ഐ പി എല്ലിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു ടീമാണ് ചെന്നൈ സൂപ്പർ കിങ്ങ്സ്. അതിന്റെ കാരണം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ എം എസ് ധോണി ടീമിന്റെ തലപ്പത്ത് തുടരുന്നത് തന്നെയാണ്. 'തല' എന്നാണ് ധോണിയെ ചെന്നൈ ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ ഒഴികെ എല്ലാ ഐ പി എൽ സീസണിലും ധോണി തന്റെ ടീമിനെ പ്ലേഓഫിൽ കടത്തിയിരുന്നു. മൂന്ന് തവണ കിരീടവും നേടി. ഇന്നലത്തെ മത്സരത്തിലൂടെ ധോണി ചെന്നൈ നായക വേഷത്തിൽ 200 മത്സരങ്ങൾ പൂർത്തിയാക്കി.
കഴിഞ്ഞ സീസണിൽ ധോണിക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ അതെല്ലാം മറികടക്കാൻ എത്തിയ ധോണി ആരാധകരെ പിന്നെയും നിരാശപ്പെടുത്തുകയാണ്. ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ധോണി 18 റണ്‍സെടുത്താണ് പുറത്തായത്. ഇതിനായി നേരിട്ടത് 17 പന്തുകളാണ്. അവസാന പത്ത് ഐ പി എല്‍ മത്സരങ്ങളില്‍ ധോണി 30 കടന്നത് ഒരിക്കല്‍ മാത്രം. ഇതില്‍ മൂന്ന് തവണ സംപ്യൂജ്യനായി മടങ്ങേണ്ടിവന്നു.
ഇപ്പോഴിതാ വരും മത്സരങ്ങളില്‍ ധോണിയുടെ ബാറ്റിങ് ഓർഡറില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സി എസ് കെയുടെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്ലെമിങ്. ഇത്തവണത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ബാറ്റിങ് ഓഡറിനെ നിയന്ത്രിക്കുകയെന്നതാണ്. രവീന്ദ്ര ജഡേജയ്ക്ക് മുമ്പായി ധോണി ബാറ്റിങ്ങിനിറങ്ങിയേക്കാം. എന്നാലത് മത്സരത്തിന്റെ പദ്ധതികളെ അടിസ്ഥാനമാക്കിയായിരിക്കും. എന്നാല്‍ നിലവിലേത് മികച്ച ബാറ്റിങ് ഓർഡറാണ്. വലിയ ഇന്നിങ്‌സുകള്‍ കളിച്ചോ എന്നതല്ല. മുന്നോട്ടുള്ള കുതിപ്പിന് ക്യാപ്റ്റന്‍ ഒരു നിര്‍ണ്ണായക ഘടകമാണ്-ഫ്ലെമിങ് പറഞ്ഞു.
എം എസ് ധോണി ഫോം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും ഫ്ലെമിങ് പറഞ്ഞു. ഓരോ മത്സരത്തിന് ശേഷവും ധോണി മെച്ചപ്പെടുകയാണ്. ഓരോ മത്സരത്തിന് ശേഷവും മധ്യനിരയില്‍ കൂടുതല്‍ പന്ത് ലഭിക്കുന്നതോടെ അവന്‍ കൂടുതല്‍ കൂടുതല്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്- ഫ്ലെമിങ് കൂട്ടിച്ചേർത്തു. അവസാന സീസണിലെ ഐ പി എല്ലിന് ശേഷം ഇപ്പോഴാണ് ധോണി ക്രിക്കറ്റ് കളിക്കുന്നത്.
ഇത്തവണ ബാറ്റ്സ്മാന്മാരുടെ ഒരു വലിയ നിര തന്നെ സി എസ് കെയിലുണ്ട്. പത്താമനായ ഷർദുൽ താക്കൂറിന് വരെ ബാറ്റിങ്ങിൽ നല്ല പ്രകടനം കാഴ്ച വെക്കാൻ കഴിയും. ദീപക് ചഹറും ഒട്ടും മോശമല്ല. ഡ്വെയ്ന്‍ ബ്രാവോ എട്ടാമനോ ഒമ്പതാമനോ ആയി ബാറ്റിങ്ങിനിറങ്ങേണ്ട അവസ്ഥയാണ് നിലവിൽ സി എസ് കെയിലുള്ളത്. ടീമിലെ കൂടുതല്‍ ആളുകളും സീനിയര്‍ താരങ്ങളാണ്. എന്നിരുന്നാലും ടീമിൽ നിലവിൽ കോമ്പിറ്റേറ്റീവ് ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ എണ്ണവും താരതമ്യേനെ കുറവാണ്.