ഇസ്രായേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്
- Published by:Rajesh V
- news18-malayalam
Last Updated:
ഇസ്രായേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനും ആണവ ചർച്ചകൾ പുനരാരംഭിക്കാനുമുള്ള സന്നദ്ധത ഇറാൻ മധ്യസ്ഥർ വഴി അറിയിച്ചതായാണ് റിപ്പോർട്ട്
ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, ശത്രുതയും സംഘർഷവും അവസാനിപ്പിക്കാനും ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കാനും ഇറാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. അറേബ്യൻ രാജ്യങ്ങൾ അടക്കമുള്ള മധ്യസ്ഥർ വഴി ഈ സന്ദേശം ഇസ്രായേലിനെയും അമേരിക്കയെയും അറിയിച്ചെന്ന് മിഡിൽ ഈസ്റ്റിലെയും യൂറോപ്യയിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിൽ അമേരിക്ക കക്ഷിചേരാത്തിടത്തോളം ചർച്ചാ മേശയിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ടെഹ്‌റാൻ അറബ് ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അക്രമം നിയന്ത്രിക്കേണ്ടത് ഇരുവിഭാഗത്തിന്റെയും താൽപ്പര്യമാണെന്ന് ഇറാൻ ഇസ്രായേലിന് സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.
ഫോക്സ് ന്യൂസിനോട് സംസാരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സമാധാന കരാറിനായി യുഎസ് സൈന്യം ശ്രമം തുടരുന്നതായി പറഞ്ഞു.
അതേസമയം, അമേരിക്കയുമായുള്ള ആണവ ചർച്ചകളിലേക്ക് മടങ്ങാനും ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും യൂറോപ്യൻ വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യ മന്ത്രിയോട് തിങ്കളാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇസ്രായേലിനെ നേരിടുക എന്നതാണ് ടെഹ്‌റാന്റെ മുൻഗണനയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതായി ഒരു ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കരാർ ഉണ്ടാക്കുന്നതിനായി യുഎസ്- ഇറാൻ ചർച്ചകൾ പുനരാരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, ജൂൺ 13 ന് പുലർച്ചെയാണ് ഇസ്രായേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ 'ഓപ്പറേഷൻ റൈസിംഗ് ലയൺ' എന്ന് വിളിക്കുന്ന സൈനിക നടപടി ആരംഭിച്ചത്.
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് തടയാൻ രൂപകൽപ്പന ചെയ്ത ഒരു മുൻകൂർ ആക്രമണമായിട്ടാണ് ഇസ്രായേൽ ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ അത്തരം ആയുധങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതികൾ ഇറാൻ നിഷേധിക്കുകയും ഇസ്രായേലിനെതിരെ പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തു.
advertisement
ഇറാനുമായുള്ള 2015 ലെ ആണവ കരാറിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങൾ പങ്കാളികളാണ്, ഉപരോധങ്ങൾ നീക്കുന്നതിന് പകരമായി ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 17, 2025 11:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രായേലുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്