PM Modi In Japan : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
- Published by:Sneha Reghu
- news18-malayalam
Last Updated:
ജപ്പാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമൊത്ത് ട്രെയിൻ യാത്ര നടത്തി
ടോക്കിയോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ബിസിനസ്സ് എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെച്ചു. ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലവിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ ജപ്പാൻ സന്ദർശനം.
ഇന്ത്യയിൽ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ ഉറപ്പുനൽകി. ഇന്ത്യൻ വിപണി ജപ്പാന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുമെന്നും ചർച്ചകൾക്ക് ശേഷം ഇഷിബ മാധ്യമങ്ങളോട് പ്രതികരിച്ചു. ടോക്കിയോയിൽ എത്തിയ മോദിക്ക് ജാപ്പനീസ് സമൂഹവും ഇന്ത്യൻ സമൂഹവും ചേർന്ന് ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ഇന്ത്യൻ സംസ്കാരം പ്രതിഫലിക്കുന്ന വിവിധ കലാപരിപാടികളും അദ്ദേഹത്തിനായി ഒരുക്കിയിരുന്നു.
advertisement
അതേസമയം, ജപ്പാൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമൊത്ത് ട്രെയിൻ യാത്ര നടത്തി. യാത്രക്കിടെ ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയിൽ പ്രത്യേക പരിശീലനം നേടുന്ന ഇന്ത്യൻ ട്രെയിൻ ഡ്രൈവർമാരുമായി മോദി സംവദിച്ചു. അതിവേഗ റെയിൽ സാങ്കേതികവിദ്യയിലും നൈപുണ്യ വികസനത്തിലുമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന സഹകരണത്തിന്‍റെ സൂചനയാണിത്.
യാത്രയുടെ ചിത്രങ്ങൾ ജാപ്പനീസ് പ്രധാനമന്ത്രി തന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. "പ്രധാനമന്ത്രി മോദിയോടൊപ്പം സെൻഡായിലേക്ക്. കഴിഞ്ഞ രാത്രിയുടെ തുടർച്ചയായി, ഞാൻ നിങ്ങളോടൊപ്പമുണ്ട്," എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിന് ഊന്നൽ നൽകുന്നതാണ് ഈ യാത്ര. കൂടാതെ, കണക്റ്റിവിറ്റി, സാങ്കേതികവിദ്യാ കൈമാറ്റം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള വിശാലമായ ശ്രമങ്ങളെയും ഇത് സൂചിപ്പിക്കുന്നു.
ഇന്ത്യൻ ട്രെയിൻ ഡ്രൈവർമാരുമായുള്ള കൂടിക്കാഴ്ച, രാജ്യത്തിന്‍റെ ഭാവിയിലെ അതിവേഗ റെയിൽ ഇടനാഴികൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള ഒരു വിദഗ്ദ്ധ തൊഴിലാളി സമൂഹത്തെ വികസിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നീക്കമായി വിലയിരുത്തപ്പെടുന്നു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നാളെ ചൈനയിലേക്ക് തിരിക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
August 30, 2025 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
PM Modi In Japan : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി