ഓണ്‍ലൈനിൽ ദൈവനിന്ദ കൂടുന്നതിനെതിരെ അന്വേഷണത്തിന് പാക്കിസ്ഥാന്‍ കോടതി

Last Updated:

മുസ്ലീം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനില്‍ ദൈവനിന്ദ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന പ്രകോപനപരമായ കുറ്റമായാണ് കണക്കാക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഓണ്‍ലൈനില്‍ ദൈവനിന്ദ നിറഞ്ഞ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ യുവാക്കളെ കെണിയില്‍പ്പെടുത്തുകയാണെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് പാക്കിസ്ഥാന്‍ കോടതി. നൂറുകണക്കിന് കുടുംബങ്ങളുടെ അപ്പീലിനെ തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനില്‍ ദൈവനിന്ദ വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന പ്രകോപനപരമായ കുറ്റമായാണ് കണക്കാക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പോലും പൊതുജനരോഷം ജനിപ്പിക്കുകയും ആള്‍ക്കൂട്ടക്കൊലയിലേക്ക് നയിക്കുകയും, ഇത്തരം കുറ്റങ്ങളില്‍പ്പെട്ടവരുടെ കുടുംബത്തെ തന്നെ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനും കാരണമാകും.
പാക്കിസ്ഥാനില്‍ സമീപവര്‍ഷങ്ങളിലായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ദൈവനിന്ദ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. 2022 മുതല്‍ ഈ ഒരു പ്രവണത കാണുന്നുണ്ട്. എന്നാൽ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ദൈവനിന്ദ നിറഞ്ഞ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച കേസുകളില്‍ അറസ്റ്റിലായവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.
advertisement
ദൈവനിന്ദ കേസുകളില്‍ കുറ്റം ആരോപിക്കപ്പെട്ട് 767 പേരാണ് ജയിലില്‍ വിചാരണ കാത്ത് കിടക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പാക്കിസ്ഥാനിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതില്‍ കൂടുതലും യുവാക്കളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
സ്വകാര്യ നിയമ സ്ഥാപനങ്ങളാണ് ഇത്തരം കേസുകളില്‍ പലരെയും വിചാരണയ്ക്ക് വിധേയമാക്കുന്നതെന്ന് മനുഷ്യാവകാശ സംരക്ഷണ ഗ്രൂപ്പുകളും പോലീസും പറയുന്നു. യുവാക്കള്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കോടതി സര്‍ക്കാര്‍ തലത്തില്‍ ഒരു അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ 30 ദിവസത്തിനുള്ളില്‍ ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും നാല് മാസത്തിനുള്ളില്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഇസ്ലാമാബാദ്  ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സര്‍ദാര്‍ ഇജാസ് ഇഷാഖ് ഖാന്‍ ആണ് ഉത്തരവിറക്കിയത്.
advertisement
ദൈവനിന്ദ കേസുകളില്‍ അറസ്റ്റിലായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുടുംബങ്ങളെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായത് അഭിഭാഷകയായ ഇമാന്‍ മസാരിയാണ്. കോടതി ഉത്തരവ് വലിയ പ്രതീക്ഷയാണെന്നും കേസില്‍ വിചാരണ നേടിരുന്നവരുടെ കുടുംബങ്ങളുടെ വാദം കേട്ടതായി തോന്നുന്നത് ഇതാദ്യമാണെന്നും മസാരി പറഞ്ഞു.
വളരെ സെന്‍സിറ്റീവ് സ്വഭാവമുള്ള കേസുകളില്‍ യുവാക്കളെ വ്യാജമായി കെണിയില്‍പ്പെടുത്തുകയാണെന്നും അവര്‍ കുറ്റവിമുക്തരാക്കപ്പെട്ടാലും ആ കളങ്കം എന്നന്നേക്കുമായി നിലനില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസുകളുടെ പെട്ടെന്നുള്ള വര്‍ദ്ധനവിനെ കുറിച്ചുള്ള പഞ്ചാബ് പോലീസിന്റെ റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംശയാസ്പദമായ ഒരു സംഘം ദൈവനിന്ദ കേസുകളില്‍ യുവാക്കളെ കുടുക്കുന്നതായും ഇത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാവാമെന്നും കണ്ടെത്തിയിട്ടുണ്ട്.
advertisement
ഇത്തരം കേസുകളില്‍ യുവാക്കളെ വിചാരണ ചെയ്യുന്ന അഭിഭാഷക ഗ്രൂപ്പുകളില്‍ ഏറ്റവും സജീവമായിട്ടുള്ളത് ലീഗല്‍ കമ്മീഷന്‍ ഓണ്‍ ബ്ലാസ്‌ഫെമി പാക്കിസ്ഥാന്‍ (എല്‍സിബിപി) ആണ്. ദൈവം ഈ മഹത്തായ ലക്ഷ്യത്തിനായി അവരെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് ഗ്രൂപ്പുകളുടെ നേതാക്കളിലൊരാളായ ഷെറാസ് അഹമ്മദ് ഫറൂഖി മുമ്പ് എഎഫ്പിയോട് പറഞ്ഞിരുന്നു.
ദൈവനിന്ദ ആരോപിച്ച് സമീപവര്‍ഷങ്ങളില്‍ നിരവധി യുവാക്കളെ കുറ്റക്കാരായി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാനില്‍ ഇതിന്റെ പേരില്‍ ഇതുവരെ വധശിക്ഷ നടപ്പാക്കിയിട്ടില്ല. കോടതി ഇടപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കുന്ന അന്വേഷണ കമ്മീഷനെ പൂര്‍ണ്ണമായി തങ്ങള്‍ പിന്തുണയ്ക്കുമെന്നും ഒടുവില്‍ സത്യം പുറത്തുവരുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും പ്രതികളില്‍ ഒരാളുടെ ബന്ധു എഎഫ്പിയോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/World/
ഓണ്‍ലൈനിൽ ദൈവനിന്ദ കൂടുന്നതിനെതിരെ അന്വേഷണത്തിന് പാക്കിസ്ഥാന്‍ കോടതി
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement