ഗുജറാത്തിലെ ക്രിക്കറ്റ് ആരാധകരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരമമായിരിക്കുകയാണ്. അഹ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മൂന്നാമത്തെ ഇന്ത്യ-ഇംഗ്ലണ്ട് ഡേ-നൈറ്റ് മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഈ മാസം 24 നു തുടങ്ങും. അഹ്മദാബാദിലെ സബർമതിയിലെ മൊട്ടേര സ്റ്റേഡിയത്തിൽ ഇതിനു മുന്പും മത്സരങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, സ്റ്റേഡിയത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു സമയം 92,000 കാണികളെ ഉൾക്കൊള്ളാ൯ കഴിയുന്ന മെൽബൺ സ്റ്റേഡിയമാണ് ലോകത്തിലെ ഏറ്റവും വലുത്. എന്നാൽ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായാൽ മൊട്ടേര സ്റ്റേഡിയയത്തിൽ 1.10 ലക്ഷം പേർക്കൊരുമിച്ചിരുന്ന് കളി ആസ്വദിക്കാം.
കൂടാതെ, മൂവ്വായിരും കാറുകളും, പതിനായിരം ഇരുചക്ര വാഹനങ്ങളും പാർക്കു ചെയ്യാനുള്ള സൗകര്യം ഈ സ്റ്റേഡിയത്തിൽ തയ്യാറാക്കുന്നുണ്ട്. സ്റ്റേഡിയത്തിനകത്ത് ഒരുക്കിയിരിക്കുന്ന 210 ഇരുപത് അടി വിസ്തൃതിയുള്ള എൽ ഇ ഡി സ്ക്രീനുകൾ കാണികൾക്ക് മാച്ചിന്റെ ഒരു ഭാഗവും മിസ്സാകാതെ വീക്ഷിക്കാം എന്നത് ഉറപ്പ് വരുത്തും. ഈ സ്റ്റേഡിയത്തിൽ ഒരു ട്രെയിനിംഗ് സെന്ററും ക്ലബ്ഹൗസും തയ്യാറാക്കിയിട്ടുണ്ട്. ക്രിക്കറ്റ് കൂടാതെ മറ്റു കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇവിടുത്തെ ക്ലബ് ഹൗസ് അധികൃതർ. മറ്റിനങ്ങൾക്കായി അഞ്ച് നില കെട്ടിടം തയ്യാറാക്കിയിട്ടുണ്ട്. 55 മുറികളുള്ള കെട്ടിടത്തിൽ ബാഡ്മിന്റണ്‍, കബഡി, ബോക്സിംഗ്, ടേബിൾ ടെന്നീസ്, കരാട്ടെ, ബാസ്ക്കറ്റ് ബോൾ, സ്വിമ്മിംഗ് തുടങ്ങിയ കായികയിനങ്ങൾക്കും സൗകര്യമുണ്ട്. ഇവക്കു പുറമെ ജിംനാഷ്യവും റെസ്റ്റോറന്റും സജ്ജീകരിച്ചു വെച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിനകത്ത് മൂന്ന് നില വി ഐ പി ലോഞ്ച് കൂടി സജ്ജമാണ്. 76 പ്രത്യേക മുറികൾ തയ്യാറാക്കിയതിൽ ഒരു ഫ്ലോർ മുഴുവനായും താരങ്ങൾക്ക് വേണ്ടി ഒഴിച്ചിടും. കൂടാതെ, നാല് ചെയ്ഞ്ചിംഗ് റൂമുകൾ, കോച്ചുമാർക്കുള്ള മുറികൾ, മീറ്റിംഗ് റൂമുകൾ എന്നിവയും ലഭ്യമാണ്. ചിയർ ലീഡർമാർ, പത്രപ്രവർത്തകർ എന്നിവർക്കുള്ള മുറികളും ഫുഡ് കോർട്ടും ഉട൯ സജ്ജമാവും. കമന്ററി മുറികളും പ്രത്യേക ശ്രദ്ധയോടു കൂടിയാണ് തയ്യാറാക്കിയത്.
ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക വിത്ത് ഉപയോഗിച്ചാണ് സ്റ്റേഡിയം സജ്ജീകരിച്ചത്. മറ്റു സ്റ്റേഡിയങ്ങളിൽ നിന്നും ഈ സ്റ്റേഡിയം വേറിട്ടു നിൽക്കുന്നതിന് വേണ്ടി സ്റ്റേറ്റ് ഓഫ് ആർട്ട് ടെക്നോളജിയുള്ള 580 എൽ ഇ ഡി ബൾബുകൾ മുകൾ വശത്ത് ക്രമീകരിച്ചിട്ടുണ്ട്. നൂറിലധികം നിരീക്ഷണ കാമറകളും 200 ലധികം വിലപിടിപ്പുള്ള സ്പീക്കറുകളും സ്റ്റേഡിയത്തിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ റിസപ്ഷനും ഹാളുമാണ് ഉള്ളത്.
മൊട്ടേര സ്റ്റേഡിയത്തെക്കുറിച്ചുള്ള വിവരങ്ങൾ ചുരുക്കത്തിൽ- സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിന് തറക്കല്ലിട്ടത് 2018 ജനുവരിയിൽ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശാനുസരണം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനാണ് മൊട്ടേര സ്റ്റേഡിയം പുതുക്കിപ്പണിതത്. എൽ&ടിയ്ക്കാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നതിനുള്ള ടെണ്ടർ ലഭിച്ചത്. സ്റ്റേഡിയത്തിന്‍റെ രൂപകൽപന തയ്യാറാക്കിയത് ലോകപ്രശസ്ത സ്ഥാപനമായ പോപുലസ് ആണ് നിർവ്വഹിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിന്‍റെ രൂപകൽപന തയ്യാറാക്കിയതും പോപ്പുലസ് ആണ്.
63 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിൽ 1.10 ലക്ഷം പേർക്ക് കളി കാണാനാകും. 90000 സീറ്റിങ് കപ്പാസിറ്റിയുള്ള മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിനെ പിന്നിലാക്കി മൊട്ടേര സ്റ്റേഡിയം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറുന്നു. 700 കോടി രൂപ ചെലവഴിച്ചാണ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം പുതുക്കിപ്പണിതത്. നാല് ഡ്രസിങ് റൂമുകൾ, 50 മുറികളുള്ള ഒരു ക്ലബ് ഹൌസ്, 76 കോർപറേറ്റ് ബോക്സുകൾ, വലുപ്പമേറിയ ഒരു നീന്തൽക്കുളം എന്നിവ ഉൾപ്പെടുന്നതാണ് പുതുക്കിപ്പണിത മൊട്ടേര സ്റ്റേഡിയം. ഒരു ഇൻഡോർ ക്രിക്കറ്റ് അക്കാദമി കൂടി ഉൾപ്പെടുന്നതാണ് മൊട്ടേര സ്റ്റേഡിയം.പുതുക്കിപ്പണിയുന്നതിന് മുമ്പ് 54000 ആയിരുന്നു മൊട്ടേര സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി. പുനർനിർമാണത്തിനായി 2016ലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പഴയ മൊട്ടേര സ്റ്റേഡിയം പൊളിച്ചത്.