വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. ഭൂരിപക്ഷത്തിന് വേണ്ട 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ
ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിന് ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്.
Also Read-
കാപിറ്റോൾ കലാപത്തിൽ ഇന്ത്യയുടെ ത്രിവർണ പതാകയുമായി ട്രംപ് അനുകൂലി; ആളെത്തിരഞ്ഞ് സോഷ്യൽ മീഡിയ
തെരഞ്ഞെടുപ്പിൽ 306 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായ
ബൈഡന് ലഭിച്ചത്. 232 വോട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപിന് ലഭിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ജനുവരി 20ന് ഭരണ കൈമാറ്റം യഥാക്രമം നടക്കുമെന്ന് യുഎസ് കോൺഗ്രസ് വിജയം അംഗീകരിച്ചതിന് മിനിറ്റുകൾക്കകം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“തെരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീർത്തും വിയോജിപ്പുണ്ടെങ്കിലും വസ്തുതകൾ എന്നെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും, ജനുവരി 20 ന് യഥാക്രമം ഭരണകൈമാറ്റം സംഭവിക്കും”- വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് ഡാൻ സ്കാവിനോ പുറത്തിറക്കിയ പ്രസ്താവനയിൽ
ഡൊണാൾഡ് ട്രംപ് പറഞ്ഞു.
''നിയമപരമായ വോട്ടുകൾ മാത്രമേ കണക്കാക്കൂവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് ഞാൻ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. പ്രസിഡൻഷ്യൽ ചരിത്രത്തിലെ ആദ്യ ടേമിന്റെ അവസാനത്തെ ഇത് പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും, അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ആരംഭം മാത്രമാണ് ഇത് ”- ട്രംപ് കൂട്ടിച്ചേർത്തു.
Also Read
യു.എസ് പാർലമെന്റിലേക്ക് ട്രംപ് അനുകൂലികൾ ഇരച്ചുകയറി; വെടിവെയ്പ്പിൽ ഒരു മരണം
ഇന്നത്തെ യുഎസ് കോൺഗ്രസിന്റെ അംഗീകാരം കേവലം ഔപചാരികത മാത്രമാണെങ്കിലും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ നിലവിലെ പ്രസിഡന്റ് ട്രംപ് വിസമ്മതിക്കുകയും ഭരണകൈമാറ്റം തടയാൻ ശ്രമിക്കുകയും ചെയ്തതാണ് ഈ സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. അമേരിക്കൻ രാഷ്ട്രീയ വ്യവസ്ഥയിൽ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്നത് ഇലക്ടറൽ കോളേജാണ്. 538 അംഗങ്ങളുള്ള ഒരു ഭരണഘടനാ സംഘമാണ് ഇലക്ടറൽ കോളജ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നതിന് നാല് വർഷത്തിലൊരിക്കൽ ഈ കോളജ് രൂപീകരിക്കുന്നു.
ട്രംപ് അനുകൂലികൾ യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം കുറച്ചുനേരത്തേക്ക് മാറ്റിവച്ചിരുന്നു. കാപ്പിറ്റോൾ കെട്ടിടത്തിനുള്ളിലെ അക്രമമാണ് നാല് പേരുടെ മരണത്തിലേക്ക് നയിച്ചത്. 50 ഓളം പേരെ പിന്നീട് അറസ്റ്റ് ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും നിയമനിർമ്മാതാക്കളെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. 78 കാരനായ ജോ ബൈഡനും 56കാരിയായ
കമല ഹാരിസും ജനുവരി 20 ന് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി സത്യപ്രതിജ്ഞ ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.