ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച 'ദ കേരള സ്റ്റോറി' എന്ന സിനിമയിലെ നായികയാണ് അദാ ശർമ. പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് 1920 എന്ന സിനിമയിലൂടെയാണ് അദാ ശർമ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഹസീ തോ ഫേസി (2014), കമാൻഡോ 2 (2017) തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ 'ദ കേരള സ്റ്റോറി' ഇതുവരെയില്ലാത്ത പേരും പ്രശസ്തിയുമാണ് അദയ്ക്ക് നേടിക്കൊടുത്തത്. കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുകയും ഐസിസ് അംഗങ്ങളാക്കുകയും ചെയ്ത സംഭവങ്ങളാണ് കേരള സ്റ്റോറിയുടെ പ്രമേയം.
ആദ്യ ദിനം എട്ടു കോടിയിലധികം കളക്ഷനാണ് കേരള സ്റ്റോറി നേടിയത്. രണ്ടാമത്തെ ആഴ്ച പൂർത്തിയാകുന്നതിനു മുൻപേ സിനിമ നൂറു കോടി കളക്ഷൻ നേടുകയും റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാനെ പിന്തള്ളി ഒരു ദിവസത്തിനുള്ളിൽ നേടുന്ന ഏറ്റവും വലിയ കളക്ഷൻ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.
''ഇത്രയും വലിയ നേട്ടം ഉണ്ടാകുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല. ഈ പ്രശസ്തി ഞാൻ അർഹിക്കുന്നതാണോ എന്നു പോലും അറിയില്ല. ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന ജോലി തുടർന്നും ചെയ്യും. ഇതുപോലൊരു സിനിമ ചെയ്യാൻ ഞാൻ ഒരിക്കലും പ്ലാൻ ചെയ്തിട്ടില്ല. എന്തെങ്കിലും സംഭവിക്കേണ്ടതുണ്ടെങ്കിൽ, അത് സംഭവിക്കുക തന്നെ ചെയ്യും. ഇതുപോലൊരു വേഷം ചെയ്യാൻ എനിക്ക് ഇതുവരെ ഒരു അവസരം ലഭിച്ചില്ല. ഇങ്ങനൊരു വേഷം ചെയ്യാൻ ആരെങ്കിലും നിങ്ങളെ വിശ്വസിച്ചേൽപ്പിക്കുക എന്നു പറയുന്നതു തന്നെ വലിയ കാര്യമാണ്'', അദാ ശർമ ന്യൂസ് 18 നു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ദ കേരള സ്റ്റോറിയിലൂടെ അദക്കു ലഭിച്ച ജനപ്രീതി താരത്തിന്റെ കരിയറിൽ ഇനിയും ഗുണം ചെയ്യുമെന്നും വരാനിരിക്കുന്ന പ്രോജക്ടുകളെ സഹായിക്കുമെന്നും ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നു. ''ഇത്തരമൊരു ഹിറ്റ് തീർച്ചയായും അദ ശർമയുടെ കരിയറിൽ ഗുണം ചെയ്യും. ഇത് ആദയ്ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും ചെയ്യും. പല സംവിധായകരും ദി കേരള സ്റ്റോറി എന്ന സിനിമയും ചിത്രത്തിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധിച്ചിട്ടുണ്ട്. ഇത് തീർച്ചയായും അദക്ക് പുതിയ ചിത്രങ്ങൾ ലഭിക്കുന്നതിനും കാരണമാകും'', അദ്ദേഹം പറയുന്നു.
എന്നാൽ, കേരള സ്റ്റോറിയുടെ വിജയം അദ ശർമയുടെ കരിയർ ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകും എന്ന് അർത്ഥമാക്കുന്നില്ലെന്നും, ഇനിയങ്ങോട്ടും തിരഞ്ഞെടുക്കുന്ന സിനിമകളിലും വിഷയങ്ങളിലുമൊക്കെ ആദ ശ്രദ്ധിക്കണം എന്നും സ്ഥിരത പുലർത്തണമെന്നും നിർമാതാവും സിനിമാ, ബിസിനസ് വിദഗ്‌ദ്ധനുമായ ഗിരീഷ് ജോഹർ പറയുന്നു. ''അദ നല്ല വിഷയങ്ങളും സ്ക്രിപ്റ്റുകളും തിരഞ്ഞെടുത്താൽ, അത് തീർച്ചയായും മുന്നോട്ടുള്ള കരിയറിലും സഹായിക്കും. കേരള സ്റ്റോറിയിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ആവശ്യമായിരുന്നു. നല്ല സംവിധായകരുടെ കീഴിൽ ഇനിയും ഇത്തരം സിനിമകൾ ചെയ്താൽ അത് അദയുടെ കരിയറിന് നല്ലതു തന്നെയാണ്. ഫിലിം മേക്കിംഗ് എന്നത് ഒരു കൂട്ടായ പരിശ്രമമാണ്. ഒരു പ്രത്യേക വ്യക്തി മാത്രമല്ല ഒരു സിനിമയെ മുന്നോട്ടു നയിക്കുന്നത്. അദ തീർച്ചയായും കേരള സ്റ്റോറിയിലെ ഒരു പ്രധാനപ്പെട്ട മുഖം തന്നെയാണ്. പക്ഷേ അതൊരു ടീം വർക്കായിരുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു.
ദ കേരള സ്റ്റോറി എന്ന സിനിമക്കു മുൻപേ കഴിവു തെളിയിച്ചിട്ടുള്ള നടിയാണ് അദ ശർമയെന്നും ഈ ചിത്രം അവളുടെ പ്രകടനത്തിൽ ഫിലിം മേക്കേഴ്സിനുള്ള വിശ്വാസം ഒന്നു കൂടി ഉറപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗിരീഷ് ജോഹർ പറഞ്ഞു. ''അദ ഒരു മികച്ച അഭിനേതാവാണ്, കമാൻഡോ പോലുള്ള ഹിറ്റ് ചിത്രങ്ങളിൽ അദ ഭാഗമായിട്ടുമുണ്ട്. അവരുടെ കഴിവുകൾ മുൻപേ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഒരു സോളോ ലീഡായി അഭിനയിച്ച ചിത്രം എന്ന നിലയിൽ, കേരള സ്റ്റോറി അദയുടെ കരിയറിലെ ഒരു നാഴികക്കല്ലു തന്നെയാണ്'', ഗിരീഷ് ജോഹർ കൂട്ടിച്ചേർത്തു. ദ കേരള സ്റ്റോറി പോലെയുള്ള സെൻസിറ്റീവും ശക്തവുമായ സിനിമയിൽ അഭിനയിക്കാൻ ആദ കാണിച്ച ധൈര്യത്തെയും ഗിരീഷ് ജോഹർ പ്രശംസിച്ചു.
കേരള സ്റ്റോറി അദക്കും സിനിമയുടെ ഭാഗമായ മറ്റെല്ലാവർക്കും വലിയ ഹിറ്റാണ് സമ്മാനിച്ചതെന്ന് മറ്റൊരു ട്രേഡ് അനലിസ്റ്റായ അതുൽ മോഹൻ ന്യൂസ് 18 നോട് പറഞ്ഞു. സിനിമയുടെ അണിയറ പ്രവർത്തകർ മികച്ച രീതിയിൽ തന്നെ ചിത്രം പ്രമോട്ട് ചെയ്തെന്നും വലിയ തോതിൽ പ്രേക്ഷകരെ ആകർഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമാ രംഗത്തുണ്ടെങ്കിലും അദയ്ക്ക് വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല. ദി കേരള സ്റ്റോറിയിലൂടെ, അവരുടെ കരിയർ ഗ്രാഫ് ഉയർന്നു. അദ ശർമ അഭിനയിച്ച ഗിർഗിത് എന്നൊരു സിനിമ മൂന്നു നാല് മാസം മുൻപാണ് പ്രഖ്യാപിച്ചത്. ദി കേരള സ്റ്റോറിയുടെ വിജയത്തിന് ശേഷം, ഈ സിനിമയുടെ അണിയറ പ്രവർത്തകർ പിആർ വർക്കുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ആദയെ കേന്ദ്രീകരിച്ചാണ് അവർ സിനിമയുടെ പ്രചാരണം നടത്തുന്നത്. ഗിർഗിതിൽ ഒരു പോലീസ് വേഷത്തിലാണ് അദയെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഒരു വെള്ളിയാഴ്ച കൊണ്ട് ഒരു അഭിനേതാവിന്റെ ഭാഗ്യം മാറിമറിയുമെന്ന് പറയുന്നത് ശരിയാണ്'', അതുൽ മോഹൻ പറഞ്ഞു.
''കേരള സ്റ്റോറി പോലുള്ള ഒരു സിനിമ എപ്പോഴും ഉണ്ടാകില്ല. ചിത്രത്തിലെ പ്രധാന അഭിനേതാവ് എന്ന നിലയിൽ അദ ഇപ്പോൾ വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. അത് കുറച്ചുകാലം അവരുടെ കരിയറിൽ ഗുണം ചെയ്യും. മൂന്നോ നാലോ ഹിറ്റ് ചിത്രങ്ങൾ കൂടി അദക്ക് ലഭിക്കുന്നതു വരെ 'കേരള സ്റ്റോറി ഫെയിം അദാ ശർമ' എന്നായിരിക്കും അവർ അറിയപ്പെടുക. ഇങ്ങനെ തന്നെ നിലനിന്നു പോകണമെങ്കിൽ അദ നന്നായി കഠിനാധ്വാനം ചെയ്യുകയും വിവേകത്തോടെ സിനിമകൾ തിരഞ്ഞെടുക്കുകയും കരിയർ എങ്ങനെ ആയിരിക്കണമെന്ന് ആസൂത്രണം ചെയ്യുകയും വേണം'', അതുൽ മോഹൻ കൂട്ടിച്ചേർത്തു.
അടുത്ത സിനിമകളും ആലോചിച്ച് തിരഞ്ഞെടുത്തില്ലെങ്കിൽ ഇത്തരം ഹിറ്റുകൾ ആദയെ മുന്നോട്ട് സഹായിക്കില്ല എന്ന് ട്രേഡ് അനലിസ്റ്റും നിരൂപകനുമായ കോമൾ നഹ്തയും ന്യൂസ് 18 നോട് പറഞ്ഞു. അതിനിടെ, 'ദ കേരള സ്റ്റോറി' ബോക്സ് ഓഫീസിൽ 150 കോടി രൂപ എന്ന റെക്കോർഡ് കളക്ഷനിലേക്ക് അടുക്കുകയാണ്. ദ കേരള സ്റ്റോറിയുടെ വമ്പൻ വിജയത്തിനു ശേഷം അദ ശർമയുടെ കരിയർ എങ്ങനെയായിരിക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.