ഇംഗ്ലണ്ട് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യത്തെ ചെറുത്തുതോൽപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ കൗമാരപ്പട ഫൈനലിലേക്ക് യോഗ്യത നേടിയത്. അഫ്ഗാനിസ്ഥാനെ 15 റണ്‍സിന് വീഴ്ത്തിയ ഇംഗ്ലണ്ട് അണ്ടർ 19 ലോകകപ്പിൽ 24 വർഷത്തിന് ശേഷമുള്ള അവരുടെ ആദ്യ ഫൈനൽ പ്രവേശനം കൂടിയാണ് സ്വന്തമാക്കിയത്. 1998ലായിരുന്നു അവർ അവസാനമായി ഫൈനലിൽ കളിച്ചത്. മഴ മൂലം 47 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാന്റെ വിജയക്ഷ്യം 47 ഓവറില്‍ 231 റണ്‍സായി പുനര്‍നിശ്ചയിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് പക്ഷേ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 215 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 36-ാം ഓവര്‍ വരെ അഫ്ഗാന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച ജോര്‍ജ് ബെല്‍ - അലക്‌സ് ഹോര്‍ട്ടണ്‍ സഖ്യമാണ് ഇംഗ്ലണ്ടിന് അനുകൂലമായി മത്സരത്തിന്റെ ഗതി തിരിച്ചത്. പിരിയാത്ത ഏഴാം വിക്കറ്റില്‍ നിര്‍ണായകമായ 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 35.1 ഓവറില്‍ ആറിന് 136 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് പതറുമ്പോഴായിരുന്നു ഇരുവരുടെയും രക്ഷാപ്രവര്‍ത്തനം. 67 പന്തുകള്‍ നേരിട്ട ബെല്‍ ആറ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്നപ്പോൾ വെറും 36 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുകളും സഹിതം ഹോര്‍ട്ടണ്‍ 53 റണ്‍സെടുത്തു. 69 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 50 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് തോമസും ഇംഗ്ലണ്ടിനായി തിളങ്ങി.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന് തുടക്കത്തില്‍ തന്നെ നന്‍ഗെയാലിയ ഖറോട്ടെയുടെ (0) വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഇഷാഖ് (65 പന്തിൽ 43) - അല്ലാ നൂര്‍ (87 പന്തുകളിൽ 60) സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിന് മികച്ച അടിത്തറ നൽകിക്കൊണ്ട് ശക്തമായ നിലയിൽ എത്തിച്ചു. എന്നാൽ ഇരുവരും പുറത്തായതോടെ അഫ്ഗാൻ മത്സരത്തിൽ പിന്നോട്ടുപോവുകയായിരുന്നു. തുടരെ വിക്കറ്റുകൾ നഷ്ടമായത് അവർക്ക് വലിയ തിരിച്ചടിയായി. (ICC Image)
പിന്നീട് വന്നവരില്‍ അബ്ദുള്‍ ഹാദി (37*), ബിലാല്‍ അഹമ്മദ് (33), നൂര്‍ അഹമ്മദ് (25) എന്നിവര്‍ക്ക് മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. അഞ്ചാം വിക്കറ്റില്‍ ഹാദി - ബിലാല്‍ സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ട് പാടത്തുയർത്തിയെങ്കിലും പിന്നീട് വന്നവര്‍ക്ക് കാര്യമായ സംഭവന ചെയ്യാനാകാതെ വന്നതോടെ അഫ്ഗാൻ ഇംഗ്ലണ്ടിനോട് തോൽവി സമ്മതിക്കുകയായിരുന്നു. (ICC Image)