ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്‍റെ അമ്മയെ വെടിവെച്ചുവീഴ്ത്തി പതിനേഴുകാരി. ഡൽഹിയിലാണ് സംഭവം. ഡൽഹിയിലെ സുഭാഷ് മൊഹല്ലയിലാണ് ബലാത്സംഗക്കേസിലെ ഇരയായ പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവച്ചത്. വെടിവെയ്പ്പിൽ പരിക്കേറ്റ അമ്പതുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയാണ് പെൺകുട്ടി സ്ത്രീയെ പിസ്റ്റൾ ഉപയോഗിച്ച് വെടിവെച്ചത്. വെടിയേറ്റ സ്ത്രീയുടെ മകനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 328, 376 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ നിയമം (പോക്‌സോ) എന്നീ വകുപ്പുകൾ പ്രകാരം കേസ് നിലവിലുണ്ട്. 2021ലാണ് 15കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെൺകുട്ടി പ്രതിയുടെ അമ്മയെ വെടിവെച്ചത്.