പീപ്പിള്‍ മാഗസിനില്‍ അസ്ഗാരിയുടെ മാനേജര്‍ ബ്രാന്‍ഡന്‍ കോഹന്‍ താരങ്ങളുടെ വിവാഹനിശ്ചയ വാര്‍ത്ത സ്ഥിരീകരിച്ചു. ''ദമ്പതികള്‍ അവരുടെ ദീര്‍ഘകാല ബന്ധം ഇന്ന് ഔദ്യോഗികമാക്കി, അവര്‍ പരസ്പരം പ്രകടിപ്പിച്ച പിന്തുണയും അര്‍പ്പണബോധവും സ്‌നേഹവും ആഴത്തില്‍ സ്പര്‍ശിക്കുന്നു,'' അദ്ദേഹം പറഞ്ഞു. 39-കാരിയായ ബ്രിട്‌നി മുമ്പ് രണ്ടുതവണ വിവാഹിതയായിട്ടുണ്ട്.
തന്റെ 13 വര്‍ഷത്തെ കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ നിയമ പോരാട്ടം നടത്തികൊണ്ടിരിക്കുകയാണ് ബ്രിട്‌നി. യുഎസ് നിയമമനുസരിച്ച് സ്വന്തം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത ഒരു കുട്ടിയെപ്പോലുള്ള മാനസിക വികാസങ്ങള്‍ മാത്രമുള്ള ഒരു മുതിര്‍ന്ന ആളിനെ സംരക്ഷിക്കുന്നതിനായി, കോടതിക്ക് ബോധ്യമായ ഒരാളെ നിയമിക്കാം എന്നതാണ് കണ്‍സര്‍വേറ്റര്‍ഷിപ്പ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
ബ്രിട്‌നിയുടെ വ്യക്തിജീവിതവും സാമ്പത്തികവും കണ്‍സര്‍വേറ്റര്‍ഷിപ്പ് പ്രകാരമാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഇതിലെ നിബന്ധനകള്‍ പ്രകാരം, അസ്ഗാരിയെ വിവാഹം കഴിക്കുന്നതിനോ, കുട്ടികളുണ്ടാകുന്നതിലോ തന്നെ തടയുന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച, ബ്രിട്‌നിയുടെ പിതാവ് ജാമി സ്പിയേഴ്‌സ് ലോസ് അഞ്ചലസ് കോടതിയില്‍ കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിപ്പിക്കാന്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
ഈ കേസില്‍ സെപ്റ്റംബര്‍ 29ന് കോടതി വാദം കേള്‍ക്കും. കോടതി ഉത്തരവുള്ള കണ്‍സര്‍വേറ്റര്‍ഷിപ്പില്‍ ജാമി സ്പിയേഴ്‌സിന് തന്റെ മകളുടെ എസ്റ്റേറ്റിലും അവളുടെ ജീവിതത്തിന്റെ മറ്റ് വശങ്ങളിലും നിയന്ത്രണം നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം 2019 ല്‍ മകളുടെ സ്വകാര്യ കാര്യങ്ങളുടെ കണ്‍സര്‍വേറ്റര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവച്ചു.