2016ലെ പ്രസിഡൻഷ്യൽ ക്യാംപെയ്നുമായി ബന്ധപ്പെട്ട് പോൺ താരത്തിന് പണം നൽകിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ന്യൂയോര്‍ക്കിലെ കോടതി കഴിഞ്ഞ ദിവസം ക്രിമിനൽ കുറ്റം ചുമത്തിയിരുന്നു. ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ യുഎസ് പ്രസിഡന്റാണ് ട്രംപ്. എന്നാൽ ട്രംപിനു മുൻപ് പല അമേരിക്കൻ പ്രസിഡന്റുമാരും ലൈംഗികാരോപണങ്ങൾ നേരിട്ടിട്ടുണ്ട്. അത് ആരൊക്കെയാണെന്നു നോക്കാം.
ജോർജ് വാഷിങ്ടൺ - അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റും രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളുമാണ് ജോർജ് വാഷിങ്ടൺ. തന്റെ അർദ്ധസഹോദരൻ ജോൺ അഗസ്റ്റിൻ വാഷിംഗ്ടണിന്റെ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന അടിമ സ്ത്രീയായ വീനസിൽ ജോർജ് വാഷിങ്ടണ് ഒരു മകനുണ്ട് എന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. വെസ്റ്റ് ഫോർഡ് എന്ന വീനസിന്റെ മകന്റെ പിൻതലമുറക്കാരാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ജോർജ് വാഷിങ്ടൺ വാഷിംഗ്ടൺ വെസ്റ്റ് ഫോർഡിന്റെ പിതാവാണെന്നും വാഷിംഗ്ടണിന്റെ മുടിയുടെ സാമ്പിളുകളിൽ നിന്ന് ഡിഎൻഎ തെളിവുകൾ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ, വാഷിങ്ടൺ വീനസിനെ കണ്ടുമുട്ടി എന്നതിന് തെളിവുകളില്ലെന്നാണ് ചരിത്രകാരന്മാർ പറഞ്ഞത്. (Photo: Canva)
തോമസ് ജെഫേഴ്സൺ - അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു തോമസ് ജെഫേഴ്സൺ. സാലി ഹെമിംഗ്സ് എന്ന അടിമ വനിതയിൽ ജെഫേഴ്സണ് മക്കളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഹെമിങ്സിന്റെ രണ്ടു മക്കളുടെ പിതാവ് തോമസ് ജെഫേഴ്സൺ ആണെന്ന് 1998-ൽ, ഒരു ഡിഎൻഎ പരിശോധനയിൽ കണ്ടെത്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ മരണത്തിന് വർഷങ്ങൾക്ക് ശേഷം, സാലി ഹെമിംഗ്സിൽ അദ്ദേഹത്തിന് ആറു മക്കളുണ്ടായി എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. (Photo: Canva)
വില്യം ഹെൻറി ഹാരിസൺ - അധികാരത്തിലിരിക്കെ മരിച്ച ആദ്യത്തെ പ്രസിഡന്റാണ് വില്യം ഹെൻറി ഹാരിസൺ. 32 ദിവസം മാത്രമാണ് അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിരുന്നത്. ഭാര്യ അനയിൽ അദ്ദേഹത്തിന് പത്തു കുട്ടികളുണ്ടായിരുന്നു. 20-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആഫ്രിക്കൻ-അമേരിക്കൻ നേതാവും ജീവചരിത്രകാരനുമായ വാൾട്ടർ ഫ്രാൻസിസ് വൈറ്റ് പറയുന്നതനുസരിച്ച്, ഹാരിസണിന് തന്റെ അടിമകളിലൊരാളായ ദിൽസിയയുമായി ബന്ധമുണ്ടായിരുന്നു. അതിൽ അദ്ദേഹത്തിന് ആറ് കുട്ടികളുണ്ടായിരുന്നുവെന്നും അവരിൽ നാലു പേരെ ജോർജിയയിലെ ഒരു തോട്ടത്തിന് വിറ്റെന്നും വാഷിംഗ്ടൺ പോസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നു. ആ പൂർവ്വികരിൽ ഒരാളാണ് വാൾട്ടർ ഫ്രാൻസിസ് വൈറ്റിന്റെ അമ്മ മഡലിൻ ഹാരിസൺ എന്നും കരുതുന്നു. (Photo: Canva)
