രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക്
- Published by:user_57
- news18-malayalam
Last Updated:
യൂറോപ്പിന് പുറത്ത് നിന്നുള്ള സന്ദർശകരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്
ചാൾസ് മൂന്നാമന്റെ കിരീടധാരണം കാണാൻ ലോകത്തിന്റെ നാനാദിക്കിൽ നിന്നും ആളുകൾ ലണ്ടനിലേക്ക് ഒഴുകുകയാണ്. കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി അന്താരാഷ്‌ട്ര രാജഭക്തന്മാർ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം ആഘോഷിക്കുന്നത് നേരിട്ട് കാണാൻ ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്. ഇങ്ങനെയുള്ള പ്രശസ്തരായ താമസക്കാരെ എങ്ങനെ മുതലാക്കണമെന്ന് അറിയുന്ന നഗരമാണ് ലണ്ടൻ.
ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്! എന്നായിരുന്നു ലണ്ടനിലേക്ക് പോകുന്നതിന് ഏതാനും ദിവസം മുമ്പ് 24 കാരിയായ ഫ്രഞ്ച് വനിത ലുഡിവിൻ ഡെക്കർ പ്രതികരിച്ചത്. യഥാർത്ഥത്തിൽ വടക്കുകിഴക്കൻ ഫ്രാൻസിലെ മെറ്റ്‌സിൽ നിന്നുള്ള കമ്മ്യൂണിക്കേഷൻ വർക്കറായ ലുഡിവിൻ ഡെക്കർ ബ്രിട്ടീഷ് രാജകുടുംബത്തോടുള്ള ആരാധന കൊണ്ട് ഒറ്റയ്ക്കാണ് ലണ്ടനിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 2011ൽ വില്യമിന്റെയും കേറ്റിന്റെയും വിവാഹം നടക്കുമ്പോൾ ലുഡിവിൻ ഡെക്കർ കുട്ടിയായിരുന്നു. കഴിഞ്ഞ വർഷം എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുമ്പോഴും ലുഡിവിൻ വിദ്യാർത്ഥിനിയായിരുന്നു. അതുകൊണ്ട് കിരീടധാരണം പോലൊരു രാജകീയ ചടങ്ങിൽ പങ്കെടുക്കാനുള്ള ഈ അവസരം ‘ഇപ്പോഴല്ലെങ്കിൽ പിന്നെ ഒരിക്കലും കിട്ടില്ല’ എന്നും ലുഡിവിൻ ഡെക്കർ കൂട്ടിച്ചേർത്തു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഭീമാകാരമായ സ്‌ക്രീനുകളിലൊന്നിൽ ചടങ്ങുകൾ കാണാനും രാജാവും അദ്ദേഹത്തിന്റെ കുടുംബവും ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നത് കാണാൻ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുമ്പിലിരിക്കാനുമാണ് ലുഡിവിന്റെ പദ്ധതി.
advertisement
സെന്റർ ഫോർ റീട്ടെയിൽ റിസർച്ച് പറയുന്നതനുസരിച്ച്, ലണ്ടൻ ഇതിനകം തന്നെ ഓരോ വർഷവും ദശലക്ഷക്കണക്കിന് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ കിരീടധാരണ ചടങ്ങുകൾ വീക്ഷിക്കാൻ 2,50,000 ലധികം പേർ കൂടി വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താമസം, ഭക്ഷണം, ഷോപ്പിംഗ് എന്നിവയ്ക്കായി ഈ അതിഥികൾ 322 മില്യൺ പൗണ്ടിലധികം (401 മില്യൺ ഡോളർ) ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.
നാല്പതുവയസ്സുള്ള ഓസ്‌ട്രേലിയക്കാരിയായ അന്ന ബ്ലൂംഫീൽഡ് കിരീടധാരണ ചടങ്ങിന് മുന്നോടിയായി ലണ്ടനിൽ എത്തിക്കഴിഞ്ഞു. രാജകുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ അദ്ദേഹത്തിന് സഹിക്കേണ്ടി വന്ന എല്ലാത്തിനും അദ്ദേഹത്തെ അഭിനന്ദിക്കുന്നു എന്നായിരുന്നു അന്നയുടെ പ്രതികരണം. കാനഡയിലെ ടൊറന്റോയിൽ നിന്നുള്ള എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായ 54 കാരി കാതറിൻ ബ്രിട്ടീഷുകാരുടെ പ്രശസ്തമായ ആഡംബര ചടങ്ങുകൾ കണ്ട് ആസ്വദിക്കാനാണ് എത്തിയിരിക്കുന്നത്.
advertisement
അതുല്യമായ അനുഭവം
യു.എസ്. സെർച്ച് എഞ്ചിനായ കയാക്കിൽ നിന്നുള്ള ഡാറ്റ പ്രകാരം കിരീടധാരണം നടക്കുന്ന ആഴ്ചയിൽ ലണ്ടനിലേക്കുള്ള വിമാനങ്ങൾക്ക് വേണ്ടി യൂറോപ്യൻ യാത്രക്കാർ നടത്തിയ ഇന്റർനെറ്റ് സേർച്ചുകൾ 2022 ലെ ഇതേ ആഴ്ചയേക്കാൾ 65 ശതമാനം കൂടുതലാണ്. അതുപോലെ തന്നെ ഹോട്ടലുകളിലെ ബുക്കിങ് ശരാശരിയും 105 ശതമാനം അധികരിച്ചിട്ടുണ്ട്. യൂറോപ്പിന് പുറത്ത് നിന്നുള്ള സന്ദർശകരിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്.
പിന്നോട്ടടി നേരിടുന്ന രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് കിരീടധാരണ ചടങ്ങ് നൽകുന്ന ഉത്തേജനം വളരെ വലുതാണ് വിസിറ്റ് ബ്രിട്ടന്റെ ഡയറക്ടർ ജനറൽ പട്രീഷ്യ യേറ്റ്സിന്റെ അഭിപ്രായപ്പെട്ടു. കെൻസിംഗ്ടൺ കൊട്ടാരത്തിലെ രാജകീയ വസ്ത്രങ്ങളും മാഡം തുസാഡ്സിലെ പ്രത്യേക മെഴുക് പ്രതിമകളും വിനോദ സഞ്ചാരികളുടെ കാഴ്ചകളിൽ ഉൾപ്പെടുന്നു. അന്നേ ദിവസം പല കടകളിലും രാജകുടുംബത്തിന്റെ ചിത്രം ഉൾക്കൊള്ളുന്ന സുവനീറുകൾ വിൽപനയ്‌ക്കെത്തും. വില്യമിന്റെയും കേറ്റിന്റെയും വിവാഹത്തിന് ശേഷം ബ്രൈഡൽ ഗൗൺ പ്രദർശിപ്പിച്ചത് കാണാൻഏകദേശം 600,000 ആളുകൾബക്കിംഗ്ഹാം കൊട്ടാരം സന്ദർശിച്ചത് യേറ്റ്സ് അനുസ്മരിച്ചു. ഒരു രാജാവിനെ കിരീടമണിയിക്കുന്നത് കാണുന്നതിനേക്കാൾ മികച്ച അനുഭവം എന്താണ് ഉള്ളത് എന്നും അവർ കൂട്ടിച്ചേർത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 04, 2023 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
രാജകുടുംബത്തോടുള്ള ആരാധന; ചാൾസ് മൂന്നാമന്റെ കീരീടധാരണം കാണാൻ ലണ്ടനിലേയ്ക്ക് വിദേശീയരുടെ ഒഴുക്ക്