

ന്യൂഡൽഹി: അയോധ്യ കേസിൽ മുസ്ലീം ഭാഗത്തു നിന്ന് ആദ്യ പുനഃപരിശോധനാ ഹർജി നൽകി. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് നൽകുന്നത് ബാബറി മസ്ജിദ് നശിപ്പിച്ചതിന് പ്രതിഫലം നൽകുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയിൽ പറയുന്നു


അയോധ്യ കേസിലെ പഴയകക്ഷി എം സിദ്ധിഖിന്റെ പിന്തുടർച്ച അവകാശിയായ മൗലാന സയിദ് അഷദ് റഷീദിയാണ് ഹർജി നൽകിയിരിക്കുന്നത്.


വിധിയിൽ പിഴവുകൾ ഉണ്ടെന്ന് 217 പേജുള്ള ഹർജിയില്‍ ആരോപിക്കുന്നു. അഭിഭാഷകനായ ഇജാസ് മക്ബൂൽ വഴിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.


ബാബറി മസ്ജിദ് തകർത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടും അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഹിന്ദുക്കൾക്ക് അനുകൂലമായി വിധി പറഞ്ഞതെങ്ങനെയെന്ന് ഹർജിയിൽ ചോദ്യം ചെയ്യുന്നു.


രേഖാപരമായ തെളിവുകൾ അവഗണിച്ചെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. തെളിവുകളേക്കാൾ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.


അയോധ്യ വിധിയിൽ റിവ്യൂഹർജി നൽകില്ലെന്ന് സുന്നി -വഖഫ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജാമിയത്ത് ഉൽമ ഐ ഹിന്ദ്, മുസ്ലിം വ്യക്തി നിയമ ബോർഡ് എന്നിവ കോടതി വിധിയിലെ അസംതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.