കോട്ടയം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ വിദ്യാ മണ്ഡപത്തിൽ പുലർച്ചെ നാലു മുതൽ ചടങ്ങുകൾ ആരംഭിച്ചു. വൈകിട്ട് നാല് വരെയാണ് കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കാൻ സമയം നൽകിയിരിക്കുന്നത്. പനച്ചിക്കാട് സരസ്വതി ക്ഷേത്രം ഒരുക്കിയ മൊബൈൽ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് വിദ്യാരംഭത്തിന് അവസരമൊരുക്കിയത്.
നാൽപതോളം ആചാര്യന്മാരാണ് ഓരോ വർഷവും പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. ഇത്തവണ അത് ചുരുക്കി. രക്ഷിതാക്കൾ തന്നെയാണ് കുട്ടികളെ മടിയിലിരുത്തി നാവിൽ സ്വർണ്ണം കൊണ്ട് ആദ്യാക്ഷരം കുറിച്ചത്. തുടർന്ന് അരിയിലും രക്ഷിതാക്കൾ ആദ്യാക്ഷരം എഴുതിച്ചു. നിർദ്ദേശങ്ങൾ നൽകാൻ ആചാര്യന്മാരും വിദ്യ മണ്ഡപത്തിൽ സന്നിഹിതരായിരുന്നു.