പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽ പോയത് 55 ലക്ഷം രൂപയ്ക്ക്. സെർബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആംബാൻഡ് ലേലത്തിനുവെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദർദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി ഈ പണം വിനിയോഗിക്കും. ശരീരം തളർന്ന് പോകുന്ന സ്പൈനൽ മസ്കുലാർ അട്രോഫി എന്ന രോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. (image: AFP)
സെർബിയയിലെ 'മൊസാർട്ട്' എന്ന ബെറ്റിങ് കമ്പനിയാണ് റൊണാൾഡോയുടെ ആം ബാൻഡ് 7.5 ദശലക്ഷം ദിനാറിന് (ഏകദേശം 55 ലക്ഷം രൂപ) ലേലത്തിൽ പിടിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സെർബിയയ്ക്കെതിരേ ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനോയുടെ ഷോട്ട് പ്രതിരോധനിരതാരം രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗോൾവര കടന്നിരുന്നു. എന്നാൽ, റഫറി ഗോൾ അനുവദിച്ചില്ല.
മത്സരം 2-2ന് സമനിലയിൽ നിൽക്കെയായിരുന്നു സംഭവം. ഇതോടെ ക്ഷുഭിതനായ പോർച്ചുഗൽ താരം നായകന്റെ ആംബാൻഡ് ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞ് കളിതീരും മുമ്പേ കളംവിട്ടിരുന്നു. താരം വലിച്ചെറിഞ്ഞ ഈ ആം ബാൻഡ് സ്റ്റേഡിയത്തിലുണ്ടായിരുന്ന ഒരു ഫയർഫോഴ്സ് ജീവനക്കാരനാണ് സെർബിയയിലെ ജീവകാരുണ്യ കൂട്ടായ്മയ്ക്ക് കൈമാറിയത്. (Image: reuters)
ഏതായാലും റഫറിയുടെ തെറ്റായ തീരുമാനം കൊണ്ട് പോർച്ചുഗലിന് അവരുടെ അർഹിച്ച വിജയം നഷ്ടമായെങ്കിലും ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ ഉള്ള വഴിയാണ് തുറന്നു കൊടുത്തത്. മൂന്ന് ദിവസത്തേക്കയിരുന്നു ലേലം. ലേലത്തിനിടെ ചില വിവാദങ്ങളും ഉയർന്നിരുന്നു. വലിയ തുക നല്കി ലേലം മുടക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന പരാതി ഉയർന്നിരുന്നു. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും എന്ന് ലേലം നടത്തുന്ന സെർബിയൻ ജീവകാരുണ്യ സംഘടന പറഞ്ഞു. (Image: reuters)
മത്സരത്തിന് ശേഷം വീഡിയോ കണ്ടപ്പോഴാണ് തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് റഫറി തെറ്റിന് പരിഹാരമെന്നോണം മാപ്പ് പറഞ്ഞത്. അതേസമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെരുമാറ്റത്തിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കാൻ സാധ്യതയുണ്ട്. ഫിഫയുടെ അച്ചടക്ക സമിതി താരത്തിനെ ഒരു മല്‍സരത്തില്‍ നിന്ന് വിലക്കിയേക്കുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാപ്റ്റനായ റൊണാള്‍ഡോയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് മുന്‍ താരങ്ങള്‍ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. റൊണാൾഡോയുടെ നടപടി പരിശോധിക്കാൻ ഫിഫ ഗവേണിംഗ് ബോഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനം ഇതുവരെയും വന്നിട്ടില്ല എങ്കിലും അവരുടെ റിപ്പോർട്ടിലെ ചില സൂചനകൾ വച്ചാണ് വിലക്കിനെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുന്നത്.