തന്‍റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ 'അജയന്‍റെ രണ്ടാം മോഷണ'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ ടൊവിനോ തോമസ്. ഇതിഹാസകരമായ ഒരനുഭവമാണ് അവസാനിക്കുന്നത് എന്നാണ് ചിത്രീകരണത്തെ കുറിച്ച് ടോവി ഫേസ്ബുക്കില്‍ കുറിച്ചത്. ഏറ്റവും മികച്ച അനുഭവം പകർന്നു തന്ന ഈ ടീമിന്റെ ഷൂട്ടിങ് കാലം പുതിയകാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞ ഒരു പഠനകളരി കൂടിയായിരുന്നു. കാസർകോഡ് ഉള്ള നിഷ്കളങ്കരായ ജനങ്ങളുടെ പിന്തുണകൊണ്ടാണ് ഈ ചിത്രം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും പ്രേക്ഷകർ ഈ ചിത്രം ഏറ്റെടുക്കുന്നത് കാണാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ടൊവിനോ കുറിച്ചു.
110 ദിവസത്തെ ഷൂട്ടിങിനു ശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ‘ഇതിഹാസം’ എന്ന വിശേഷണം ഒട്ടും കൂടുതലല്ല, കാരണം തുടക്കക്കാർക്ക് ഇതൊരു പീരിഡ് സിനിമയാണെങ്കിലും അതിലുപരി എനിക്ക് ഇത് എന്റെ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അനുഭവമായിരുന്നു. ഒരു യുഗത്തിൽ നിന്ന് ഉയർന്നുവന്ന് മെച്ചപ്പെട്ട മറ്റൊരു യുഗത്തിലേക്ക് രൂപാന്തരപ്പെട്ടത് പോലെയൊരനുഭവം.
2017 മുതൽ ഞങ്ങളെ ആവേശഭരിതരാക്കിയ ഒരു കഥയായിരുന്നു അജയന്റെ രണ്ടാം മോഷണം. പലപ്പോഴും സ്വപ്നങ്ങളിൽ സംഭവിക്കുന്നത് പോലെ പ്രതീക്ഷിച്ച രീതിയിൽ സിനിമ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടു. പക്ഷേ ഇപ്പോൾ രസകരവും ആഹ്ലാദകരവും സംതൃപ്തിതരുന്നതും എല്ലാറ്റിനുമുപരിയായി മികച്ച പഠനാനുഭവവുമായ ഒരു ഷൂട്ടിങ്ങ് അനുഭവത്തിൽ നിന്ന് ഞാൻ സൈൻ ഓഫ് ചെയ്യുകയാണ് ടോവിനോ കുറിച്ചു.
പഠിച്ച പല കാര്യങ്ങളും തിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് കളരിപ്പയറ്റും കുതിര സവാരിയും ഉൾപ്പെടെ നിരവധി പുതിയ കാര്യങ്ങൾ പഠിക്കുകയും അഭിനയത്തെക്കുറിച്ച് പല നവ്യാനുഭവങ്ങളും നേടിയെടുക്കുകയും ചെയ്തു. അജയന്റെ രണ്ടാം മോഷണത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്, അതുകൊണ്ട് തന്നെ എന്റെ അനുഭവങ്ങളും ബഹുമുഖമായിരുന്നു. ഒപ്പമുണ്ടായിരുന്ന അഭിനേതാക്കളും മറ്റ് അണിയറപ്രവർത്തകരും എന്റെ ഏറ്റവും അടുത്ത പ്രിയസുഹൃത്തുക്കളായതു കൊണ്ടുതന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഷെഡ്യൂളുകൾ പോലും ഏറെ ലളിതമായി തോന്നി.
നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 60 കോടി മുതൽ മുടക്കിൽ ത്രിഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന എആർഎം മലയാള സിനിമയിൽ നിന്നുള്ള ആദ്യ ഗ്ലോബൽ റിലീസായിരിക്കും. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് സിനിമയിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, അജു വർഗ്ഗീസ്, ശിവജിത്ത് പത്മനാഭൻ, റോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടർ ദിപു നൈനാൻ തോമസാണ്. കോ പ്രൊഡ്യൂസർ ജിജോ കവനാൽ, ശ്രീജിത്ത് രാമചന്ദ്രൻ, പ്രിൻസ് പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോക്ടർ വിനീത് എം.ബി. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം.
പ്രൊജക്റ്റ് ഡിസൈനർ ബാദുഷ എൻ.എം.. പ്രൊഡക്‌ഷൻ ഡിസൈനർ ഗോകുൽ ദാസ്. പ്രൊഡക്‌ഷൻ കൺട്രോളർ പ്രിൻസ് റാഫെൽ. കോസ്റ്റും ഡിസൈനർ പ്രവീൺ വർമ്മ; മേക്കപ്പ് റോണെക്സ് സേവിയർ. എഡിറ്റിങ് ഷമീർ മുഹമ്മദ്. സ്‌റ്റീരിയോസ്കോപിക് 3D കൺവർഷൻ റെയ്സ് 3D. കളറിസ്റ്റ് ഗ്ലെൻ കാസ്റ്റിൻഹോ. സ്റ്റണ്ട്സ് വിക്രം മോർ. ഫിനിക്സ് പ്രഭു. പി ആർ ആൻഡ് മാർക്കറ്റിങ് ഹെഡ് വൈശാഖ് സി. വടക്കേവീട്. മാർക്കറ്റിങ് ഡിസൈൻ പപ്പറ്റ് മീഡിയ; വാർത്താ പ്രചരണം -ജിനു അനിൽകുമാർ, പി.ശിവപ്രസാദ്. സ്റ്റിൽസ്: ബിജിത്ത് ധർമ്മടം. ഡിസൈൻ: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.