ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ താലിബാന് വീണ്ടും പരസ്യമായി വധശിക്ഷ നടപ്പാക്കി. കൊലപാതക കേസിലെ പ്രതിയെയാണ് ബുധനാഴ്ച അധികൃതർ പരസ്യമായി തൂക്കിലേറ്റിയത്. 2021 ഓഗസ്റ്റില്‍ രാജ്യം പിടിച്ചെടുത്ത ശേഷം തങ്ങളുടെ കടുത്ത നയങ്ങള്‍ തുടരുമെന്ന സൂചനയാണ് വധശിക്ഷയിലൂടെ താലിബാന് ഭരണകൂടം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിലെ പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. കാബൂളില്‍ നിന്നുള്ള താലിബാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ക്ക് മുമ്പാകെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് താലിബാന് സര്‍ക്കാരിന്റെ ഉന്നത വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.
രാജ്യത്തെ ഉന്നത കോടതികളുടെയും താലിബാന് പരമോന്നത നേതാവ് മുല്ല ഹൈബത്തുള്ളയുടെയും അംഗീകാരത്തെ തുടര്‍ന്നായിരുന്നു വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനമെന്നും താലിബാന് വക്താവ് അറിയിച്ചു. ഹെറാത്ത് പ്രവിശ്യയില്‍ നിന്നുള്ള തജ്മീര്‍ എന്നയാളെയാണ് തൂക്കിലേറ്റിയത്. തജ്മീര്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Also Read-പ്രക്ഷോഭം ഫലം കണ്ടു; ഇറാൻ ഭരണകൂടം മതകാര്യ പൊലീസ് സംവിധാനം നിർത്തലാക്കി
ഇയാള്‍ അഞ്ച് വര്‍ഷം മുമ്പ് മറ്റൊരാളെ കൊലപ്പെടുത്തുകയും ബൈക്കും മൊബൈല്‍ ഫോണും മോഷ്ടിച്ചതിന് ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫറാ പ്രവിശ്യയിലുള്ള മുസ്തഫ എന്നയാളാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ കുടുംബം രംഗത്തവന്നതിനെ തുടര്‍ന്നാണ് താലിബാന് സുരക്ഷാ സേന തജ്മീറിനെ അറസ്റ്റ് ചെയ്തതെന്ന് മുജാഹിദിന്റെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ എപ്പോഴാണ് അറസ്റ്റ് നടന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. തജ്മീര്‍ കുറ്റസമ്മതം നടത്തിയിരുന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
1990കളില്‍ ഭരണത്തിലിരിക്കെ താലിബാന് പരസ്യമായി വധശിക്ഷകള്‍ നടപ്പാക്കിയിരുന്നു. ഇതിന് പുറമെ ചാട്ടവാറടി, കല്ലേറ് തുടങ്ങിയ പ്രാകൃത ശിക്ഷാ രീതികളും നടപ്പിലാക്കിയിരുന്നു. എന്നാല്‍ 2021ല്‍ വീണ്ടും അധികാരത്തിലെത്തിയ താലിബാന് സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് പെണ്‍കുട്ടികളുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും താലിബാന് നിയന്ത്രിച്ചു. മോഷണക്കുറ്റം, വിവാഹേതര ബന്ധം എന്നീ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവരെ പരസ്യമായ ചാട്ടവാറടി പോലുള്ള ശിക്ഷവിധികൾ നടപ്പിലാക്കുകയും ചെയ്തു.
Also Read-ഐഎസ് തലവൻ അബു ഹസൻ കൊല്ലപ്പെട്ടു; അബു ഹുസൈൻ അൽ ഹുസൈനി പുതിയ തലവൻ
ഇതിന് പുറമെ, യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ച് ടിക് ടോക്കും പബ്ജിയും താലിബാന് നിരോധിച്ചിരുന്നു. അധാര്‍മ്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകള്‍ നിരോധിക്കുമെന്നും താലിബാന് അറിയിച്ചു. ടിക് ടോക്, പബ്ജി നിരോധനം എത്രനാള്‍ നീളുമെന്ന് വ്യക്തമല്ല.
രാജ്യത്തെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി വിദ്യാര്‍ത്ഥികള്‍ കൂലിപണി എടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ കാബൂളിലെ ഇഷ്ടിക ചൂളകളില്‍ കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇഷ്ടിക ചൂളകളിലെ ജോലി സാഹചര്യങ്ങള്‍ മുതിര്‍ന്നവര്‍ക്ക് പോലും ബുദ്ധിമുട്ടാണ്. എന്നാല്‍ മിക്കയിടത്തും 4-5 വയസ്സ് പ്രായമുള്ള കുട്ടികള്‍ രാവിലെ മുതല്‍ ഇരുട്ടും വരെ ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്നുണ്ട്.
സേവ് ദ ചില്‍ഡ്രന്റെ സര്‍വേ പ്രകാരം, ഡിസംബര്‍ മുതല്‍ ജൂണ്‍ വരെ, വീടിന് പുറത്ത് ജോലി ചെയ്യുന്ന കുട്ടികളുടെ എണ്ണം ഇപ്പോള്‍ 18 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വര്‍ദ്ധിച്ചു. രാജ്യത്തുടനീളം പത്തുലക്ഷത്തിലധികം കുട്ടികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.