• HOME
  • »
  • NEWS
  • »
  • world
  • »
  • Iran | ഇറാനിൽ അധികാരം കൈയാളുന്നത് ആര്? പരമോന്നത നേതാവിന്റെ അധികാരങ്ങൾ എന്തൊക്കെ?

Iran | ഇറാനിൽ അധികാരം കൈയാളുന്നത് ആര്? പരമോന്നത നേതാവിന്റെ അധികാരങ്ങൾ എന്തൊക്കെ?

ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്

  • Share this:
ഹിജാബ് (hijab) ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സദാചാര പോലീസ് പിടികൂടിയ മഹ്‌സ അമിനിയെന്ന യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് ഇറാനില്‍ (iran) പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് 150ഓളം പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍ നിന്ന് തലസ്ഥാനമായ ടെഹ്റാനിലേക്ക് എത്തിയതായിരുന്നു മഹ്സ അമിനിയെന്ന (Mahsa Amini ) 22 കാരി. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്നാരോപിച്ചായിരുന്നു മഹ്സ അമിനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ തടങ്കലിലായിരുന്ന അമിനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. മൂന്ന് ദിവസം കോമയിലായിരുന്ന യുവതി പിന്നീട് മരിച്ചു. എന്നാല്‍ ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ആര്?

1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയാണ് (ayatollah ali khamenei) ഇറാനിലെ ഏറ്റവും അധികാരമുള്ള വ്യക്തി. രാഷ്ട്രത്തിന്റെ തലവനും കമാന്‍ഡര്‍ ഇന്‍ ചീഫുമാണ് അദ്ദേഹം. ദേശീയ പോലീസിനും സദാചാര പോലീസിനും മേല്‍ അദ്ദേഹത്തിന് അധികാരമുണ്ട്. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്സ് (IRGC), അതിന്റെ സന്നദ്ധ വിഭാഗമായ ബാസിജ് റെസിസ്റ്റന്‍സ് ഫോഴ്സ് (basij) എന്നിവയും ആയത്തുള്ള ഖമേനിയുടെ നിയന്ത്രണത്തിലാണ്.

ഇറാന്റെ ആഭ്യന്തര സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള സംഘടനയാണ് IRGC. സംഘടന ഇപ്പോള്‍ ഇറാനിലെ ഒരു പ്രധാന സൈനിക, രാഷ്ട്രീയ, സാമ്പത്തിക ശക്തിയാണ്. 150,000-ത്തിലധികം ഉദ്യോഗസ്ഥര്‍ സംഘടനയിലുണ്ട്. സ്വന്തമായി കരസേനയും നാവികസേനയും വ്യോമസേനയും ഐആർജിസിയ്ക്കുണ്ട്.

1979ലാണ് ബാസിജ് എന്ന സംഘടന രൂപീകരിച്ചത്. ഇറാനിലെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും രാജ്യത്തിന്റെ പല ഔദ്യോഗിക സ്ഥാപനങ്ങളിലും ഇതിന് ശാഖകളുണ്ട്. ബാസിജികള്‍ എന്നാണ് അതിലെ അംഗങ്ങളെ വിളിക്കുന്നത്. സംഘടനയിലെ ഏകദേശം 100,000 പേര്‍ ആഭ്യന്തര സുരക്ഷാ ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ട്.

പരമോന്നത നേതൃസ്ഥാനത്ത് രണ്ടാം സ്ഥാനമാണ് പ്രസിഡന്റ് ഇബ്രാഹിം റൈസിക്കുള്ളത്. സര്‍ക്കാരിന്റെ ദൈനംദിന നടത്തിപ്പിനും ആഭ്യന്തര നയത്തിലും വിദേശ സംബന്ധമായ കാര്യങ്ങളിലും അദ്ദേഹത്തിന് കാര്യമായ സ്വാധീനമുണ്ട്. എന്നിരുന്നാലും, സുരക്ഷാ കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ അധികാരം താരതമ്യേന കുറവാണ്.

ദേശീയ പൊലീസ് സേനയുടെ നിയന്ത്രണം പ്രസിഡന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിനാണ്. എന്നാല്‍, ആയത്തുള്ള അലി ഖമേനിയാണ് കമാന്‍ഡറെ നിയമിച്ചത്. ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സിന്റെയും ബാസിജിന്റെയും കമാന്‍ഡറുടെ കാര്യവും ഇങ്ങനെ തന്നെയാണ്. പ്രതിഷേധങ്ങള്‍ ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കണമെന്ന് ആയത്തുള്ള അലി ഖമേനി നിര്‍ദേശം നല്‍കുകയാണെങ്കില്‍, പ്രസിഡന്റിന് അത് അതേപടി അനുസരിക്കേണ്ടി വരും.

Also Read- ഹിജാബ് ധരിക്കാതെ ഇറാനിലെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ച യുവതിയെ അറസ്റ്റ് ചെയ്തായി ആരോപണം

1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ശരിയായ വസ്ത്രധാരണത്തെ കുറിച്ചുള്ള ഇസ്ലാമിക ധാര്‍മികതയും നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനായി 2005ലാണ് സദാചാര പൊലീസ് സേനയ്ക്ക് അധികാരം നല്‍കിയത്. സേനയിലെ 7000 പുരുഷ-വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ പിഴ ചുമത്താനോ അറസ്റ്റ് ചെയ്യാനോ അധികാരമുണ്ട്.

ഹിജാബ് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി പ്രസിഡന്റ് റൈസി ഈ വര്‍ഷം പുതിയ നടപടികള്‍ കൊണ്ടുവന്നിരുന്നു. തല മറയ്ക്കാത്ത സ്ത്രീകളെ കണ്ടെത്തുന്നതിനായി നിരീക്ഷണ ക്യാമറകള്‍ വെച്ചതാണ് ആദ്യപടിയായി ചെയ്തത്. കൂടാതെ, സോഷ്യല്‍ മീഡിയയില്‍ ഹിജാബ് നിയമങ്ങളെ എതിര്‍ക്കുന്ന ആളുകള്‍ക്ക് നിര്‍ബന്ധിത ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
Published by:Anuraj GR
First published: