കാഠ്മണ്ഡു: ആഡംബര വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാൾ. കാറുകൾ, മൊബൈൽ ഫോണുകൾ, വജ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പത്ത് ആഡംബര വസ്തുക്കളുടെ ഇറക്കുമതിയാണ് രാജ്യം നിരോധിച്ചത്. ഇത് സംബന്ധിച്ച നിർദേശം നേപ്പാൾ ഗസറ്റേയ്‌ക്ക് കൈമാറി. രാജ്യത്ത് വിദേശനാണ്യ കരുതൽ ശേഖരത്തിൽ പ്രതിസന്ധി നേരിടാൻ തുടങ്ങിയതാണ് ഇറക്കുമതി നിരോധനത്തിന് കാരണമായത്. സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി തുടർന്നാൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കയുടെ അതേസ്ഥിതിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഏതാനും നാളുകളായി മുന്നറിയിപ്പും ലഭിച്ചിരുന്നു.
അതേസമയം നിലവിലെ സാമ്പത്തിക വർഷം കഴിയുന്നതിന് ശേഷമാണ് നിരോധനം പ്രാബല്യത്തിൽ വരിക. ജൂലൈ മധ്യത്തോടെയാണ് നിലവിലെ സാമ്പത്തിക വർഷം നേപ്പാളിൽ അവസാനിക്കുന്നത്. ആഡംബര വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി വായ്പ നൽകരുതെന്ന് വാണിജ്യ ബാങ്കുകൾക്ക് നേരത്തെ സെൻട്രൽ ബാങ്ക് നിർദേശം നൽകിയിരുന്നു. ഏപ്രിൽ ആദ്യവാരത്തിൽ സെൻട്രൽ ബാങ്ക് ഉത്തരവിട്ടത്. മദ്യം, സിഗരറ്റ്, ടുബേക്കോ ഉൽപ്പന്നങ്ങൾ, വജ്രങ്ങൾ, മൊബൈൽ ഫോണുകൾ, കളർ ടെലിവിഷൻ സെറ്റുകൾ, എസ്‌യുവികൾ, കാറുകൾ, വാനുകൾ, മോട്ടോർസൈക്കിളുകൾ, ടോയ്‌സ്, പ്ലേയിങ് കാർഡുകൾ എന്നിവയുടെ ഇറക്കുമതിയാണ് നിരോധിച്ചത്.
രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനമാണ് കുറഞ്ഞത്. ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രം. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണിത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി. അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. സര്‍ക്കാര്‍ ഇന്ധനവില നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ നേരത്തെ പുറത്താക്കിയിരുന്നു.
ഇതിനിടെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുമേഖലാ ഓഫീസുകള്‍ക്ക് ഈ മാസം രണ്ട് അവധികള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. നേപ്പാള്‍ കേന്ദ്ര ബാങ്കിന്റേയും നേപ്പാള്‍ ഓയില്‍ കോര്‍പ്പറേഷന്റേയും നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രണ്ടു ദിവസം അവധി പരിഗണിക്കുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുകയറാന്‍ കാരണമായിട്ടുണ്ട്. വിനോദസഞ്ചാരവും പ്രവാസികള്‍ അയക്കുന്ന പണവുമാണ് പ്രധാന വരുമാനമാര്‍ഗങ്ങള്‍. എന്നാല്‍, കോവിഡ് ഇവ രണ്ടിനെയും ബാധിച്ചു. വരുമാനം കുറഞ്ഞതോടെ കൈയിലുള്ള വിദേശനാണ്യം ഇറക്കുമതിക്കായി ചെലവാക്കേണ്ട സ്ഥിതിയായി. പ്രതിസന്ധിയെ നേരിടാന്‍, വിദേശത്ത് താമസിക്കുന്ന നേപ്പാള്‍ പൗരന്മാരോട് രാജ്യത്തെ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.