ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞതിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അരിക്കൊമ്പൻ കമ്പംമേട്ട് ഭാഗത്തേക്കാണു നീങ്ങുന്നത്. റോഡിന് സമാന്തരമായി തെങ്ങിന്‍തോപ്പുകളിലൂടെയാണ് ആനയുടെ നീക്കം. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്. ആനയെ തിരികെ കാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ ഫലം കാണുന്നില്ല.
വ്യാഴാഴ്ച രാത്രിയാണ് അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗർ കോളനി ഭാഗങ്ങളിൽ എത്തിയത്. വനപാലകരുടെ സംഘം ശബ്ദമുണ്ടാക്കി ഗാന്ധിനഗർ കോളനിയിൽ നിന്ന് ഓടിച്ചപ്പോൾ ആന റോസാപ്പൂക്കണ്ടം ഭാഗത്തേക്കു മാറി. ഇവിടെ നിന്നു തുരത്താൻ ശ്രമിച്ചപ്പോൾ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള വനപാലക സംഘത്തിന് നേരെ ചിന്നം വിളിച്ചെത്തി. ഓടി മാറിയ വനപാലകർ പല തവണ ആകാശത്തേക്കു വെടിയുതിർത്തെങ്കിലും തിരിച്ചുപോകാൻ അരിക്കൊമ്പൻ കൂട്ടാക്കിയില്ല. പിന്നീടും പല റൗണ്ട് നിറയൊഴിച്ചും ബഹളംവച്ചുമാണ് ആനയെ കാടുകയറ്റിയത്.
83 കിലോമീറ്ററാണ് ചിന്നക്കനാലിൽ നിന്നു കുമളിയിലേക്കുള്ള ദൂരം. അരിക്കൊമ്പൻ ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള പ്രദേശത്തു നിന്ന് പശ്ചിമഘട്ടത്തിലൂടെ യാത്ര ചെയ്താൽ ചിന്നക്കനാലിലെത്താൻ 100 കിലോമീറ്ററെങ്കിലും സഞ്ചരിക്കണം. ആനയുടെ ഇപ്പോഴത്തെ സഞ്ചാരപാതയിലൂടെ മുന്നോട്ട് നീങ്ങിയാൽ കമ്പംമെട്ടും രാമക്കൽമേടും പിന്നിട്ട് മതികെട്ടാൻ ചോലയിലെത്താം. ഇവിടെനിന്ന് ചിന്നക്കനാലിലും എത്താം.
റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കൺട്രോൾ റൂമിൽ ലഭിക്കാൻ വൈകുന്നതുമൂലം ആനയുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ട്. സിഗ്നൽ ലഭിക്കുമ്പോഴേക്കും ആന മറ്റൊരു സ്ഥലത്ത് എത്തിയിരിക്കും.വ്യാഴാഴ്ച ഉച്ചയ്ക്ക് തേക്കടിയിൽ നെല്ലിക്കാംപെട്ടി ഭാഗത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്. അഞ്ചുമണിയോടെ കരടിക്കവല ഭാഗത്ത് എത്തിയതായി സിഗ്നൽ ലഭിച്ചു. ഇവിടെ നിന്ന് ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും അതെല്ലാം മറികടന്നാണ് ആന കുമളിക്കു സമീപം എത്തിയത്.