ഓരോ രാജ്യത്തിനും വ്യത്യസ്തമായ നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളുമാണുള്ളത്. പല രാജ്യങ്ങളിലും, ചില നിയമങ്ങള്‍ അനുസരിച്ച് ചെറിയ തെറ്റുകള്‍ക്ക് പോലും കഠിനമായ ശിക്ഷകള്‍ നല്‍കാറുണ്ട്. ഇത്തരത്തില്‍ ചില നിയമങ്ങള്‍ സിംഗപ്പൂരിലും ഉണ്ട്. പൊതു സ്ഥലങ്ങളിലെ ശുചിത്വം സിംഗപ്പൂര്‍ ഗവണ്മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. പൊതു ടോയ്ലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂരിലെ പൊതു ടോയ്ലറ്റ് ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യാത്ത ആളുകള്‍ക്ക് കനത്ത പിഴയാണ് ചുമത്തുക. ചിലപ്പോള്‍, ഇത്തരം ആളുകള്‍ക്ക് ശുചിത്വത്തിന്റെ പാഠം പഠിപ്പിക്കുന്നതിന് കഠിനമായ ശിക്ഷകളും നല്‍കാറുണ്ട്.
സിംഗപ്പൂര്‍ വളരെ മനോഹരമായ രാജ്യമാണ്. അതുപോലെ തന്നെ ശുചിത്വത്തിനും പേരുകേട്ട രാജ്യമാണിത്. പൊതു ടോയ്ലറ്റ് ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്യാതിരുന്നാല്‍ ഇവിടെ ഒരാള്‍ക്ക് 150 ഡോളറാണ് പിഴ നല്‍കുന്നത്. അതായത് ഏകദേശം 8000 രൂപ പിഴ അടയ്ക്കേണ്ടി വരും. മാത്രമല്ല, പിഴ അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. പൗരന്മാരെ ശുചിത്വത്തിന്റെ ഗൗരവം മനസ്സിലാക്കിക്കുന്ന ശിക്ഷാ നടപടിയാണിത്. രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളും ഈ നിയമം പാലിക്കേണ്ടതാണ്.
സന്ദര്‍ശിക്കുന്ന സ്ഥലത്തെ പ്രാദേശിക പാരമ്പര്യങ്ങളെയും നിയമങ്ങളെയും കുറിച്ച് അറിയണമെന്നാണ് സര്‍ക്കാര്‍ വിനോദ സഞ്ചാരികളോടും യാത്രക്കാരോടും നിര്‍ദ്ദേശിക്കുന്നത്. സിംഗപ്പൂരില്‍, നിരത്തുകളില്‍ തുപ്പുന്നതിനും നഗ്നനായി പുറത്തിറങ്ങി നടക്കുന്നതിനും സുരക്ഷിതമല്ലാത്ത വൈഫൈ കണക്റ്റ് ചെയ്യുന്നതിനും പിഴ ചുമത്താം. ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണം.
ടോയ്ലറ്റ് ഫ്ലഷ് ചെയ്യാത്തതിനുള്ള ശിക്ഷയ്ക്ക് പുറമേ, സിംഗപ്പൂരില്‍ ച്യൂയിംഗ് ഗം വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. ചില മെഡിക്കല്‍ ഗുണങ്ങളുള്ള ച്യൂയിംഗ് ഗം മെഡിക്കല്‍ കുറിപ്പടി അനുസരിച്ച് മാത്രം വാങ്ങാം. സംഗീതോപകരണം വായിച്ച് ആരെയെങ്കിലും ശല്യപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്. പട്ടം പറത്തി ട്രാഫിക്കിനെ തടസ്സപ്പെടുത്തിയാലും രാജ്യത്ത് ശിക്ഷ ലഭിക്കാം. അവശേഷിക്കുന്ന ഭക്ഷണം പ്രാവുകള്‍ക്ക് കൊടുക്കാനായി വീടിന് പുറത്തു വയ്ക്കുന്നതിനും പിഴ ലഭിക്കും. പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാലും പിഴ ലഭിക്കും.
സിംഗപ്പൂരിലെ തെരുവുകളില്‍ ഇപ്പോള്‍ കാല്‍നടയാത്രികരും സൈക്കിള്‍ യാത്രികരും ഒക്കെ നടത്തുന്ന ചെറിയ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നത് ഒരു റോബോട്ടാണ്. ക്യത്യമായി പാര്‍ക്ക് ചെയ്യാത്ത സൈക്കിള്‍, നടപ്പാതയിലൂടെ ഓടുന്ന ഇലക്ട്രിക് സ്കൂട്ടര്‍, കോവിഡ് കാലത്തെ അനധികൃതമായ ഒരു വലിയ ഒത്തുചേരല്‍, വിലക്കപ്പെട്ട സ്ഥലത്തെ പുകവലി ഇതെല്ലാം ഈ റോബോട്ട് ട്രാക്കുചെയ്യും. കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരത്തില്‍ റോബോട്ടിനെ ഉപയോഗിച്ചുള്ള പരീക്ഷണത്തിലാണ് അധികൃതര്‍. എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍, നഗരവാസികളുടെ സുരക്ഷയും ആരോഗ്യവും നോക്കാന്‍ ചുമതലപ്പെട്ട പൊതു ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി റോബോട്ട് ഉടന്‍ തന്നെ സ്ഥാനം ഏറ്റെടുക്കും. മധ്യ സിംഗപ്പൂരിലെ ടോ പയോ ജില്ലയിലാണ് ആദ്യഘട്ടത്തില്‍ ഇത് പരീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Singapore