പാലക്കാട് നിന്നും കോയമ്പത്തൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി കഞ്ചിക്കോട് വെച്ച് നിയന്ത്രണം വിട്ട് എതിർവശത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഇതേ സമയം എതിർവശത്തെ ട്രാക്കിൽ വാളയാറിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസും, ബെംഗളുരുവിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്.
ലോറി നിയന്ത്രണം വിട്ട് മറിയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് ഡ്രൈവർമാർക്ക് ഉടൻ തന്നെ വേഗത കുറച്ച് വാഹനങ്ങൾ നിർത്താൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കെ എസ് ആർ ടി സി ബസിന്റെ മുൻവശം കണ്ടെയ്നറിൽ ഇടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ലോറി ഡ്രൈവർ കോട്ടയം സ്വദേശി മനു തോമസിന് പരിക്കേറ്റു. എന്നാൽ ഇത് ഗുരതരമല്ല.
രണ്ട് കെ എസ് ആർ ടി സി ജീവനക്കാരടക്കം 19 മലയാളികളാണ് കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് അവിനാശിയിലുണ്ടായ അപകടത്തിൽ മരിച്ചത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സിയുടെ സ്കാനിയ ബസിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ച് കയറുകയായിരുന്നു. കണ്ടെയ്നർ ലോറി ഓടിച്ച ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.