ജോൺ ടെയ്‍ലർ - തോട്ടങ്ങളിൽ പണിയെടുക്കുന്ന അടിമകളുമായി ഉടമകൾ ബന്ധം പുലർത്തുന്നത് അമേരിക്കയിൽ സാധാരണമായിരുന്നു. വില്യം ഹെൻറി ഹാരിസണിന്റെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി അധികാരമേറ്റത് ജോൺ ടെയ്‍ലർ ആണ്. വിർജീനിയയിലെ തന്റെ അടിമകളിൽ ഒരാളുമായി ടെയ്ലറിന് ബന്ധമുണ്ടായിരുന്നു എന്നും ഇവർക്ക് കുട്ടികളുണ്ടായെന്നും ഈ കുട്ടികളിൽ ചിലരെ പിന്നീട് വിറ്റെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. (Photo- Wkipedia)
ഗ്രോവർ ക്ലീവ്‌ലാൻഡ് - തന്റെ പ്രസിഡൻഷ്യൽ പ്രചാരണ വേളയിൽ, ഗ്രോവർ ക്ലീവ്‌ലാൻഡിന് മരിയ ഹാൽപിൻ എന്ന സ്ത്രീയിൽ ഒരു കുട്ടി ജനിച്ചതായി ആരോപണം ഉയർന്നിരുന്നു. മരിയ ഹാൽപിനെ ചില മാനസികപ്രശ്നങ്ങളെത്തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചപ്പോൾ കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുത്തു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ക്ലീവ്‌ലാൻഡുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമല്ല എന്നായിരുന്നു ഹാൽപിൻ പിന്നീട് പറഞ്ഞത്. ക്ലീവ്‌ലാൻഡ് ആ ആരോപണങ്ങൾ നിരസിക്കുകയും അദ്ദേഹം രണ്ട് തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ എതിരാളികൾ പലപ്പോഴും ഈ സംഭവം ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിച്ചിരുന്നു.
വാറൻ ഹാർഡിംഗ് - തന്റെ ഓഫീസ് സെക്രട്ടറി നാൻ ബ്രിട്ടനിൽ വാറൻ ഹാർഡിംഗിന് ഒരു കുട്ടിയുണ്ടായിരുന്നു എന്ന് ആരോപണങ്ങൾ പുറത്തു വന്നിരുന്നു. പ്രസിഡന്റ് ഹാർഡിംഗിന്റെ കുട്ടിയെ താൻ പ്രസവിച്ചു എന്ന് പരസ്യമായി പറഞ്ഞ് ബ്രിട്ടൻ രംഗത്തെത്തിയിരുന്നു. ബ്രിട്ടന്റെ മകൾ എലിസബത്ത് ആൻ ബ്ലെയ്‌സിഗിന്റെ അച്ഛൻ വാറൻ ഹാർഡിംഗ് ആണെന്ന് 2015 ൽ ജനറ്റിക് ടെസ്റ്റുകൾ വഴി സ്ഥിരീകരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. (Photo: Canva)
ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് - അമേരിക്കൻ പ്രസിഡന്റായിരുന്നു ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിന് തന്റെ ഭാര്യ എലനോറിന്റെ സെക്രട്ടറി ലൂസി മെർസറുമായി ഏറെ നാൾ ബന്ധമുണ്ടായിരുന്നു. റൂസ്‌വെൽറ്റിന്റെ സ്യൂട്ട്‌കേസിൽ നിന്ന് മെർസറിന്റെ പ്രണയലേഖനങ്ങൾ എലനോർ കണ്ടെത്തുകയും ചെയ്തിരുന്നു. എലനോർ പിന്നീട് ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാൽ മെർസറുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് റൂസ്‌വെൽറ്റ് ഉറപ്പുനൽകിയതിനെ തുടർന്ന് അവർ വിവാഹബന്ധം തുടർന്നു.
