പത്തനംതിട്ട: പന്തളത്ത് എംഡിഎംഎയുമായി പിടികൂടിയ പ്രതികളെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ്. പ്രതികളിൽനിന്ന് എംഡിഎംഎ കൂടാതെ കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. പിടിയിലായ യുവതി ഒപ്പമുണ്ടായിരുന്ന ഒരു യുവാവിന്‍റെ കാമുകിയാണെന്ന സൂചനയും പൊലീസ് നൽകുന്നു. ഇവർ ഉപയോഗിച്ച ഒമ്പത് മൊബൈൽ ഫോണുകളും രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പന്തളത്തെ ഒരു ലോഡ്ജിൽനിന്ന് 154 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്.
ഇവിടെനിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ ലക്ഷങ്ങൾ വില വരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. പത്തനംതിട്ട കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് മാസത്തോളം പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനൊടുവിലാണ് പന്തളത്തെ ലോഡ്ജ് വളഞ്ഞ് കഴിഞ്ഞ ദിവസം ഒരു യുവതി ഉൾപ്പടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്.
പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപമുളള ഹോട്ടലിൽ വെച്ചാണ് MDMA കച്ചവടം നടത്തുന്നതിനിടെ സംഘം പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് ടീം പരിശോധന നടത്തിയത്. പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയര്‍മാരാണ്.
വെള്ളിയാഴ്ച രാഹുലും ഷാഹിനയുമാണ് പന്തളത്തെ ലോഡ്ജിൽ മുറിയെടുത്തത്. സംഘത്തിലെ മറ്റുള്ളവർ പിന്നീട് ഇവിടേക്ക് വരികയായിരുന്നു. പിടിച്ചെടുത്ത എംഡിഎംഎയിൽ നാല് ഗ്രാം മാത്രമാണ് ഒരാളിൽനിന്ന് കണ്ടെടുത്തത്. ബാക്കിയെല്ലാം മുറിയിലുണ്ടായിരുന്ന ബാഗിൽനിന്നാണ് കണ്ടെടുത്തത്. സംഘത്തിലുണ്ടായിരുന്ന യുവതിയും ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. മുറിയിലെ അലമാരയിൽനിന്നാണ് കഞ്ചാവും ഗർഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും പൊലീസ് പിടിച്ചെടുത്തത്.
അറസ്റ്റിലായവർക്ക് മറ്റ് ജോലിയൊന്നും ഇല്ലെന്നും, ഇവർ ലഹരിമരുന്ന് വിൽപ്പനയിലൂടെയാണ് പണമുണ്ടാക്കിയിരുന്നതെന്നും പൊലീസ് പറയുന്നു. ബംഗളുരു, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരിമരുന്ന് പത്തനംതിട്ടയിലെ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയാണ് ഇവർ ചെയ്തിരുന്നത്. കേസിന്‍റെ തുടരന്വേഷണ ചുമതല പന്തളം എസ്എച്ച്ഒയ്ക്കാണ്.