ടെഹ്റാൻ: മതകാര്യ പൊലീസിനെതിരെ ഇറാനിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ മൊഹ്സെൻ ഷെക്കാരിയെ തൂക്കിക്കൊന്നു. സെപ്റ്റംബർ 16ന് കുർദ് വംശജയായ മഹ്സ അമിനി (22) മതപ്പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ ആദ്യ അറസ്റ്റിലായ ആളാണ് ഷെക്കാരി.
ടെഹ്റാനിലെ റവല്യൂഷനറി കോടതി വിചാരണ നടത്തി നവംബർ 20നാണ് വധശിക്ഷ വിധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയതും സുരക്ഷാ ജീവനക്കാരെ ആക്രമിച്ചുമെന്നുമായിരുന്നു ഷെക്കാരിയ്ക്കെതിരെ ചുമത്തിയ കുറ്റം. പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മഹ്‌സ അമിനി എന്ന യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിൽ 475 പേർ കൊല്ലപ്പെട്ടിരുന്നു.
Also Read-താലിബാൻ വീണ്ടും അധികാരത്തിലെത്തിയ ശേഷമുള്ള പരസ്യ വധശിക്ഷ നടപ്പിലാക്കി
അതേസമയം മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി ഇറാൻ അറിയിച്ചിരുന്നു. 1979 മുതല്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് കടുത്ത യാഥാസ്ഥിതിക നിയമങ്ങളാണ് ഇറാനില്‍ നിലനില്‍ക്കുന്നത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദിന്റെ നേതൃത്വത്തിലാണ് രാജ്യത്ത് ‘അച്ചടക്കത്തിന്റെയും ഹിജാബിന്റെയും സംസ്‌കാരം ഉറപ്പുവരുത്തുന്നതിന്’ ഗാഷ്ദ് ഇ ഇര്‍ഷാദ് എന്ന പേരിലുള്ള മതകാര്യപോലീസിന് രൂപംനല്‍കിയത്. ഇതിനു ശേഷം സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.