ഹൈസ്കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ ട്രാൻസ് പെൺകുട്ടിയോട് ആൺകുട്ടിയെപ്പോലെ വസ്ത്രം ധരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ. അമേരിക്കയിലെ മിസിസിപ്പിയിലാണ് സംഭവം. അധികൃതരുടെ നിർബന്ധത്തെത്തുടർന്ന് വിദ്യാർത്ഥിക്ക് ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാനായില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിസിസിപ്പിയിലെ ഹാരിസൺ സെൻട്രൽ ഹൈസ്കൂളിലാണ് സംഭവം നടന്നത്.
17 കാരിയായ പെൺകുട്ടിയോട് ആൺകുട്ടിയെപ്പോലെ പാന്റും സോക്സും ഷൂസും ധരിച്ചെത്താനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്. തുടർന്ന് പെൺകുട്ടിയും കുടുംബവും അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനിൽ കേസ് കൊടുത്തിരുന്നു. സ്കൂളിന്റെ തീരുമാനം ശരി വെച്ചു കൊണ്ടുള്ള വിധിയാണ് ജില്ലാ ജഡ്ജി ടെയ്‌ലർ മക്‌നീൽ പ്രസ്താവിച്ചത്. ഈ വിധി തീർത്തും നിരാശാജനകമാണെന്ന് വിദ്യാർത്ഥിനിയുടെ അഭിഭാഷകയായ ലിൻഡ മോറിസ് പറഞ്ഞു.
“എന്റെ കക്ഷി ഇവിടെ അപമാനിക്കപ്പെടുകയാണുണ്ടായത്. അവൾക്കും അവളുടെ കുടുംബത്തിനും ജീവിതത്തിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് നിഷേധിക്കപ്പെട്ടത്. ലിംഗഭേദം കാരണം ആരുടെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകരുത്,” മോറിസ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും തന്റെ കക്ഷി പാലിച്ചിരുന്നു എന്നും ചടങ്ങിനായുള്ള വസ്ത്രം പോലും വാങ്ങി അവൾ തയ്യാറെടുത്തിരുന്നു എന്നും അഭിഭാഷക കൂട്ടിച്ചേർത്തു.
അക്കാദമിക് വിഷയങ്ങളിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിയായിരുന്നു തന്റെ കക്ഷി എന്നും മോറിസ് പറഞ്ഞു. ട്രാൻസ് പെൺകുട്ടി ആണുങ്ങളെപ്പോലെ പാന്റ്, ഷൂസ്, സോക്സ് എന്നിവ ധരിച്ചെത്തിയില്ലെങ്കിൽ കുട്ടിയെ ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന് സ്കൂൾ അധികൃതർ അമ്മയെയും അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.