ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
എവറസ്റ്റ് കൊടുമുടി, അന്നപൂർണ, ലാംഗ്‌ടാങ്, മനസ്‌ലു തുടങ്ങിയ പ്രശസ്തമായ ഹിമാലയൻ ടെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരു സംഘടിത ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ
നേപ്പാളിലെ ടൂറിസം മേഖല കേന്ദ്രീകരിച്ച് വൻ ഇൻഷുറൻസ് തട്ടിപ്പ്. വിനോദസഞ്ചാരികളെ ബോധപൂർവം അസുഖബാധിതരാക്കി കോടിക്കണക്കിന് ഡോളറിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ട്രെക്കിംഗ് ഗൈഡുകളും ആശുപത്രികളും ഹെലികോപ്റ്റർ ഓപ്പറേറ്റർമാരും ഒത്തുകളിച്ചതായി പോലീസ്. 2022-നും 2025-നും ഇടയിൽ എവറസ്റ്റ് കൊടുമുടി, അന്നപൂർണ, ലാംഗ്‌ടാങ്, മനസ്‌ലു തുടങ്ങിയ പ്രശസ്തമായ ഹിമാലയൻ ടെക്കിംഗ് പാതകളിൽ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് ഒരു സംഘടിത ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
തട്ടിപ്പ് നടന്ന രീതി
ടീ ഹൗസുകളിലും ബേസ് ക്യാമ്പുകളിലും വെച്ച് വിനോദസഞ്ചാരികൾക്ക് നൽകുന്ന ഭക്ഷണത്തിലോ പാനീയങ്ങളിലോ ട്രെക്കിംഗ് ജീവനക്കാർ രഹസ്യമായി ബേക്കിംഗ് സോഡ (സോഡിയം ബൈകാർബണേറ്റ്) ചേർക്കുമായിരുന്നു. ഇത് കഠിനമായ ഓക്കാനം, ഛർദ്ദി, നിർജ്ജലീകരണം, വയറുവേദന എന്നിവയ്ക്ക് കാരണമായി. ഈ ലക്ഷണങ്ങൾ ഉയർന്ന പ്രദേശങ്ങളിൽ കണ്ടുവരുന്നതും ജീവന് ഭീഷണിയായതുമായ 'ആൾട്ടിറ്റ്യൂഡ് സിക്ക്നസ്' (അക്യൂട്ട് മൗണ്ടൻ സിക്ക്നസ്) ലക്ഷണങ്ങളോട് സാമ്യമുള്ളതായിരുന്നു. തങ്ങൾ യഥാർത്ഥ അപകടത്തിലാണെന്ന് വിശ്വസിച്ച ഇരകൾക്ക് ഭക്ഷണത്തിലെ വിഷാംശം മൂലമുള്ള അസ്വാസ്ഥ്യവും ഉയരക്കൂടുതൽ മൂലമുള്ള അസുഖവും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
advertisement
വിനോദസഞ്ചാരികൾ അസുഖബാധിതരായാൽ ഉടൻ തന്നെ ഗൈഡുകൾ സ്ഥിതി ഗുരുതരമാണെന്ന് വരുത്തിത്തീർക്കുകയും ഹെലികോപ്റ്റർ വഴിയുള്ള അടിയന്തര രക്ഷാപ്രവർത്തനത്തിന് അവരെ നിർബന്ധിക്കുകയും ചെയ്യും. തുടർന്ന് ആശുപത്രികളും ഹെലികോപ്റ്റർ ഓപ്പറേറ്റർമാരും ചേർന്ന് വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും അമിതമായ ചികിത്സാ ബില്ലുകളും വിമാന രേഖകളും തയ്യാറാക്കി ഇൻഷുറൻസ് കമ്പനികൾക്ക് സമർപ്പിക്കും. പലപ്പോഴും ഒരേ ഹെലികോപ്റ്ററിൽ ഒന്നിലധികം രോഗികളെ കൊണ്ടുപോകുമ്പോൾ, ഓരോ വ്യക്തിക്കും പ്രത്യേകമായി മുഴുവൻ തുകയും ഇൻഷുറൻസ് ക്ലെയിം ചെയ്യുമായിരുന്നു. ഒരാൾക്ക് ശരാശരി 3,000 മുതൽ 5,000 ഡോളർ വരെയാണ് ഇത്തരത്തിൽ ഈടാക്കിയിരുന്നത്. ലാഭം വർദ്ധിപ്പിക്കാനായി ചില വിനോദസഞ്ചാരികളെ സംഘമായി തന്നെ ലക്ഷ്യമിട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായതായി നേപ്പാൾ പോലീസ് പറഞ്ഞു.
advertisement
തട്ടിപ്പിന് പിന്നിൽ
ട്രെക്കിംഗ് ഗൈഡുകൾ, ഏജൻസികൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, സ്വകാര്യ ആശുപത്രികൾ എന്നിവരടങ്ങുന്ന ഒരു വലിയ സംഘമാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. സ്വാക്കോൺ ഇന്റർനാഷണൽ ഹോസ്പിറ്റൽ, ശ്രീധി ഇന്റർനാഷണൽ ഹോസ്പിറ്റൽ, ഇറ ഇന്റർനാഷണൽ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികളുടെ പേരുകൾ അന്വേഷണത്തിൽ പരാമർശിച്ചിട്ടുണ്ട്. കമ്മീഷൻ അടിസ്ഥാനത്തിലാണ് ഈ സംവിധാനം പ്രവർത്തിച്ചിരുന്നത്. ആശുപത്രികൾ ട്രെക്കിംഗ് ഏജൻസികൾക്കും ഹെലികോപ്റ്റർ കമ്പനികൾക്കും 20-25 ശതമാനം കമ്മീഷൻ നൽകുമായിരുന്നു. ഗൈഡുകൾക്ക് ഇൻഷുറൻസ് തുകയുടെ 25 ശതമാനത്തോളം ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ തട്ടിപ്പിലൂടെ ഏകദേശം 19.69 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ഇൻഷുറൻസ് തുക തട്ടിയെടുത്തതായാണ് അധികൃതർ കണക്കാക്കുന്നത്. ഒരു ഓപ്പറേറ്റർ മാത്രം 10 ദശലക്ഷം ഡോളറിലധികം ക്ലെയിം ചെയ്തതായും ആരോപണമുണ്ട്.
advertisement
തട്ടിപ്പ് പുറത്തുവന്നത് എങ്ങനെ?
2025 അവസാനത്തോടെ ലഭിച്ച ഒരു പൗരപരാതിയെത്തുടർന്ന് നേപ്പാളിലെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (CIB) മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് വെളിച്ചത്തുവന്നത്. 2026 തുടക്കത്തോടെ പോലീസ് ആദ്യഘട്ട പ്രതികളെ അറസ്റ്റ് ചെയ്തു. മാർച്ച് 12-ന് കാഠ്മണ്ഡു ജില്ലാ കോടതിയിൽ 32 പേർക്കെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി. സംഘടിത കുറ്റകൃത്യം, വഞ്ചന, രാജ്യത്തിനെതിരായ കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുമ്പും അനാവശ്യമായ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനങ്ങളുടെ പേരിൽ നേപ്പാൾ നിരീക്ഷണത്തിലായിട്ടുണ്ട്. എന്നാൽ വിനോദസഞ്ചാരികളെ ബോധപൂർവം അസുഖബാധിതരാക്കി ദ്രോഹിക്കുന്നു എന്നത് ഈ കേസിനെ അതീവ ഗുരുതരമാക്കുന്നു. എവറസ്റ്റ് സീസൺ ആരംഭിക്കുന്ന സമയത്ത് തന്നെ ഈ വാർത്ത പുറത്തുവന്നത് വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും നേപ്പാളിലെ ട്രെക്കിംഗ് മേഖലയുടെ വിശ്വാസ്യതയെക്കുറിച്ചും ആശങ്കയുയർത്തിയിട്ടുണ്ട്. അന്വേഷണം വ്യാപിക്കുന്നതോടെ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്. ട്രെക്കിംഗ് മേഖലയിലെ ശുദ്ധീകരണത്തിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അന്താരാഷ്ട്ര സഞ്ചാരികൾക്കിടയിൽ വിശ്വാസം വീണ്ടെടുക്കാനും അധികൃതർക്ക് മേൽ ഇപ്പോൾ കടുത്ത സമ്മർദ്ദമുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 02, 2026 3:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇൻഷുറൻസ് തട്ടിപ്പിന്റെ കൊടുമുടി! പർവതാരോഹകരെ രോഗികളാക്കി നേപ്പാളിൽ കോടിക്കണക്കിന് ഡോളറിന്റെ തട്ടിപ്പ്








