ന്യൂഡൽഹി: രാജ്യത്ത് 30 കോടി പേർക്കുള്ള കോവിഡ് വാക്സിനേഷനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നീതി ആയോഗ് അംഗവും കോവിഡ് ടാസ്ക് ഫോഴ്സ് തലവനുമായ ഡോ. വിനോദ് പോൾ. വാക്സിനേഷൻ ഡ്രൈവിന്റെ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുൻഗണനാ ഗ്രൂപ്പുകളിൽ നിന്നുള്ള 30 കോടി ആളുകൾക്ക് വാക്സിൻ കുത്തിവയ്ക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പിനായുള്ള സർക്കാരിന്റെ സമീപനത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ ഡോ. വിനോദ് പോൾ നടത്തി. മുൻഗണനാ ഗ്രൂപ്പുകളിൽ 30 കോടി ആളുകളാണുള്ളതെന്ന് തിരിച്ചറിഞ്ഞു. "പൊതുജനാരോഗ്യ പ്രതിരോധമായി വാക്സിനേഷൻ ശ്രമത്തെ ഞങ്ങൾ കാണുന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യം. അതിനാൽ ഞങ്ങൾ ഉയർന്ന അപകടസാധ്യതയുള്ള വിഭാഗത്തെ ആദ്യം പരിഗണിക്കുന്നത്" അദ്ദേഹം പറഞ്ഞു.