ട്രംപിന്റെ 50 ലക്ഷം ഡോളറിന്റെ ഗോള്‍ഡ് കാര്‍ഡില്‍ കോടീശ്വരന്മാര്‍ക്ക് താത്പര്യമില്ലേ ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാരില്‍ പലരും പദ്ധതിയോട് വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ട്
ട്രംപിന്റെ 50 ലക്ഷം ഡോളറിന്റെ ഗോള്‍ഡ് കാര്‍ഡ് പദ്ധതിയോട് തണുപ്പന്‍ പ്രതികരണവുമായി കോടീശ്വരന്മാര്‍. 50 ലക്ഷം ഡോളര്‍ നിക്ഷേപം നല്‍കിയാല്‍ യുഎസില്‍ സ്ഥിരതാമസവും ജോലിയും വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി. പദ്ധതി പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ലോകമെമ്പാടുനിന്നുമുള്ള ശതകോടീശ്വരന്മാരില്‍ പലരും പദ്ധതിയോട് വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
''ഈ കാര്‍ഡ് സ്വന്തമാക്കുന്നതിലൂടെ സമ്പന്നരായ ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് വരും. അവര്‍ സമ്പന്നരാകും. അവര്‍ വിജയിക്കുകയും ചെയ്യും,'' കഴിഞ്ഞയാഴ്ച പദ്ധതി അവതരിപ്പിച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാന്‍ കാര്‍ഡുകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ത് ലക്ഷത്തോളം കാര്‍ഡുകള്‍ വില്‍ക്കാന്‍ കഴിയുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ കണക്കുകൂട്ടല്‍ ശരിയായാല്‍ പത്ത് ലക്ഷം കാര്‍ഡുകള്‍ കൊടുക്കാന്‍ കഴിഞ്ഞാല്‍ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എന്നാല്‍ വളരെക്കുറച്ച് കോടീശ്വരന്മാര്‍ മാത്രമാണ് ഈ കാര്‍ഡ് വാങ്ങാന്‍ താത്പര്യപ്പെട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൗരത്വം നേടാതെ തന്നെ യുഎസില്‍ പണം നിക്ഷേപിക്കാവുന്ന, താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഉള്ളതാണ് കാരണം. ആഗോളതലത്തില്‍ 18 ശതകോടീശ്വരന്മാരോട് സംസാരിച്ചുവെന്നും അതില്‍ രണ്ട് പേര്‍ മാത്രമാണ് ഗോള്‍ഡ് കാര്‍ഡ് വാങ്ങുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതെന്ന് പറഞ്ഞതായി ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
''ഇന്ത്യയല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പൗരത്വം നേടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് ഈ നൂറ്റാണ്ടിലെന്ന്'' മാക്‌സ് ഹെല്‍ത്ത്‌കെയറിന്റെ എംഡിയും ശതകോടീശ്വരനുമായ അഭയ് സോയി ഫോബ്‌സിനോട് പറഞ്ഞു.
advertisement
സമ്പന്നര്‍ക്ക് ഗോള്‍ഡ് കാര്‍ഡ് ശരിക്കും ആവശ്യമില്ലെന്ന് ഒരു കനേഡിയന്‍ കോടീശ്വരന്‍ പറഞ്ഞു. ''നിങ്ങള്‍ ഒരു ശതകോടീശ്വരനാണെങ്കില്‍ അതിന്റെ ആവശ്യം നിങ്ങള്‍ക്ക് ഇല്ല. അമേരിക്കയില്‍ നിക്ഷേപിക്കാന്‍ ഞാന്‍ അമേരിക്കന്‍ പൗരനാകേണ്ടതില്ലെന്നതാണ് കാരണം,'' അദ്ദേഹം പറഞ്ഞു. സമാനമായ അഭിപ്രായമാണ് യൂറോപ്പില്‍നിന്നുള്ള ഒരു കോടീശ്വരനും പറഞ്ഞത്.
റഷ്യയിലെ പ്രഭുക്കന്മാരെയും ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ''വളരെ നല്ല ആളുകളായ ചില റഷ്യന്‍ പ്രഭുക്കന്മാരെ എനിക്ക് അറിയാം. അവര്‍ക്ക് കാര്‍ഡ് വാങ്ങാന്‍ അനുമതിയുണ്ടാകും. അവര്‍ക്ക് 50 ലക്ഷം ഡോളര്‍ താങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്,'' അദ്ദേഹം പറഞ്ഞു.
advertisement
യുക്രൈനിനെതിരേ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ ബാധിച്ച റഷ്യന്‍ പ്രഭുക്കന്മാരെ ഉദ്ദേശിച്ചാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്.
എന്നാല്‍, ഗോള്‍ഡ് കാര്‍ഡിനായി 50 ലക്ഷം ഡോളര്‍ ചെലവഴിക്കുന്നത് പരിഗണിക്കുന്നില്ലെന്നാണ് റഷ്യയിലെ ഒരു പ്രഭു പറഞ്ഞതെന്ന് ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ''ഒരു ബിസിനസ് ആശയം മനസ്സിലുള്ള ഒരാള്‍ക്ക് ഇപ്പോള്‍ ഇത്രയധികം ചെലവില്ലാതെ അത് ചെയ്യാന്‍ കഴിയുന്നുണ്ട്. പിന്നെ എന്തിനാണ് 50 ലക്ഷം ഡോളര്‍ ചെലവഴിക്കുന്നത്. ആരാണ് ഈ 50 ലക്ഷം ഡോളര്‍ നല്‍കുകയെന്ന് എനിക്ക് മനസ്സിലാകുന്നില്ല,'' പ്രഭു പറഞ്ഞതായി ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
March 07, 2025 1:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന്റെ 50 ലക്ഷം ഡോളറിന്റെ ഗോള്‍ഡ് കാര്‍ഡില്‍ കോടീശ്വരന്മാര്‍ക്ക് താത്പര്യമില്ലേ ?