ഫെമിനിസ്റ്റ് വിരോധി, സ്ത്രീകൾ പാചകം അറിഞ്ഞിരിക്കണമെന്ന് വാശി പിടിക്കുന്ന പ്രകൃതം, മേക്കപ്പില്ലാത്ത നടിയോടുള്ള വിമർശനം. ചിത്ര ഷാജി കൈലാസ് ആയി മാറിയ ആനിയുടെ പേരിൽ പ്രചരിക്കുന്ന ട്രോളുകളുടെ പ്രധാന ഉള്ളടക്കമാണിത്. നടി നിമിഷ സജയനുമായുള്ള സംഭാഷണ ശകലം വൈറൽ ആയതോടെ ട്രോൾ ആക്രമണവും കടുത്തു. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആനി വിമർശനങ്ങളോട് പ്രതികരിക്കുന്നു
വളരെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്‌ടപ്പെട്ട്, ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് ആനി വളർന്നത് . കുടുംബം നന്നായി നോക്കാനും, കാര്യപ്രാപ്തിയോടെ കൃത്യനിർവഹണം നടത്താനായിരുന്നു മുത്തശ്ശിയുടെയും അമ്മായിമാരുടെയും ശിക്ഷണത്തിൽ ആനി പഠിച്ചത്. പക്ഷെ നിമിഷ സജയനൊപ്പമുള്ള എപ്പിസോഡിൽ ചില ഭാഗങ്ങൾ മാത്രം ശ്രദ്ധിക്കുന്നതിനു പകരം അത് മുഴുവൻ കണ്ടതിനു ശേഷം ട്രോൾ ചെയ്തെങ്കിൽ എന്ന് ആശിച്ചതായി ആനി. മേക്കപ്പിനെ കുറിച്ചുള്ള ഭാഗങ്ങളാണ് വിവാദമായത്
"ഈ തലമുറയിലെ കുട്ടികൾ പരീക്ഷണത്തിന് തയ്യാറാണ്. നമ്മുടെ കാലഘട്ടത്തിൽ, അതിന് വളരെയധികം ധൈര്യം ആവശ്യമായിരുന്നു. മേക്കപ്പ് ഇല്ലാതെ അഭിനയിക്കാൻ കഴിയുന്ന ഒരു റോളിനായി ഞാൻ ആഗ്രഹിച്ചിരുന്നു. ആഗ്രഹം ഇപ്പോഴും നിറവേറ്റപ്പെട്ടിട്ടില്ല. വളരെയധികം ആത്മവിശ്വാസത്തോടെ മേക്കപ്പ് ഇല്ലാതെ നന്നായി അഭിനയിക്കാൻ സാധിക്കുമെന്ന് നിമിഷ പറഞ്ഞപ്പോൾ, കൂടുതൽ അറിയാൻ എനിക്ക് ആകാംഷയാണ് ഉണ്ടായത്." അഭിമുഖത്തിലെ ആനിയുടെ വാക്കുകൾ. നിമിഷയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്ന് ആനി