L2 Empuraan | 250കോടിക്ക് ശേഷം മെല്ലെപ്പോക്ക്; 'L2 എമ്പുരാൻ' നിർമാതാക്കൾക്ക് മലയാളത്തിലെ 300കോടി ക്ലബ് പ്രതീക്ഷിക്കാമോ?
- Published by:meera_57
- news18-malayalam
Last Updated:
മലയാള ചലച്ചിത്ര മേഖലയിൽ പ്രതീക്ഷകളുടെ അമിത ഭാരവുമായി എത്തിയ ചിത്രമാണ് മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'L2 എമ്പുരാൻ'
മലയാള ചലച്ചിത്ര മേഖലയിൽ പ്രതീക്ഷകളുടെ അമിത ഭാരവുമായി എത്തിയ ചിത്രമാണ് മോഹൻലാലിനെ (Mohanlal) നായകനാക്കി, പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സംവിധാനം ചെയ്ത മൂന്നാമത് ചിത്രം 'L2 എമ്പുരാൻ' (L2 Empuraan). ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന ഖ്യാതിയും 'L2 എമ്പുരാന്' അല്ലാതെ മറ്റൊരു ചിത്രത്തിനുമല്ല. മഞ്ഞുമ്മൽ ബോയ്സിന്റെ നേട്ടത്തെയാണ് L2 എമ്പുരാൻ തകർത്തെറിഞ്ഞത്. ഏപ്രിൽ ആറിന് ചിത്രം 250 കോടി ക്ലബ് കടന്നു എന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിടുകയായിരുന്നു. ഇന്ത്യൻ, ഓവർസീസ് കളക്ഷൻ ചേർന്ന തുകയാണിത്
advertisement
ഈ സിനിമയുടെ റിലീസ് അടുത്ത നാളുകളിലാണ് ഗോകുലം ഗോപാലന്റെ കടന്നു വരവ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും, സുഭാസ്കരന്റെ ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമിച്ച ചിത്രത്തിൽ നിന്നും അവസാന നിമിഷം ലൈക്ക പിന്മാറിയിരുന്നു. അവരുടെ ഷെയർ ഏറ്റെടുത്തു കൊണ്ടായിരുന്നു ഗോകുലം ഗോപാലന്റെ കടന്നുവരവ്. വളരെ വലിയ ബജറ്റിൽ തയാറാക്കിയ ചിത്രം 180 കോടി രൂപ ചിലവിൽ നിർമിച്ചു എന്നാണ് ഗോകുലം ഗോപാലൻ പുറത്തുവിട്ട വിവരം. നായകനും സംവിധായകനും പ്രതിഫലം പറ്റാതെ അഭിനയിച്ചു എന്നാണ് അവർ പങ്കിട്ട വിവരം (തുടർന്നു വായിക്കുക)
advertisement
കേരളത്തിൽ നിന്നും മാത്രം ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ 100 കോടിക്കരികെ കൈപ്പറ്റിയ ചിത്രമാണിത്. ഈ നേട്ടം എത്തിപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മലയാള സിനിമ മൊത്തത്തിൽ നഷ്‌ടത്തിൽ എന്ന വിവരം പുറത്തുവന്ന വേളയിലാണ് എമ്പുരാൻ വമ്പൻ കളക്ഷൻ നേടുന്നത്. നിർമാതാവ് സുരേഷ് കുമാർ ആണ് ഈ വർഷം ആദ്യത്തെ രണ്ടു മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമകളുടെ വരവ് എത്രയെന്ന വിവരം പുറത്തുവിട്ടത്. ബഹുഭൂരിപക്ഷം സിനിമകളും നിർമാതാവിന് വമ്പൻ നഷ്‌ടമുണ്ടാക്കി അവസാനിച്ച വേളയിലാണ് എമ്പുരാന്റെ കടന്നുവരവ്
advertisement
നിലവിൽ, ലോകമെമ്പാടും നിന്നുള്ള L2 എമ്പുരാൻ കളക്ഷൻ തുക 265.08 കോടി എന്നാണ് sacnilk എന്ന ട്രേഡ് അനാലിസിസ് സൈറ്റ് പുറത്തുവിടുന്ന വിവരം. ആദ്യ 20 ദിവസത്തെ കളക്ഷനാണിത്. ഇന്ത്യയിൽ നിന്ന് മാത്രം 123.03 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ. ഏറ്റവും പുതിയ വിവരം അനുസരിച്ച് കേരളത്തിൽ നിന്ന് മാത്രം 0.31 കോടി രൂപയാണ് ചിത്രം ഇരുപതാം ദിവസം നേടിയത്. ദിവസ കളക്ഷൻ ഒരു കോടിക്ക് താഴെയായിരുന്നു. ഇത്രയും ദിവസം കേരളത്തിൽ നിന്നും മാത്രം നേടിയ തുക 95.89 കോടി രൂപയാണ്
advertisement
രണ്ടു പ്രധാന നിർമാതാക്കൾ ചേർന്നുള്ള ചിത്രത്തിൽ ചിലവിനങ്ങൾ പോയാൽ എത്രരൂപ ബാക്കിയാവുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സിനിമ നേടുന്ന ലാഭം. നിർമാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച ജി. സുരേഷ് കുമാർ നൽകിയ വിവരം അനുസരിച്ചു നോക്കിയാൽ, സിനിമയുടെ ചിലവുകളും താരങ്ങളുടെ പ്രതിഫലവും വിവിധയിനം ടാക്സുകളും കിഴിച്ചാൽ കിട്ടുന്ന തുക മാത്രമേ നിർമാതാവിന്റെ പോക്കറ്റിൽ എത്തുള്ളൂ. ഒരു രൂപ നേടിയാൽ, ഒരു നിർമാതാവിന്റെ പോക്കറ്റിൽ എത്തുക 30 പൈസ മാത്രമാണ്. അതിൽ പ്രൊമോഷന്റെ ചെലവ് കൂടി കഴിഞ്ഞാൽ 27.5 പൈസ മാത്രമേ കിട്ടുള്ളു എന്നാണ്
advertisement
മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമിച്ച ചിത്രമായ എമ്പുരാൻ നിർമാതാവിന് നേട്ടം എന്ന് വിളിക്കണമെങ്കിൽ, ഇനിയും കടമ്പകൾ ഏറെ കടക്കേണ്ടതുണ്ട്. സിനിമയുടെ റിലീസിന് ശേഷം നിർമാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്നാട്ടിലെയും സ്വത്തുവകകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തിയിരുന്നു