തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ (Allu Arjun) ഏറ്റവും പുതിയ ചിത്രമായിരുന്നു പുഷ്പ (Pushpa). ചിത്രത്തിലെ മാസ് ഡയലോഗുകൾ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പശ്ചിമ ബംഗാളിൽ (West Bengal) പത്താം ക്ലാസ് പരീക്ഷകളിലും സിനിമയുടെ സ്വാധീനം പ്രകടമായിരിക്കുകയാണ്. ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസിൽ എഴുതിയ സിനിമാ ഡയലോഗാണ് നെറ്റിസണ്‍സിനെ ചിരിപ്പിക്കുന്നത്. 'പുഷ്പരാജ്, ഞാന്‍ എഴുതില്ല' എന്ന, ചിത്രത്തിലെ ഡയലോഗാണ് വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ കുറിച്ചത്. ഈ ഡയലോഗ് ഒഴിച്ച് മറ്റൊന്നും വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ കുറിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
എന്നാല്‍ അധ്യാപകര്‍ വളരെ ആശങ്കയോടെയാണ് വിദ്യാർത്ഥിയുടെ പ്രവൃത്തിയെ നോക്കിക്കാണുന്നത്. മറുവശത്ത്, സോഷ്യല്‍ മീഡിയയാകട്ടെ സംഭവത്തെ തമാശയെന്ന നിലയിൽ ആഘോഷിക്കുകയാണ്. നിരവധി പേര്‍ ഉത്തരക്കടലാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു. പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തിനിടെ ഉത്തരക്കടലാസ് കണ്ട ഇന്‍വിജിലേറ്ററിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്. ഫഹദിന്റെ തെലുഗുവിലെ അരങ്ങേറ്റ ചിത്രമാണിത്. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് ഓഫീസറെയാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.
മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിച്ചത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിച്ചത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തിയത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.
തെന്നിന്ത്യന്‍ സിനിമയില്‍ മറ്റേത് അഭിനേതാവിനേക്കാളും ഉയരത്തിലാണ് അല്ലു അര്‍ജ്ജുന്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു. 17.9 മില്ല്യണ്‍ ഫോളോവേഴ്സാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്‍ജുന്‍. പുഷ്പയിലൂടെ റെക്കോര്‍ഡ് വിജയമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. ചിത്രത്തിലൂടെ ഉത്തരേന്ത്യയിലെയും മോസ്റ്റ് വാണ്ടഡ് സ്റ്റാര്‍ ഹീറോ ആയി അല്ലു മാറിയിരിക്കുകയാണ്.