കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായുള്ള (Thrikkakara By-Election) പോളിംഗ് സാമഗ്രികളുടെ വിതരണം (polling materials ) ഇന്നു രാവിലെ 8 മണിക്ക് എറണാകുളം മഹാരാജാസ് കോളേജില്‍ ആരംഭിച്ചു. തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമം അനുസരിച്ച് രാവിലെ 8, 9, 10, 11 എന്നീ സമയങ്ങളില്‍ പോളിംഗ് ഉദ്യാഗസ്ഥര്‍ മഹാരാജാസ് കോളേജിലെത്തി പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റും.
പോളിംഗ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചായിരിക്കും വിതരണം. പോളിംഗ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ പോളിംഗ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 36 വലിയ ബസുകള്‍, 28 ചെറിയ ബസുകള്‍, 25 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.
പോളിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാനുള്ള എല്ലാ നടപടിയും കൈകൊണ്ടിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർക്ക് അതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ചിൽ കൂടുതൽ പോളിംഗ് ബൂത്തുകൾ ഉള്ള പോളിങ് സ്റ്റേഷനുകളിൽ മുഴുവൻ സമയ മൈക്രോ ഒബ്സർമാർ ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടര്‍മാര്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ അവസരം ഒരുക്കേണ്ടത് തൊഴില്‍ദായകന്റെ ഉത്തരവാദിത്തമാണ്. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്. ആകെ ഒരു ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി എണ്ണൂറ്റി അഞ്ച് വോട്ടർമാരാണ് മണ്ഡത്തിലുള്ളത്. ഇതിൽ 3633 കന്നിവോട്ടർമാരാണ്. ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവിൽ തൃക്കാക്കരയിൽ നാളെയാണ് വോട്ടെടുപ്പ്. ഇന്ന് മണ്ഡലത്തിൽ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാർത്ഥികളും പാർട്ടി പ്രവർത്തകരും അവസാനത്തെ വോട്ടും ഉറപ്പിക്കാനായി അരയും തലയും മുറുക്കി രംഗത്തുണ്ട്.
പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ഉമയ്ക്കു കിട്ടുമെന്നാണ് യുഡിഎഫ് കണക്ക്. അയ്യായിരത്തിനും എണ്ണായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് ജോ ജയിക്കുമെന്നാണ് സിപിഎം ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ അന്തിമ റിപ്പോര്‍ട്ട്. വോട്ട് വർധിപ്പിക്കുമെന്നും ബിജെപി നേതൃത്വവും പറയുന്നു.