ജോൺ എഫ്. കെന്നഡി - വൈറ്റ് ഹൗസ് പ്രസ് ഓഫീസിൽ ഇന്റേൺ ആയി സേവനമനുഷ്ഠിച്ചിരുന്നു മിമി അൽഫോർഡ്, പ്രായപൂർത്തിയാകും മുൻപേ തനിക്ക് പ്രസിഡന്റ് കെന്നഡിയുമായി ബന്ധമുണ്ടെന്നു വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ഒരു പുസ്തകവും പുറത്തിറങ്ങിയിരുന്നു. വൈറ്റ് ഹൗസിലെ സ്വിമ്മിങ്ങ് പൂളിൽ നീന്താൻ കെന്നഡി മിമിയെ ക്ഷണിച്ചതായും അവൾക്ക് നോ പറയാൻ സാധിച്ചില്ലെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. മെർലിൻ മൺറോ ഉൾപ്പെടെ നിരവധി സ്ത്രീകളുമായി കെന്നഡിക്ക് ബന്ധമുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കിംവദന്തികൾ പ്രചരിച്ചിരുന്നു.
ലിൻഡൺ ബി ജോൺസൺ - ജോൺ എഫ്. കെന്നഡി പിൻഗാമിയായി വന്ന പ്രസിഡന്റ് ലിൻഡൺ ബി ജോൺസണെതിരെയും ഇത്തരത്തിലുള്ള പല ലൈംഗിക ആരോപണങ്ങളും ഉയർന്നിരുന്നു. ജോൺസണുമായി തനിക്ക് 20 വർഷമായി വിവാഹേതര ബന്ധമുണ്ടെന്ന് പറഞ്ഞ് മഡലീൻ ബ്രൗൺ എന്ന സ്ത്രീ രംഗത്തെത്തിയിരുന്നു. ജോൺസണിനെതിരെ ഇവരുടെ മകനും ഫയൽ ചെയ്തു. എന്നാൽ അത് പിന്നീട് പിൻവലിച്ചു. (Photo: Canva)
ജോർജ് ഡബ്ല്യു. ബുഷ്- ജോർജ് ഡബ്ല്യു. ബുഷ് ടെക്സാസ് സ്വദേശിയായ വനിതയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് വാർത്തകൾ പുറത്തു വന്നിരുന്നു. ഈ സ്ത്രീ പിന്നീട് ആത്മഹത്യ ചെയ്തു. മുൻ സ്ട്രിപ്പർ ടാമി ഫിലിപ്‌സുമായി ജോർജ് ഡബ്ല്യു. ബുഷ് 18 മാസത്തോളം ബന്ധം തുടർന്നതായും ഇത് 1999 ൽ അവസാനിച്ചെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
ബിൽ ക്ലിന്റൺ - അമേരിക്കയെ ആകെ പിടിച്ചുലച്ച ബിൽ ക്ലിന്റൺ- മോനിക്ക ലെവിൻസ്‌കി ബന്ധം ഏറെ കുപ്രസിദ്ധമാണ്. മോണിക്ക ലെവിന്‍സ്‍കിയുമായുള്ള ബന്ധം പുറത്തായതാണ് ക്ലിന്‍റന്റെ ഇംപീച്ച്മെന്‍റ് നടപടികളിലേക്ക് നയിച്ചത്. 1998-ലായിരുന്നു വിവാദം. ക്ലിന്റനുമായുള്ള ബന്ധത്തെക്കുറിച്ച് ലെവിൻസ്കി തന്റെ സഹപ്രവർത്തകയായ ലിൻഡ ട്രിപ്പിനോട് പറഞ്ഞിരുന്നു. ട്രിപ്പ് ആ ടെലിഫോൺ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നു. ക്ലിന്‍റനെതിരായ നടപടികള്‍ക്ക് പ്രധാന തെളിവായ ഫോണ്‍ റെക്കോര്‍ഡുകള്‍ ലിന്‍ഡയാണ് അന്വേഷണ കമ്മീഷന് നല്‍കിയത്.