കൊച്ചി : ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചു ദിവസമാക്കുമ്പോൾ അരമണിക്കൂർ അധികം പ്രവർത്തിക്കേണ്ടതെങ്ങനെയെന്നത് സംബന്ധിച്ച് തീരുമാനമായി. ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ തമ്മിലാണ് ധാരണ. സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക് അസോസിയേഷന് കത്ത് നൽകി.
മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർധിപ്പിച്ച് എല്ലാ ശനിയാഴ്ചകളും അവധിയായി പ്രഖ്യാപിക്കണമെന്ന് ബാങ്ക് ജീവനക്കാർ ഏറെ നാളായി ആവശ്യപ്പെടുന്നു. എന്നാൽ, അധിക ജോലി സമയം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുത്തു. ഇപ്പോൾ തുറക്കുന്ന സമയം നേരത്തേയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ നിർദ്ദേശിക്കുമ്പോൾ നിലവിലെ ക്ലോസിംഗ് സമയത്തിന് അര മണിക്കൂർ കൂടി നൽകണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം.
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്‌സ് എന്നിവർ രാവിലെ അരമണിക്കൂർ കൂടി സമയം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക് അസോസിയേഷന് കത്ത് നൽകിയിരുന്നു.