'ബഹിരാകാശത്ത് ഒന്‍പത് മാസം കഴിയേണ്ടി വന്നതിന് കാരണക്കാർ'; മൗനം വെടിഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മോറും
- Published by:Sneha Reghu
- news18-malayalam
Last Updated:
ബഹിരാകാശത്ത് ദീര്‍ഘനാള്‍ തുടരേണ്ടി വന്നതിനുള്ള യഥാര്‍ത്ഥ കാരണക്കാര്‍ ആരൊക്കെയാണ് സുനിത വില്യംസും ബുച്ച് വില്‍മോറും വെളിപ്പെടുത്തിയിരിക്കുകയാണ്
വെറും എട്ടുദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യത്തിനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിംഗ് കമ്പനി പുതിയതായി വികസിപ്പിച്ച സ്റ്റാര്‍ ലൈനര്‍ പേടകത്തില്‍ നാസയുടെ ബഹിരാകാശ ഗവേഷകരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍, ചില സാങ്കേതിക തകരാറുകള്‍ മൂലം ഇരുവരും ഒന്‍പത് മാസത്തോളം ബഹിരാകാശനിലയത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു.
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ മാര്‍ച്ച് 18ന് ഇരുവരും ഫ്‌ളോറിഡ തീരത്ത് ലാന്‍ഡ് ചെയ്തു. ''രാഷ്ട്രീയ കാരണങ്ങളാലാണ്'' സുനിതയും വില്‍മോറും ബഹിരാകാശത്ത് കുടുങ്ങിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും കുറ്റപ്പെടുത്തിയിരുന്നു. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനു നേരെയാണ് ഇരുവരും വിരല്‍ ചൂണ്ടിയത്.
ബഹിരാകാശ യാത്രികരെ തിരികെ കൊണ്ടുവരാന്‍ ബൈഡന്‍ സര്‍ക്കാര്‍ 'തിടുക്കം കാണിച്ചില്ലെന്നും' സുനിതയും വിൽമോറും മടങ്ങിയെത്തി മണിക്കൂറുകള്‍ക്കകം വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. എന്നാല്‍, ദീര്‍ഘകാലം ബഹിരാകാശത്ത് തങ്ങാനുണ്ടായ കാരണമായി രാഷ്ട്രീയ ഇടപെടലുകളെ ഇരുവരും തള്ളിക്കളഞ്ഞു.
advertisement
ബഹിരാകാശത്ത് ദീര്‍ഘനാള്‍ തുടരേണ്ടി വന്നതിനുള്ള യഥാര്‍ത്ഥ കാരണക്കാര്‍ ആരൊക്കെയാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുകയാണ്. ഭൂമിയിലേക്ക് തിരികെയെത്തിയതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
ആരെയാണ് അവര്‍ കുറ്റപ്പെടുത്തുന്നത്?
ബഹിരാകാശനിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വരുമെന്ന് അറിഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെക്കുറിച്ചും തങ്ങളുടെ ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിയെക്കുറിച്ചും ഭ്രമണപഥത്തില്‍ സമയം ചെലവഴിച്ചതിനെ കുറിച്ചും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും തുറന്നു പറഞ്ഞു.
''ഞങ്ങള്‍ ഇപ്പോ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട് എന്നതാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെത്തിയ കാര്യം,'' ഫോക്‌സ് ന്യൂസിന്റെ അവതാരകനായ ബില്‍ ഹെമ്മറിനോട് സുനിത പറഞ്ഞു. എന്നാൽ ''നമുക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താമെന്നാണ് താന്‍ കരുതിയതെന്ന്'' ബുച്ച് വില്‍മോര്‍ പറഞ്ഞു. ദൗത്യസമയം ദീര്‍ഘിപ്പിച്ചത് കേട്ട നിമിഷം തന്റെ കുടുംബത്തെക്കുറിച്ച് ചിന്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം, ബോയിംഗ് തങ്ങളെ ''പരാജയപ്പെടുത്തിയെന്ന'' ധാരണ ഇരുവരും തള്ളിക്കളഞ്ഞു. ബഹിരാകാശ ദൗത്യത്തെ സംബന്ധിച്ചുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ആവശ്യമായ ചോദ്യങ്ങള്‍ ചോദിക്കാത്തതിനും മേല്‍നോട്ടം നടത്താത്തിനും താനുള്‍പ്പെടെ എല്ലാവരും ഒരു പരിധി വരെ കുറ്റക്കാരാണെന്ന് ബുച്ച് വില്‍മോര്‍ പറഞ്ഞു.
