ഓസ്‌ട്രേലിയ ബീച്ച് ആക്രമണത്തെ ആയുധങ്ങളില്ലാതെ നേരിട്ട സിറിയൻ വംശജന് 25 ലക്ഷം ഡോളർ
- Published by:Nandu Krishnan
- news18-malayalam
Last Updated:
43,000 പേരില്‍ നിന്നായി സമാഹരിച്ചതാണ് ഈ തുകയാണ് അക്രമിയെ സധൈര്യം നേരിട്ട വ്യാപാരി അഹമ്മദ് അല്‍ അഹമ്മദിന് ധനസഹായമായി നൽകിയത്
ഓസ്‌ട്രേലിയയില്‍ സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ അക്രമിയെ സധൈര്യം നേരിട്ട വ്യാപാരി അഹമ്മദ് അല്‍ അഹമ്മദിന് ധനസഹായമായി 25 ലക്ഷം ഡോളറിന്റെ (ഏകദേശം 22.56 കോടി രൂപ) ചെക്ക് കൈമാറി. 43,000 പേരില്‍ നിന്നായി സമാഹരിച്ചതാണ് ഈ തുക. സിറിയന്‍ വംശജനായ അഹമ്മദ് പതിറ്റാണ്ടുകളായി കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
അക്രമം നടന്ന സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഇയാള്‍ അക്രമികളില്‍ ഒരാളെ പിന്നില്‍ നിന്നും തള്ളി നിരായുധനാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ അഹമ്മദിനെ പ്രശംസിച്ച് രംഗത്തെത്തി. മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ഹീറോ' എന്നാണ്.
അക്രമികളുമായുള്ള ഏറ്റമുട്ടലില്‍ പരിക്കേറ്റ അഹമ്മദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയിലെത്തി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറായ സാക്കറി ഡെറെനിയോവ്‌സ്‌കിയാണ് ചെക്ക് അദ്ദേഹത്തിന് നല്‍കിയത്. ചെക്ക് നല്‍കുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചെക്കുമായി വന്ന സാക്കറിയോട് 'താന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ ?' എന്ന് അഹമ്മദ് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'ഓരോ രൂപയും' (പെന്നി) എന്ന് സാക്കറി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.
advertisement
'കാര്‍ഹബ്' ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ അഹമ്മദിനായി ആരംഭിച്ച 'ഗോഫണ്ട്‍മി' (GoFundMe) പേജ് വഴിയാണ് 1.7 മില്യണ്‍ ഡോളറിലധികം സമാഹരിച്ചത്. 29,000ത്തിലധികം പേര്‍ സംഭാവനയില്‍ പങ്കാളികളായി. യുഎസ് കോടീശ്വരനായ ബില്‍ അക്മന്‍ 99,999 ഡോളറും ഹോളിവുഡ് ഹാസ്യതാരമായ അമി ഷൂമെര്‍ 2,257 ഡോളറും ഓസ്‌ട്രേലിയന്‍ സംഗീതജ്ഞന്‍ കിഡ് ലറോയ് 5,000 ഡോളറും സംഭവന നല്‍കിയിട്ടുണ്ട്.
പണം സംഭാവന നല്‍കിയവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അഹമ്മദിന്റെ മറുപടി ഇങ്ങനെയായിരുന്നു, "എല്ലാ മനുഷ്യരും പരസ്പരം ഒരുമിച്ച് നില്‍ക്കുക. മോശമായതും ഭൂതകാലത്തിലുള്ളതുമായ കാര്യങ്ങള്‍ മറക്കുക, ജീവന്‍ രക്ഷിക്കാന്‍ മുന്നോട്ടുപോകുക".
advertisement
"ഞാന്‍ ആളുകളെ രക്ഷിക്കുന്നത് മനസ്സറിഞ്ഞാണ്. എല്ലാവരും കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന നല്ല ദിവസമായതിനാല്‍ എല്ലാവരും സന്തോഷത്തില്‍ ആയിരുന്നു. അവര്‍ ആഘോഷിക്കാന്‍ അര്‍ഹരാണ്. അത് അവരുടെ അവകാശമാണ്", അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
ബോണ്ടി ബീച്ചില്‍ നടന്ന യഹൂദരുടെ ആഘോഷത്തിനു നേരെയാണ് ആക്രമികള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 42 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരത്തോളം ആളുകള്‍ അന്നവിടെ ആഘോഷിക്കാനെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികളില്‍ ഒരാളായ സാജിദ് അക്രത്തിന്റെ ലോങ് ആം റൈഫിള്‍ ആണ് അഹമ്മദ് ധീരതയോടെ കൈക്കലാക്കിയത്. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് പുറകില്‍ മറഞ്ഞിരുന്ന് അഹമ്മദ് അക്രമിയെ നേരിടുകയായിരുന്നു. വീഡിയോ വൈറലായതോടെ നാട്ടുകാരും രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും അഹമ്മദിന്റെ ധീരതയെ പ്രശംസിച്ചു.
advertisement
ആളുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അഹമ്മദിന്റെ ഇടതുകൈയ്യില്‍ 5 വെടിയുണ്ടകളും ഇടതുതോളില്‍ ഒരു വെടിയുണ്ടയും ഏറ്റു. തന്റെ പ്രവൃത്തികളില്‍ അദ്ദേഹം ഖേദിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ അദ്ദേഹം ഇനിയും ചെയ്യുമെന്നും അഹമ്മദിന്റെ മൈഗ്രേഷന്‍ അഭിഭാഷകനായ സാം ഇസ്സ പറഞ്ഞു.
യുദ്ധത്തില്‍ തകര്‍ന്ന സിറിയയില്‍ നിന്നും 2006-ലാണ് ആദ്യമായി അഹമ്മദ് ഓസ്‌ട്രേലിയയില്‍ എത്തിയത്. സിഡ്‌നിയിലെ സതര്‍ലാന്‍ഡിലെ പ്രാന്തപ്രദേശത്ത് 'സിഗാര' എന്ന പുകയില കട നടത്തുകയാണ് അഹമ്മദ്. പ്രാരംഭ റിപ്പോര്‍ട്ടുകളില്‍ അഹമ്മദിനെ ഒരു പഴക്കച്ചവടക്കാരനായി തെറ്റിദ്ധരിച്ചിരുന്നു.
advertisement
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസും ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സും അഹമ്മദിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. അല്‍ബനീസ് അഹമ്മദിനെ 'യഥാര്‍ത്ഥ ഓസ്‌ട്രേലിയന്‍ നായകന്‍' എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെ കണ്ടുമുട്ടിയത് 'വലിയ ബഹുമതി'യാണെന്ന് പറയുകയും ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 19, 2025 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഓസ്‌ട്രേലിയ ബീച്ച് ആക്രമണത്തെ ആയുധങ്ങളില്ലാതെ നേരിട്ട സിറിയൻ വംശജന് 25 ലക്ഷം ഡോളർ









