ബംഗ്ലാദേശ് വിമാനാപകടത്തില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ഇന്ത്യ വിദഗ്ദ്ധ ഡോക്ടര്‍മാരെ അയക്കും
- Published by:Sarika N
- news18-malayalam
Last Updated:
തിങ്കളാഴ്ച ഉച്ചയോടെയാണ് ധാക്കയിലെ മൈല്‍സ്‌റ്റോണ്‍ സ്‌കൂളിലേക്ക് സൈനിക വിമാനം തകര്‍ന്നുവീണത്
ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ വിമാനാപകടത്തില്‍ പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനൊരുങ്ങി ഇന്ത്യ. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ പൊള്ളല്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ധാക്കയിലെ മൈല്‍സ്‌റ്റോണ്‍ സ്‌കൂളിലേക്ക് സൈനിക വിമാനം തകര്‍ന്നുവീണത്. 25 കുട്ടികള്‍ ഉള്‍പ്പെടെ 31 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. അപകടത്തില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും സംഘം ഉടന്‍ ധാക്കയിലേക്ക് എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
രോഗികളുടെ അവസ്ഥ മെഡിക്കല്‍ സംഘം വിലയിരുത്തുമെന്നും ആവശ്യമെങ്കില്‍ ഇന്ത്യയില്‍ തുടര്‍ചികിത്സയും പ്രത്യേക പരിചരണവും രോഗികള്‍ക്ക് ഉറപ്പാക്കുമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഇവരുടെ പ്രാഥമിക വിലയിരുത്തലും ചികിത്സയും അനുസരിച്ച് വേണമെങ്കില്‍ കൂടുതല്‍ പേരെ അങ്ങോട്ടേക്ക് അയക്കുമെന്നും മന്ത്രാലയം വിശദമാക്കി.
advertisement
ബംഗ്ലാദേശിലേക്ക് പോകുന്ന മെഡിക്കല്‍ സംഘത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് വിവരം. ഒരാള്‍ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ നിന്നുള്ളതും രണ്ടാമത്തെയാള്‍ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ നിന്നുമുള്ളതുമാണ്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബംഗ്ലാദേശ് വ്യോമസേന ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 24, 2025 9:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബംഗ്ലാദേശ് വിമാനാപകടത്തില്‍ പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ ഇന്ത്യ വിദഗ്ദ്ധ ഡോക്ടര്‍മാരെ അയക്കും