മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ വീടിനൊപ്പം പ്രിയപ്പെട്ടവരെ കൂടി നഷ്ടമായ കാവ്യക്കും കാർത്തികക്കും മലപ്പുറം കളക്ട്രേറ്റിൽ വച്ച് രാഹുൽ ഗാന്ധി കൈമാറിയ താക്കോൽ വീടിന്റെ മാത്രമല്ല, ജീവിതത്തിന്റെ കൂടിയാണ്. എല്ലാം നഷ്ടമായ ഈ സഹോദരിമാർക്ക് ഇത് നൽകുന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറത്താണ്. കാവ്യയും കാർത്തികയും വീണ്ടും ചിരിക്കാൻ തുടങ്ങുക ആണ്.
കവളപ്പാറ ദുരന്തം പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതിനെയും എല്ലാം തുടച്ച് നീക്കിയപ്പോൾ നിരാശയുടെ ആഴങ്ങളിൽ ആയി ഈ സഹോദരിമാർ. പ്രളയകാലത്തെ സന്ദർശനസമയത്ത് രാഹുൽ ഇവരെ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഇവർക്ക് വേണ്ടത് ചെയ്ത് നൽകാൻ നിർദ്ദേശവും നൽകി. അങ്ങനെ ആണ് കോൺഗ്രസ് ഇവർക്ക് പുതിയ വീട് നിർമിച്ച് നൽകിയത്.
ഡിഫറന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് എന്ന ഭിന്ന ശേഷിക്കാരുടെ സംഘടന പ്രതിനിധി ബഷീറിന്റെ അരികിലേക്കും രാഹുൽ വന്നു, സംസാരിച്ചു. ബഷീർ പറഞ്ഞത് കേട്ടു. സംഘടനയ്ക്ക് പിന്തുണയും വാഗ്ദാനം ചെയ്തു. മലപ്പുറം കളക്ട്രേറ്റിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലും രാഹുൽ പങ്കെടുത്തു. കോവിഡിനെ അതിജീവിക്കാൻ സ്വീകരിച്ച നടപടികൾ രാഹുൽ കേട്ട് മനസ്സിലാക്കി, വിലയിരുത്തി, അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിച്ചു.