ഭൂതകാലത്തിൽ, ഒരു രാഷ്ട്രനേതാവ് എന്ന നിലയ്ക്കുള്ള സംഭവബഹുലമായ കരിയറിന് ബലം പകരുന്ന തരത്തിലുള്ള അനുഭവ പരിസരങ്ങൾ യാതൊന്നുമില്ലാതെയാണ് വൊളൊഡിമിർ സെലൻസ്കി യുക്രെയ്നിന്റെ പ്രസിഡന്റാവുന്നത്. 'ജനസേവകൻ' എന്ന് പേരുള്ള ഒരു ടെലിവിഷൻ പരമ്പരയിൽ, പ്രസിഡന്റ് സ്ഥാനത്തെത്തുന്ന, അഴിമതി വിരുദ്ധനായ ഒരു സ്‌കൂൾ ടീച്ചറുടെ വേഷത്തിൽ ഹാസ്യം അനിതരസാധാരണമായ വിധത്തിൽ അഭിനയിച്ചു ഫലിപ്പിച്ചു, ഭരിക്കുന്ന ഗവണ്മെന്റിനെ ആക്ഷേപിച്ചും വിമർശിച്ചും ജനഹൃദയങ്ങളിൽ ഇടം പിടിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു യോഗ്യത.
തൊണ്ണൂറുകളുടെ അവസാനത്തോടെ സെലൻസ്കി തിയെറ്റർ ഗ്രൂപ്പ് ഉണ്ടാക്കുകയും, അധികം വൈകാതെ ഒരു ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ജനങ്ങളുടെ പ്രിയങ്കരനാവുകയും ചെയ്തു. 2014 ൽ റഷ്യയുടെ കളിപ്പാവയായിരുന്ന യുക്രെയ്ൻ പ്രസിഡന്റ് വിക്തോർ യാനുക്കോവിച്ചിനെ ജനം അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടരാക്കി. യുക്രെയ്നിൽ റഷ്യാ വിരുദ്ധ വികാരം ആളിപ്പടർന്നു. അന്ന് റഷ്യാ വിരുദ്ധനായ പെട്രോ പെറോഷെങ്കോ അധികാരത്തിലെത്തുന്നു.
അധികം വൈകാതെ റഷ്യ ക്രൈമിയയെ പിടിച്ചെടുക്കുന്നു. അങ്ങനെ യുക്രെയ്നിന്റെ ആഭ്യന്തര രാഷ്ട്രീയം റഷ്യാ വിരുദ്ധ വികാരം കൊണ്ട് തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തിലാണ് സെലൻസ്കി തന്റെ ജനസേവകൻ ടെലി സീരിയലും കൊണ്ട് വരുന്നത്. ഈ പരിപാടി റഷ്യയുടെ നിരന്തര ഭീഷണിയിൽ നിന്ന് യുക്രെയ്ൻ ജനതയ്ക്കു കാല്പനികമെങ്കിലും ഒരു താത്കാലികമോക്ഷം നൽകുന്നു.
ടെലിവിഷൻ സീരീസിൽ ആകസ്മികമായി പ്രസിഡന്റാവുന്ന കഥാപാത്രത്തെ അവതരിപ്പിച്ച സെലൻസ്കി അതേപേരിൽ പാർട്ടിയുണ്ടാക്കി ജനങ്ങളെ തെരഞ്ഞെടുപ്പിൽ നേരിടുന്നു. 41ാം വയസിൽ 73 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കി വൻവിജയം നേടി ജനപ്രിയനായ പ്രസിഡന്റാകുന്നു. Kiev എന്ന റഷ്യൻ സ്പെല്ലിങ്ങിൽ നിന്ന് Kyiv എന്ന യുക്രൈനിയൻ സ്പെല്ലിങ്ങിലേക്ക് രാജ്യതലസ്ഥാനത്തിന്റെ പേരും അദ്ദേഹം മാറ്റി. ഇതെന്തിന് എന്ന് ചോദിച്ച പത്രപ്രവർത്തകരോട്, "What's In A Name?" എന്ന് ഷേക്സ്പിയറിനെ ഉദ്ധരിച്ച് മറുപടി പറയുന്നു.
'ഹൈസ്കൂൾ ടീച്ചറായ വസീൽ പെട്രോവിച്ച് രാഷ്ട്രീയത്തെക്കുറിച്ചും അതിലെ അഴിമതിയെക്കുറിച്ചുമൊക്കെ കുട്ടികളോട് വായിട്ട് അടിക്കുന്ന ഒരു വീഡിയോ അബദ്ധത്തിൽ വൈറലാകുന്നു. തന്റെ ക്ലാസിലെ തന്നെ ഒരു കുട്ടി മൊബൈൽ ഫോണിൽ പകർത്തിയാണ് വീഡിയോ ശ്രദ്ധിക്കപ്പെടുന്നത്. അങ്ങനെ ആ ഹൈ സ്കൂൾ ടീച്ചർക്ക് ആരാധകർ ഏറുകയാണ്. അയാൾ യുക്രൈൻ പ്രസിഡന്റാകുകയാണ്. സെർവന്റ് ഓഫ് ദ പീപ്പിൽ എന്ന സറ്റയർ ടിവി സീരിലെ പ്രധാന ഇതിവൃത്തമാണിത്. ഇതിൽ ഹൈസ്കൂൾ ടീച്ചറിന്റെ വേഷമാണ് സെലൻസ്കി അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് സെലൻസ്കി ഉപയോഗിച്ചതും വ്യത്യസ്തമായ മാർഗങ്ങൾ. നേരിട്ടുള്ള റാലികളും, രാഷ്ട്രീയ പ്രസംഗങ്ങളും പരമാവധി ചുരുക്കി സോഷ്യൽ മീഡിയയിലൂടെയായിരുന്നു സെലൻസ്കിയുടെ പ്രചരണങ്ങൾ. ഇതിൽ തന്നെ വലിയ രാഷ്ട്രീയം പറയുന്നവയൊന്നുമുണ്ടിയിരുന്നില്ല. കൂടുതലും ലാഘവം നിറഞ്ഞ ചിരിപ്പിക്കുന്ന വീഡിയോയിലൂടെ സെലൻസ്കി യുക്രെയ്ൻ ജനതയുമായി സംവദിച്ചു. തനിക്ക് വലിയ രാഷ്ട്രീയ കാഴ്ചപ്പാടുകളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അദ്ദേഹം തുറന്ന് സമ്മതിച്ചിരുന്നു. 'വലിയ വാഗ്ദാനങ്ങളില്ല വലിയ നിരാശയുമില്ല' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് വാചകം.
എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്ന് സെലൻസ്കി വ്യക്തമാക്കി കഴിഞ്ഞു. യുക്രെയ്ൻ നേരിടുന്ന യുദ്ധത്തിൽ വൻ ശക്തികൾ കാഴ്ചക്കാരായി നിൽക്കുന്നതിലെ അതൃപ്തിയും യുക്രൈൻ പ്രസിഡന്റ് പരസ്യമാക്കി. ശത്രുക്കളുടെ പ്രഥമ ലക്ഷ്യം താനാണ്, രണ്ടാമത്തെയും ലക്ഷ്യം എന്റെ കുടുംബമാണ്, രാഷ്ട്രതലവനെ നശിപ്പിച്ച് യുക്രൈനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ അവർ ആഗ്രഹിക്കുന്നുവെന്നാണ് സെലൻസ്കി പറഞ്ഞത്.