ഒരു മാസത്തിനിടയിൽ ബിറ്റ്‌കോയിന്റെ (Bitcoin) വിലയിലുണ്ടായ ഏറ്റവും വലിയ കുറവ് ബുധനാഴ്ച രേഖപ്പെടുത്തി. നവംബർ 24 ന് 55,460.96 ഡോളറായാണ് ബിറ്റ്‌കോയിന്റെ മൂല്യം ഇടിഞ്ഞത്. ഈ ഇടിവിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് വിശകലന വിദഗ്ദ്ധർ അനുമാനിക്കുന്നു. വർഷാവസാനത്തെ പ്രോഫിറ്റ് ബുക്കിംഗ്, വിൽക്കാനുള്ള വർദ്ധിച്ച സമ്മർദ്ദം, 'ക്രിപ്റ്റോകറൻസി റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി' ബിൽ അവതരിപ്പിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ തീരുമാനം എന്നിവ ക്രിപ്റ്റോകറൻസി വിപണിയെ (Cryptocurrency Market) സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.
നവംബർ 24 ന് രാവിലെ 8 മണിക്ക് കോയിൻമാർക്കറ്റ്ക്യാപ് നൽകിയ വിവരങ്ങൾ പ്രകാരം, ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ വിപണി മൂലധനം 0.58 ശതമാനം ഇടിഞ്ഞ് 56,607.05 ഡോളറിലെത്തി നിന്നു. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനായി ചില ഇളവുകളോടെ, ഇന്ത്യയിൽ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളെയും നിരോധിക്കുന്ന ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും.
ഇന്ത്യയുടെ റിസർവ് ബാങ്ക് സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ചില ഇളവുകളോടെ ഇന്ത്യയിൽ സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ പോകുന്നതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ക്രിപ്റ്റോ വിപണി തുടർച്ചയായി ഇടിവ് നേരിടുന്നുണ്ട്. എന്നാൽ, ബിറ്റ്‌കോയിൻ അതിന്റെ സ്ഥാനം ഏതാണ്ട് 57,000 ഡോളറിൽ തന്നെ നിലനിർത്തി.
ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ളതും പുരോഗമനാത്മകവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തങ്ങൾ ആലോചിക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രസ്തുത രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും കാഴ്ചപ്പാടുകൾ പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്.
ക്രിപ്റ്റോകറൻസിയോ ബിറ്റ്‌കോയിനോ തെറ്റായ കരങ്ങളിലെത്തി നമ്മുടെ യുവാക്കളെ വഴിതെറ്റിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ ജനാധിപത്യ രാഷ്ട്രങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് സൈബർ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സിഡ്‌നി ഡയലോഗ് എന്ന ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.