'ഞാൻ ഇപ്പോഴും മുസ്ലിമാണ്, മതം മാറാൻ ഭർത്താവ് ആവശ്യപ്പെട്ടിട്ടില്ല'; നടിയും ബിജെപി നേതാവുമായ ഖുശ്ബു
- Published by:Rajesh V
- news18-malayalam
Last Updated:
"അമ്മയും ഞാനും കാണുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്നു പറഞ്ഞാണ്."
ചെന്നൈ: മുസ്ലിമായാണ് ജനിച്ചത് എന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബിജെപി നേതാവുമായ ഖുശ്ബു (Kushboo). എന്നാൽ മുസ്ലിമിനെ പോലെ ഹിന്ദുമതവും താൻ പിന്തുടരുന്നുണ്ടെന്നും അഭിമുഖത്തിൽ അവർ പറഞ്ഞു. 'മുസ്ലിമായാണ് ജനിച്ചത്. നിറയെ ഹിന്ദുക്കൾ വസിക്കുന്ന സ്ഥലത്താണ് വളർന്നത്. പരമ്പരാഗത മുസ്ലിം കുടുംബത്തിൽപ്പട്ടവൾ ആയിരുന്നു എങ്കിലും വിനായക ചതുർത്ഥിയും ദീപാവലിയും ഞങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. ഗണേശ ഭഗവാനാണ് കൂടുതൽ അടുപ്പമുള്ള ഹിന്ദു ദേവൻ. ഞാനദ്ദേഹത്തെ വിഗ്ഗി എന്നാണ് വിളിച്ചിരുന്നത്. ഇന്നെന്റെ വീട്ടിൽ ധാരാളം ഗണേശ വിഗ്രഹങ്ങൾ കാണാം.' - അവർ പറഞ്ഞു.
advertisement
മുസ്ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ലെന്നും എല്ലാ മതാഘോഷങ്ങളിലും പങ്കെടുക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 'അമ്മയും ഞാനും കാണുമ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്നു പറഞ്ഞാണ്. ഞങ്ങൾ മുസ്ലിം ആചാരങ്ങൾ കൈയൊഴിഞ്ഞിട്ടില്ല. രണ്ടും സഹവർത്തിത്വത്തോടെ നിലനിൽക്കും. എന്റെ കുട്ടികൾ പെരുന്നാളും ദീപാവലും ഒരേ വീര്യത്തോടെ ആഘോഷിക്കാറുണ്ട്.' - അവർ കൂട്ടിച്ചേർത്തു. ദ വീക്ക് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ.
advertisement
ഭർത്താവ് മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. 'സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവർ ഞങ്ങളുടെ കുടുംബത്തിൽ വേറെയുമുണ്ട്. പങ്കാളികളെ മതം മാറാൻ ആരും നിർബന്ധിക്കാറില്ല. എന്റെ രണ്ടു സഹോദരങ്ങൾ അമുസ്‌ലിംകളെയാണ് വിവാഹം ചെയ്തത്. ഒരാൾ ഇന്തോനേഷ്യൻ ഹിന്ദുവിനെയും മറ്റൊരാൾ ക്രിസ്ത്യാനിയെയും. ഭർത്താവ് മതം മാറണമെന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല. അദ്ദേഹം റമസാനും പെരുന്നാളും ആഘോഷിക്കാറുണ്ട്.' - അവർ കൂട്ടിച്ചേർത്തു.
advertisement
ഹിന്ദുക്കളും മുസ്ലിങ്ങളുമായി ജീവിക്കുന്ന ധാരാളം പേർ രാജ്യത്തുണ്ടെന്നും ചിലർ മാത്രമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഖുശ്ബു കുറ്റപ്പെടുത്തി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമയിൽ ഒരുകാലത്ത് സജീവമായിരുന്ന നടി 1970 സെപ്റ്റംബർ 29ന് മുംബൈയിലെ വെർസോവയിൽ മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. നഖാത് ഖാൻ എന്നായിരുന്നു പേര്. 1980ൽ ബിആർ ചോപ്ര സംവിധാനം ചെയ്ത ദ ബേണിങ് ട്രയിനിലാണ് ആദ്യമായി വേഷമിട്ടത്. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു.
advertisement