''സിഎഫ്ടിയുടെ കമാന്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ ചോദിക്കാതിരുന്ന നിരവധി ചോദ്യങ്ങളുണ്ട്. അക്കാര്യത്തില്‍ ഞാനും കുറ്റക്കാരനാണ്. അത് ഞാന്‍ രാജ്യത്തോട് സമ്മതിക്കുന്നു. ഞാന്‍ മുന്‍കൂട്ടി ചോദിക്കാത്ത ചില ചോദ്യങ്ങളുണ്ട്. അവ ഞാന്‍ ചോദിക്കേണ്ടതായിരുന്നു. എനിക്ക് അക്കാര്യം അവരോട് ചോദിക്കേണ്ട സമയത്ത് അറിയില്ലായിരുന്നു. എന്നാല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ചില സൂചനകളുണ്ടായിരുന്നുവെന്ന് തോന്നുന്നു,'' വില്‍മോര്‍ പറഞ്ഞു.
advertisement
''ബോയിംഗിനെ കുറ്റപ്പെടുത്തണോ? അവര്‍ കുറ്റക്കാരാണോ? നാസയെ കുറ്റപ്പെടുത്തണോ? അവര്‍ കുറ്റക്കാരാണോ? എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ട്. പരീക്ഷണങ്ങളിലെ ചില പോരായ്മകളും നമ്മള്‍ മുന്‍കൂട്ടി കണ്ടിട്ടില്ലാത്ത തയ്യാറെടുപ്പുകളിലെ പോരായ്മകളുമുണ്ടായിരുന്നു,'' വില്‍മോര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരുടെയും നേരെ വിരല്‍ ചൂണ്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം മുന്‍കാല തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നോക്കാനാണ് താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്രംപിനും മസ്‌കിനും നന്ദി
ബഹിരാകാശ പദ്ധതിയില്‍ ട്രംപും മസ്‌കും എടുത്ത പങ്കാളിത്തതിന് ഇരുവരും നന്ദി അറിയിച്ചു. ''അവര്‍ പറയുന്നതൊന്നും വിശ്വസിക്കാതിരിക്കാന്‍ എനിക്ക് കാരണമൊന്നുമില്ല. കാരണം, അവര്‍ എന്റെ വിശ്വാസം നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ പ്രമുഖ നേതാക്കള്‍ മനുഷ്യരുള്‍പ്പെട്ട ബഹിരാകാശ പദ്ധതിയില്‍ പങ്കുകാരാകുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. അത് ആഗോളതലത്തില്‍ വളരെ പ്രാധാന്യമുള്ളതായി ഞങ്ങള്‍ കാണുന്നു. അവര്‍ അതില്‍ സജീവമായ പങ്കുവഹിക്കുന്നുണ്ട്,'' വില്‍മോര്‍ പറഞ്ഞു.
advertisement
''ദേശീയനേതാക്കള്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത് നമ്മുടെ രാജ്യത്തിന് നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നു. അക്കാര്യത്തില്‍ ഞാന്‍ നന്ദിയുള്ളവനാണ്,'' വില്‍മോര്‍ കൂട്ടിച്ചേര്‍ത്തു.
ഇതേ വികാരം തന്നെയാണ് സുനിത വില്യംസും പങ്കുവെച്ചത്. ഇവര്‍ വിഷയത്തില്‍ ഇടപെട്ടതും ഇക്കാര്യം ശ്രദ്ധിക്കുന്നതും കാണുന്നതില്‍ സന്തോഷമുണ്ടെന്ന് സുനിത പറഞ്ഞു. മസ്‌കും ട്രംപും ഉള്‍പ്പെടെ നിരവധി ആളുകളെ ബഹിരാകാശനിലയത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാനും അത് ഗൗരവത്തോടെ എടുക്കാനും തങ്ങളുടെ ഒന്‍പത് മാസത്തെ ദൗത്യം അനുവദിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
April 01, 2025 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ബഹിരാകാശത്ത് ഒന്‍പത് മാസം കഴിയേണ്ടി വന്നതിന് കാരണക്കാർ'; മൗനം വെടിഞ്ഞ് സുനിത വില്യംസും ബുച്ച് വില്‍മോറും