrump) January 20, 2025
advertisement
ചടങ്ങിന് മുന്നോടിയായി ട്രംപും ഭാര്യ മെലാനിയയും ജെ ഡിവാൻസും ഭാര്യ ഉഷ വാൻസും ഉൾപ്പെടെയുള്ളവർ വൈറ്റ് ഹൗസിലെ ചായസൽക്കാരത്തിൽ പങ്കെടുത്തു. അധികാരമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ചേർന്നാണ് ഇവരെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷമാണ് ട്രംപും വാൻസും കുടുംബങ്ങളും എത്തിയത്.
ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോനി, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ്, മാധ്യമ ഭീമൻ റൂപർട്ട് മർഡോക്ക് എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ട്.
advertisement
യു എസിനെ നയിക്കാൻ വീണ്ടുമെത്തുന്ന ഡോണൾഡ് ട്രംപിന് കൈകാര്യംചെയ്യാൻ അമേരിക്കയ്ക്കുള്ളിലും പുറത്തും നിരവധി വിഷയങ്ങളുണ്ട്. യുക്രൈനിലും ഗാസയിലുമുള്ള യുദ്ധം, യു എസിലെ വിലക്കയറ്റം, അഭയാർത്ഥി പ്രശ്നം എന്നിവയെ അഭിമുഖീകരിക്കേണ്ടതായുണ്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 20, 2025 10:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Donald Trump 2.0| ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു