IPL 2021| താരങ്ങൾക്ക് കോവിഡ് ബാധ, ബയോ ബബിൾ ചോർച്ച; അന്വേഷണത്തിന് ബിസിസിഐ
- Published by:Rajesh V
- news18-malayalam
Last Updated:
ബയോ ബബിൾ സംവിധാനത്തിൽ കഴിയുന്ന താരങ്ങൾക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ബിസിസിഐ അന്വേഷണം തുടങ്ങി
ഐപിഎല്ലിന്റെ മുന്നോട്ടുള്ള നടത്തിപ്പിന് ശക്തമായ ഭീഷണി ഉയര്‍ത്തി കോവിഡ് 19 വ്യാപനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അഹമ്മദാബാദിൽ ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന കൊൽക്കത്ത- റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റിവച്ചിരുന്നു. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സ് സംഘത്തിലെ സിഇഒ കാശി വിശ്വനാഥൻ, ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, ബസ് ക്ലീനർ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കൊൽക്കത്തക്കെതിരെ അവസാനം കളിച്ച ടീമെന്ന നിലയ്ക്ക് ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങളോട് ക്വറന്റീനിൽ പ്രവേശിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ നാല് ദിവസത്തിനിടെ നടത്തിയ മൂന്നാമത്തെ ടെസ്റ്റിലാണ് വരുണും സന്ദീപും പോസിറ്റീവായതെന്ന് കൊൽക്കത്ത ടീം മാനേജ്മെന്റ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. ഇനി മുതൽ ദിവസവും താരങ്ങളെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കുമെന്നും ടീം അറിയിച്ചു. മറ്റു ടീമുകളും ഇതേ മാർഗം പിന്തുടരാനാണ് സാധ്യത. ഏപ്രിൽ 29ന് കൊൽക്കത്തയുമായി കളിച്ച ഡൽഹി ടീമിലെ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കാൻ തീരുമാനമായിട്ടുണ്ട്.
advertisement
അതേസമയം, ബയോ ബബിൾ സംവിധാനത്തിൽ കഴിയുന്ന താരങ്ങൾക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്നാണ് എല്ലാവരും ചോദിക്കുന്നത്. പുറംലോകവുമായി നേരിട്ടു ബന്ധപ്പെടാൻ കഴിയാത്ത ബയോ സെക്യൂർ ബബ്‌ൾ സംവിധാനത്തിലാണ് ഐപിഎൽ താരങ്ങളെല്ലാം കഴിയുന്നത്. താരങ്ങൾക്ക് മത്സരങ്ങൾക്കും പരിശീലനത്തിനുമല്ലാതെ ബബിൾ സംവിധാനം വിട്ട് പുറത്തുപോകാനുള്ള അനുവാദമില്ല. തോളിലെ വേദനയെത്തുടർന്ന് പരിശോധനയ്ക്കായി കൊൽക്കത്ത താരം വരുൺ ചക്രവർത്തി ബബിൾ വിട്ട് പുറത്ത് പോയിരുന്നു. അതിനു ശേഷം നടത്തിയ പരിശോധനയിലാണ് താരത്തിനു കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്നുമാകാം താരത്തിന് കോവിഡ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.
advertisement
ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ചെന്നൈ ടീം ക്യാംപിലും കോവിഡ് ഉണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നത്. ടീം സീഇഒ കാശി വിശ്വനാഥനും ബൗളിംഗ് കോച്ച് ബാലാജിക്കും പുറമേ ടീമിനൊപ്പമുള്ള ഒരു ബസ് ജീവനക്കാരനുമാണ് കോവിഡ് പിടിപെട്ടെന്നാണു പുറത്തുവന്ന റിപ്പോർട്ട്. ആദ്യ കോവിഡ് ഫലം ശരിയാണോയെന്ന് ഉറപ്പിക്കാൻ രണ്ടാമതൊരു പരിശോധനയ്ക്കുകൂടി മൂന്ന് പേരും ഇന്നലെ തന്നെ വിധേയരായി. ഇതുകൂടാതെ ഇന്നലത്തെ പരിശീലനം കൂടി അവർ റദ്ദാക്കി. നിലവിൽ ചെന്നൈ ടീം ഡൽഹിയിലാണ്.
advertisement
കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രൂ ടൈ, ആദം സാംപ, കെയ്‌ൻ റിച്ചഡ്സൻ, ബയോ ബബിളിൽ കഴിയാനുള്ള മാനസിക ബുദ്ധിമുട്ട് മൂലം ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൻ എന്നിവരും ഇന്ത്യൻ താരം ആർ.അശ്വിനും ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ഇവരെ കൂടാതെ അമ്പയർ നിതിൻ മേനോൻ മാച്ച് റഫറി മനു നയ്യാർ എന്നിവരും പിൻമാറി. എന്നാൽ കോവിഡിനിടയിലും ഐപിഎൽ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബിസിസിഐയുടെ ഔദ്യോഗിക പ്രതികരണം. പുതിയ സാഹചര്യത്തോടു ബിസിസിഐ പ്രതികരിച്ചിട്ടുമില്ല.
advertisement
പക്ഷേ ബയോ ബബിൾ സംവിധാനത്തിൽ കഴിയുന്ന താരങ്ങൾക്ക് എങ്ങനെ കോവിഡ് പിടിപെട്ടു എന്ന് ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ബിസിസിഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബോർഡ് മുന്നോട്ട് വച്ച കോവിഡ് മാനദണ്ഡങ്ങൾ ടീമുകൾ ലംഘിച്ചിരുന്നോ എന്ന് കണ്ടെത്തേണ്ടതുണ്ട്. അതീവ സുരക്ഷ നൽകുന്ന ഒരു സംവിധാനത്തിൽ ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയത് ബിസിസിഐക്ക് തിരിച്ചടിയാണ്. കാരണം ഇന്ത്യയിൽ കോവിഡ് അതിവേഗം വ്യാപിച്ച് പടരുമ്പോഴും പല ഭാഗത്ത് നിന്ന് വിമർശനങ്ങൾ ഉയർന്ന് വന്നപ്പോൾ ടൂർണമെന്റുമായി മുന്നോട്ട് പോകും എന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചത്. അത് കൊണ്ട് തന്നെ ഐപിഎല്ലുമായി ബന്ധപ്പെട്ട എല്ലാവർക്കും സുരക്ഷ ഒരുക്കുക എന്നത് ബിസിസിഐയുടെ ഉത്തരവാദിത്തമാണ്. അതിൽ വീഴ്ച വരുത്തിയാൽ ഏറ്റവും വലിയ ദുരന്തത്തിനാവും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുക. അത്തരമൊരു സാഹചര്യത്തിലേക്ക് പോവാതിരിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്.