സമുദ്രോൽപന്ന കയറ്റുമതി മെച്ചപ്പെടും; കടൽസസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിന് ആഴക്കടൽ ഗവേഷണ ദൗത്യം
- Published by:Anuraj GR
- news18-malayalam
Last Updated:
വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി വ്യാപാരം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഗവേഷണം
കൊച്ചി: കടൽസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് അവയുടെ ശാസ്ത്രീയ വിവരശേഖരത്തിനുള്ള ആഴക്കടൽ ഗവേഷണ ദൗത്യത്തിന് തുടക്കം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ), സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ) എന്നിവർ സംയുക്തമായാണ് സമുദ്രഗവേഷണ യാത്ര നടത്തുന്നത്. ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഗവേഷണ ദൗത്യമാണിത്.
advertisement
ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന വിഭവങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ ഗവേഷണ പദ്ധതിക്ക് അതീവ പ്രാധാന്യമുണ്ട്. യുഎസിലേക്ക് സമുദ്രഭക്ഷ്യ വിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നവർ കടൽസസ്തനികളുടെ വംശസംഖ്യ, ബൈകാച്ചായി പിടിക്കപ്പെടുന്ന സസ്തനികളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു.
advertisement
2017 മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇത് നടപ്പിലാക്കുന്നതിന് സമയം അനുവദിച്ചിരിക്കുകയാണ്. സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ മത്സ്യബന്ധനം നടത്തുമ്പോൾ കടൽ സസ്തനികളെ മനപൂർവം കൊല്ലുന്നത് അനുവദിക്കരുതെന്ന് യുഎസ് നിയമം ആവശ്യപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം തുടക്കമിട്ട സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് സി എം എഫ് ആർ ഐ, എം പി ഇ ഡി എ, എഫ് എസ് ഐ എന്നിവർ ചേർന്ന് ആഴക്കടൽ ഗവേഷണയാത്ര നടത്തുന്നത്.
advertisement
ആഴക്കടലിലെ വിവിധ ഭാഗങ്ങളിൽ തിമിംഗലമുൾപ്പെടെയുള്ള കടൽസസ്തനികളുടെ ലഭ്യത തിട്ടപ്പെടുത്തുന്നതിനുള്ള നിരീക്ഷണം, അത്തരം മേഖലകളിലെ സമുദ്രശാസ്ത്ര പ്രത്യേകതകൾ രേഖപ്പെടുത്തൽ എന്നിവയാണ് ഗവേഷണ യാത്രയുടെ ലക്ഷ്യം. ഈ ഗവേഷണത്തിലൂടെ ഇവയുടെ സംരക്ഷണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നതിലൂടെ വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപ്പന്ന കയറ്റുമതി വ്യാപാരം ശക്തിപ്പെടുത്താൻ സഹായകരമാകുമെന്ന് സി എം എഫ് ആർ ഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
advertisement
advertisement