ബോളിവുഡിൽ ഷാഹിദ് കപൂർ കബീർ സിങ്ങായി എത്തിയിരുന്നെങ്കിലും അർജുൻ റെഡ്ഡിയായി വിജയ് ദേവരകൊണ്ടയെ അല്ലാതെ മറ്റൊരാളെ ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, അർജുൻ റെഡ്ഡിയായി എത്തേണ്ടിയിരുന്നത് വിജയ് ദേവരകൊണ്ടയായിരുന്നില്ല എന്നതാണ് വാസ്തവം. തെലുങ്ക് താരം ശർവാനന്ദിനെയായിരുന്നു സംവിധായകൻ ഈ വേഷം ചെയ്യാൻ ആദ്യം സമീപിച്ചത്.
ശർവാനന്ദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വെണ്ണെല എന്ന ചിത്രത്തിലെ ശർവാനന്ദിന്റെ പ്രകടനം കണ്ടാണ് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അദ്ദേഹത്തെ സമീപിച്ചത്. തന്റെ ആദ്യ ചിത്രമായ അർജുൻ റെഡ്ഡിയുടെ കഥയുമായി അദ്ദേഹം സമീപിച്ചതും ശർവാനന്ദിനെയായിരുന്നു. ഡെക്കാൻ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സന്ദീപ് അർജുൻ റെഡ്ഡിയുടെ കഥ ആദ്യം പറയുന്നത് തന്നോടാണ്. അദ്ദേഹത്തിന് ചിത്രം നിർമിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, സന്ദീപിന് അത് വലിയ ഉത്തരവാദിത്തമാകുമെന്ന് കരുതിയ ശർവാനന്ദ് ചില നിർമാതാക്കളെ സമീപിച്ചു. എന്നാൽ ചിത്രം അൽപം വെല്ലുവിളി നിറഞ്ഞതാകുമെന്ന് നിർമാതാക്കൾ കരുതിയതിനാൽ ആ പ്രൊജക്ട് നടന്നില്ല. ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാത്തതിൽ തനിക്ക് നിരാശയുണ്ടെന്നും ശർവാനന്ദ് തുറന്നു പറയുന്നു.
തെലങ്കിൽ സൂപ്പർഹിറ്റായ അർജുൻ റെഡ്ഡി ബോളിവുഡിലും സന്ദീപ് വങ്ക ഒരുക്കിയിരുന്നു. ഷാഹിദ് കപൂറും കിയാര അദ്വാനിയുമായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. സിനിമയ്ക്ക് തന്റെ ജീവിതവുമായി ഏറെ ബന്ധമുണ്ടെന്നാണ് മുമ്പൊരു അഭിമുഖത്തിൽ സന്ദീപ് പറഞ്ഞത്. ജീവിതത്തിൽ തനിക്കുണ്ടായ ചില അനുഭവങ്ങൾ സിനിമയിൽ സ്വാധീനിച്ചതായി സംവിധായകൻ പറയുന്നു.